രണ്ടു വരികൾ ചേർന്ന ഈരടികളാണ് ഭാഷാകവിതയുടെ അടിസ്ഥാന ഘടകം. കവിതയിലെ വരിയെ 'പാദം' എന്നും വിളിക്കുന്നു. അപ്പോൾ രണ്ടു പാദങ്ങൾ ചേർന്നാൽ ഒരു 'ഈരടി' ആകും. ഒരു ഈരടിയിൽ ആശയം പൂർണമാകണമെന്നു നിർബന്ധമില്ല.

ഒരു വരിയിൽ പല അക്ഷരക്കൂട്ടങ്ങൾ (group of letters)   ഉണ്ട്. സംസ്‌കൃത വൃത്തങ്ങളിൽ മൂന്നക്ഷരം ചേരുന്ന അക്ഷരക്കൂട്ടത്തെ 'ഗണം' എന്നു വിളിക്കുന്നു. ഉദാ: ഇന്നലെ നീയൊരു സുന്ദര രാഗമായെൻ എന്ന വരിയിലെ 'ഇന്നലെ' എന്നത് ഒരു ഗണം, 'നീയൊരു' എന്നത് രണ്ടാമത്തെ ഗണം. ഭാഷാവൃത്തങ്ങളിൽ പൊതുവായി മൂന്നക്ഷരം ചേർന്നുള്ള അക്ഷരക്കൂട്ടത്തെ 'ഗണം' എന്നു വിളിക്കുന്നു എങ്കിലും അഞ്ചു അക്ഷരങ്ങൾ ചേർന്ന 'ഗണ'വും ഉണ്ടെന്നു കാണാം. കവിത ചൊല്ലുമ്പോൾ, താളത്തിന്റെ അടിസ്ഥാന ഘടകം (ഒരു 'അടി'  അല്ലെങ്കിൽ ഒരു 'വീശ്‌')  എടുക്കുന്ന സമയത്തിനുള്ളിൽ വരുന്ന അക്ഷരക്കൂട്ടത്തെ ഒരു 'ഗണം' എന്നു കണക്കാക്കാം. 

അക്ഷരങ്ങൾ ചേർന്നാണ് ഗണം ഉണ്ടാകുന്നത്. അക്ഷരം ഉച്ചരിക്കാൻ എടുക്കുന്ന സമയത്തെ 'മാത്ര' എന്നു സൂചിപ്പിക്കുന്നു. ഉദാ: 'ക' എന്നുച്ചരിക്കാൻ ഒരു മാത്ര. 'കാ' എന്നുച്ചരിക്കാൻ രണ്ടു മാത്ര. ഒരു 'മാത്ര' വരുന്ന അക്ഷരത്തെ 'ലഘു' എന്നും, രണ്ടു 'മാത്ര' വരുന്ന അക്ഷരത്തെ 'ഗുരു' എന്നും വിശേഷിപ്പിക്കും. 'കട' എന്ന വാക്കിലെ രണ്ടക്ഷരങ്ങളും 'ലഘു' ആണ്. 'കാര' യിൽ ഒരു 'ഗുരു'വും ഒരു 'ലഘു'വും ഉണ്ട്. 
ഒരു 'ലഘു' കഴിഞ്ഞു (വലതു വശത്തു) കൂട്ടക്ഷരമോ, ചൊല്ലക്ഷരമോ, അനുസ്വാരമോ (൦) വന്നാൽ, ആ 'ലഘു', 'ഗുരു' വായി കണക്കാക്കപ്പെടും.
'കക്ക' എന്നതിലെ 'ക' ഗുരുവായി കണക്കാക്കപ്പെടും. (കൂട്ടക്ഷരം പിന്നീടു വരുന്നു)
'കൽമണ്ഡപം' എന്നതിലെ 'ക' ഗുരുവായി കണക്കാക്കപ്പെടും. (ചില്ലക്ഷരം പിന്നീടു വരുന്നു)
'മൂകം' എന്നതിലെ 'ക' ഗുരുവായി കണക്കാക്കപ്പെടും. (അനുസ്വാരം പിന്നീടു വരുന്നു)
ചില്ലക്ഷരങ്ങൾ, അനുസ്വാരം, വിസർഗ്ഗം എന്നിവ അക്ഷരമായി കണക്കാക്കുന്നില്ല. (ഉദാ: 'കര' എന്നതിലും 'കരൾ' എന്നതിലും 'കരം' എന്നതിലും 'കര:' എന്നതിലും രണ്ടക്ഷരങ്ങൾ മാത്രമേ ഒള്ളു.

