യാത്രാവിവരണം എങ്ങനെയാണ് എഴുതേണ്ടത്? വായനക്കാർക്ക് എങ്ങനെ അത് ആസ്വാദ്യകരമാക്കാം? എങ്ങനെ നിങ്ങളെഴുതുന്ന വഴിക്കാഴ്ച, മറ്റൊരാളുടേതിൽ നിന്നും വ്യത്യസ്തമായിരിക്കാം?

ഒരു വഴിക്കാഴ്ച എഴുതുന്നതിനു മുൻപ് സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ് ഇപ്പോൾ നിങ്ങൾ വായിച്ചത്. നിങ്ങളുടെ വിവരണം വായിച്ച ഒരാൾക്ക് "എനിക്കും അവിടെ പോകണം" എന്നു തോന്നിയാൽ നിങ്ങൾ വിജയിച്ചു. ഇല്ലെങ്കിൽ നിങ്ങളുടെ വിവരണം നിലവാരം കുറഞ്ഞതാണ് എന്നു കരുതാം.

പ്രധാനമായും പോയത് എവിടെയാണെന്നും അവിടെയുള്ള ആകർഷണങ്ങൾ എന്തൊക്കെയെന്നും എല്ലാവരും എഴുത്തും. എല്ലാവരും എഴുതാത്തതും, എങ്കിൽ വായനക്കാർ ഇഷ്ടപ്പെടുന്നതുമായ ചില കാര്യങ്ങൾ ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.

നിങ്ങൾ സന്ദർശിച്ച സ്ഥലത്തിന്റെ ലഖു ചരിത്രം. ഒരുപാടു വിശദീകരിച്ചു മടുപ്പിക്കരുത്. എന്തുകൊണ്ട് നിങ്ങൾ അവിടെ പോകാൻ തീരുമാനിച്ചു? എന്താണ് ആ പ്രത്യേകത? അത് എഴുതേണ്ടതാണ്. ഉദാഹരണത്തിന് പ്രണയ ജോഡികൾക്കു പറ്റിയ സ്ഥലമാണ്, ഷോപ്പിംഗിനു പറ്റിയ സ്ഥലമാണ്, പ്രശാന്തതയുള്ള സ്ഥലമാണ്, തീർഥാടനത്തിനു പറ്റിയ സ്ഥലമാണ് etc.

അവിടെ എങ്ങനെ എത്തിച്ചേരാം എന്നത് യാത്ര ഇഷ്ടപ്പെടുന്നവർ തിരയുന്ന കാര്യമാണ്. പൊതു ഗതാഗത സൗകര്യം (Public transport) ഉപയോഗിച്ച് എങ്ങനെ അവിടെയെത്താം?, എങ്ങനെ അവിടെ ചുറ്റിക്കറങ്ങാം?, സ്വന്തം വാഹനത്തിൽ പോകുന്നവർക്ക് എവിടെ വാഹനം പാർക്കു ചെയ്യാം? ഇതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഭക്ഷണത്തിന്റേതാണ്. എന്താണ് ആ സ്ഥലത്തെ ഭക്ഷണ സംസ്കാരം? എവിടൊക്കെ നല്ല ഭക്ഷണം ലഭിക്കും? ചെലവ് കുറഞ്ഞ എങ്ങനെ, എവിടെ നിന്നും ഭക്ഷണം ലഭിക്കും?

മറ്റൊരു പ്രധാനപ്പെട്ട കാര്യം താമസത്തിന്റേതാണ്. ചെലവ് കുറഞ്ഞ, വൃത്തിയുള്ള താമസ സൗകര്യം എവിടെ ലഭിക്കും. നിങ്ങൾ താമസിച്ചത് എവിടെയാണ്. നിങ്ങൾ അവിടം മറ്റൊരാൾക്കു ശുപാർശ ചെയ്യുമോ? ബന്ധപ്പെടേണ്ട വിലാസവും, ഫോൺ നമ്പറും കൊടുക്കുന്നത് ഉപകാരപ്രദമാണ്.

നിങ്ങൾ പോയ സ്ഥലത്തെ സംസ്കാരം (culture), അവിടത്തെ ആളുകൾ ധരിക്കുന്ന വേഷം, അവിടത്തെ ആഘോഷങ്ങൾ എന്തൊക്കെയാണ്? എപ്പോളൊക്കെയാണ്? അവിടം സന്ദർശിക്കാൻ പറ്റിയ സമയം (season) ഏതാണ്? etc.

അവിടം സന്ദർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഉദാഹരണത്തിന്, ടിക്കറ്റു ഓൺലൈൻ ആയി നേരത്തേയെടുത്താൽ, മണിക്കുറുകൾ ക്യൂ നിൽക്കുന്നത് ഒഴിവാക്കാം. പോക്കറ്റടി ശല്യം കൂടുതലാണ്. വന്യമൃഗങ്ങൾ ആക്രമിക്കും etc.

ഇനിയും ശ്രദ്ധിക്കേണ്ടത്, എഴുത്തുഭാഷയാണ്. നല്ല ഭാഷയിൽ, ആശയങ്ങൾ വ്യക്തതയോടെ അവതരിപ്പിച്ചുകൊണ്ട്, ലളിതമായി എഴുതിയാൽ നിങ്ങളുടെ വഴിക്കാഴ്ച ആയിരങ്ങൾ വായിക്കും. അവർ നിങ്ങളെ ഇഷ്ട്ടപ്പെടും.

ഇനി വായനക്കാരെ കൈയിലെടുക്കാൻ ഒരു രഹസ്യം കുറിക്കാം. നിങ്ങളുടെ യാത്രയിലെ രസകരമായ അനുഭവങ്ങൾ ലളിതമായി പ്രതിപാദിക്കുക. പറ്റിയ അബദ്ധങ്ങളും, അമളികളും അല്പം നർമ്മം കലർത്തി കാച്ചിക്കോളു.