ഭാഷാവൃത്തങ്ങളിൽ ചൊല്ലുന്നതിനാണ് പ്രാധാന്യം. ഇങ്ങനെ ചൊല്ലുമ്പോൾ ഒരു മാത്രയുള്ള അക്ഷരത്തെ ചിലപ്പോൾ സൗകര്യത്തിനായി രണ്ടു മാത്ര വരത്തക്കവിധം പാടി നീട്ടാവുന്നതാണ്. അപൂർവ്വമായിട്ടാണെങ്കിലും, രണ്ടു മാത്ര വരുന്ന അക്ഷരത്തെ ചുരുക്കി ഒരു മാത്രയിൽ ചൊല്ലാവുന്നതുമാണ്.

 

കാകളി

ലക്ഷണം:
മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നോരു ഗണങ്ങളെ
എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേർ

രണ്ടു ഗുരുവും ഒരു ലഘുവും ഒത്തു ചേർന്നു 5 മാത്ര സൃഷ്ഠിക്കുന്ന 3 അക്ഷരങ്ങൾ ചേർന്ന 4 ഗണങ്ങൾ ഒന്നാം വരിയിൽ. അതേപോലെ തന്നെ രണ്ടാം വരിയും.

ഉദാ:
ശാരിക / പ്പൈതലേ / ചാരുശീ / ലേവരി
കാരോമ / ലേകഥാ / ശേഷവും / ചൊല്ലുനീ

മറ്റൊരു ഉദാഹരണത്തിന് ഇപ്രകാരം എഴുതാം

"കാകളീ / കാകളീ / കാകളീ / കാകളീ
കാകളീ / കാകളീ / കാകളീ / കാകളീ"

ഇന്നു ഞാൻ നാളെ നീ ഇന്നു ഞാൻ നാളെ നീ
എന്നും പ്രതിധ്വനിക്കുന്നിതെന്നോർമയിൽ

ദൂഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദൂഖമെന്താനന്ദ മാണെനിക്കോമനെ (ബാലചന്ദ്രൻ ചുള്ളിക്കാട്)

ശാരികേ ശാരികേ സിന്ധുഗംഗാ നദീ തീരം ...
അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം (വയലാർ)

 

മഞ്ജരി (ഗാഥാ വൃത്തം)

ലക്ഷണം:
ശ്ലഥകാകളിവൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം
രണ്ടക്ഷരം കുറച്ചീടിലതു മഞ്ജരിയായിടും

കാകളി വൃത്തത്തിലെ രണ്ടാമത്തെ വരിയിലെ അവസാനത്തെ ഗണത്തിൽ 3 അക്ഷരത്തിനു പകരം ഒരക്ഷരമേ ഒള്ളു എങ്കിൽ അതാണ് മഞ്ജരി വൃത്തം. മഞ്ജരിയെ 'ഗാഥ' എന്നും വിളിക്കും. കൃഷ്ണഗാഥ മഞ്ജരിയിലാണ്.

ഉദാ:
ഉന്തുന്തു / ന്തുന്തുന്തു / ന്തുന്തുന്തു / ന്തുന്തുന്തു,
ന്തുന്തുന്തു / ന്തുന്തുന്തു / ന്താളേയു / ന്ത്‌

ഉദാ:
ഇന്ദിരാ / തന്നുടെ / പുഞ്ചിരി / യായൊരു
ചന്ദ്രികാ / മെയ്യിൽ പ / രക്കയാ / ലെ

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ...
വാതിൽപ്പഴുതിലൂടെൻ മുന്നിൽ കുങ്കുമം ...
ഒരു ദളം മാത്രം വിടർന്നൊരു ചെമ്പനീർ ...
എന്റെ മൺ വീണയിൽ കൂടണയാനൊരു ...
താരക രൂപിണി നീയെന്നുമെന്നുടെ ...
മാണിക്ക വീണയുമായെൻ മനസ്സിന്റെ ...
ഒരു മാത്രയെങ്കിലും കാണാതെ വയ്യെന്റെ ...
 

കളകാഞ്ചി

ലക്ഷണം:
കാകളിക്കാദ്യപാദാദൗ
രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടി
ലുളവാം കളകാഞ്ചികേൾ

കാകളിയുടെ ആദ്യത്തെ വരിയിലെ രണ്ടോ മൂന്നോ ഗണങ്ങൾ, 5 മാത്രയുള്ള അക്ഷരക്കൂട്ടമായിരിക്കണം (5 ലഘു അക്ഷരങ്ങൾ).

ഉദാ:
"സകലശുക / കുലവിമല / തിലകിതക / ളേബരേ
സാരസ്യ / പീയൂഷ / സാരസർ / വസ്വമേ"

ഇതിൽ ആദ്യ വരിയിലെ ആദ്യത്തെ മൂന്നും, 5 ലഘു വീതം വരുന്ന ഗണങ്ങളാണ്.

ഉദാ:
"കചടതപ / കചടതപ / കാകളീ / കാകളീ
കാകളീ / കാകളീ / കാകളീ / കാകളീ"

അകലെയൊരു മലമുകളി ലാർദ്ര മന്ദസ്മിതം  (ശാന്ത - കടമ്മനിട്ട) 

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി ...

 

മണികാഞ്ചി

ലക്ഷണം:
കാകളി വൃത്തത്തിൽ, രണ്ടു വരികളുടെയും ആദ്യ ഗണങ്ങൾ 5 മാത്രമായുള്ള 'ലഘു' വന്നാൽ മണികാഞ്ചി.

ഉദാ:
"കചടതപ / കാകളീ / കാകളീ / കാകളീ
കചടതപ / കാകളീ / കാകളീ / കാകളീ"

 

ഊനകാകളി / മാരകാകളി / അഭിരാമി

കാകളിവൃത്തത്തിന്റെ ഈരടികളിൽ രണ്ടാം പാദത്തിന്റെ അവസാനത്തിൽ ഒരു വർണ്ണം കുറഞ്ഞ് കാണപ്പെടുന്ന വൃത്തമാണ്‌ ഊനകാകളി. ഒന്നിൽ കൂടുതൽ വർണ്ണങ്ങൾ കുറഞ്ഞാലും അത് ഊനകാകളി എന്ന വിഭാഗത്തില്പെടും. ധാരാളം നാടൻ പാട്ടുകൾ, കുറത്തിപ്പാട്ടുകൾ ഇവയിൽ പെടുന്നു.

കാകളി കാകളി കാകളി കാകളി
കാകളി കാകളി കാ... കാ...

ഒരുവട്ടം കൂട്ടിയെന്നോർമകൾ മേയുന്ന ...
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു ...
ഹിമശൈല സൈകത ഭൂമിയിൽ പണ്ടൊരു ...
പൂമുഖ വാതിൽക്കൽ സ്നേഹം നിറയ്ക്കുന്ന ...
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ ...
ഒരു നറു പുഷ്പമായെൻനേർക്കു നീളുന്ന ...

 

കേക 

ലക്ഷണം:
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ;
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ.
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും;
നടുക്കു യതി; പാദാദിപ്പൊരുത്തമിതു കേകയാം.

ഒരേപോലുള്ള രണ്ടു വരികൾ, ഓരോ വരിയിലും 14 അക്ഷരങ്ങൾ. ഈ 14 അക്ഷരങ്ങളെയും 3, 2, 2, 3, 2, 2 എന്നീ അക്ഷരങ്ങൾ വീതമുള്ള 6 ഗണങ്ങളായി തിരിക്കാം. ചൊല്ലുമ്പോൾ ഓരോ വരിയുടെയും മദ്ധ്യത്തിൽ ഒരു യതി (ചെറിയ നിറുത്തൽ / ചെറിയ ബ്രേക്ക് ചവിട്ടൽ) സ്വാഭാവികമായി ഉണ്ടാകണം.

ഉദാ: സൂര്യകാന്തി
മന്ദമ / ന്ദമെൻ / താഴും / short break / മുഗ്ദ്ധമാം / മുഖം / പൊക്കി
സുന്ദര / ദിവാ / കരൻ / short break / ചോദിച്ചു / മധു / രമായ്

ഉദാ: മാമ്പഴം 
അങ്കണ / ത്തൈമാ / വിൽനി / short break / ന്നാദ്യത്തെ / പ്പഴം / വീഴ്കെ
അമ്മതൻ / നേത്ര / ത്തിൽനി / short break / ന്നുതിർന്നൂ / ചുടു / കണ്ണീർ

 

നതോന്നത (വഞ്ചിപ്പാട്ട് വൃത്തം)

ലക്ഷണം:
ഗണം ദ്വ്യ‍ക്ഷരമെട്ടെണ്ണമൊന്നാം പാദത്തിൽ മറ്റതിൽ
ഗണമാറര, നിൽക്കേണം രണ്ടുമെട്ടാമതക്ഷരേ
ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻപേർ നതോന്നതാ.

ആദ്യത്തെ വരിയിൽ രണ്ടക്ഷരങ്ങൾ വീതമുള്ള 8 ഗണവും, രണ്ടാമത്തെ വരിയിൽ രണ്ടക്ഷരങ്ങൾ വീതമുള്ള 6 ഗണവും പിന്നെ ഒരക്ഷരവും. ഓരോ വരിയുടെയും എട്ടാമത്തെ അക്ഷരം ഗുരു ആയിരിക്കണം.

ഉദാ: കുചേലവൃത്തം വഞ്ചിപ്പാട്ട്
ആഴി / മക / ളുമൊ / രുമി / ച്ചൊരു / കട്ടി / ലില / ന്നേരം
ഏഴാം / മാളി / കമു / കളിൽ / ഇരു / ന്നരു / ളും.

 

അന്നനട

ലക്ഷണം:
ലഘുപൂർവ്വം ഗുരു പരമീമട്ടിൽ ദ്വ്യക്ഷരം ഗണം,
ആറെണ്ണം മധ്യയതിയാലർദ്ധിതം, മുറി രണ്ടിലും,
ആരംഭേ നിയമം നിത്യ, മിതന്നനടയെന്ന ശീൽ.

രണ്ടക്ഷരം വീതമുള്ള ആറു ഗണങ്ങൾ. ആദ്യത്തെ രണ്ടു ഗണങ്ങളിൽ, ലഘു - ഗുരു എന്ന ക്രമത്തിൽ അക്ഷരങ്ങൾ കർശനമായും ഉണ്ടാവണം. ശേഷം വരുന്ന ഗാനങ്ങൾ ഇങ്ങനെ ആയാൽ നല്ലതു; പക്ഷെ നിർബന്ധമില്ല. ആറു ഗണത്തിൽ, മൂന്നു ഗണം കഴിയുമ്പോൾ ഒരു ചെറിയ ബ്രേക്ക് ചവിട്ടൽ. മൊത്തത്തിൽ അരയന്നമോ, താറാവോ നടക്കുന്ന താളം.

ഉദാ:
ഹരാ / ഹരാ / ഹരാ / ശിവാ / ശിവാ / ശിവാ
പുര / ഹരാ / മുര / ഹരാ / നത / പദാ

 

തരംഗിണി (തുള്ളൽ പാട്ടുകൾ)

ലക്ഷണം:
ദ്വിമാത്രം ഗണമെട്ടെണ്ണം യതിമദ്ധ്യം തരംഗിണി.

രണ്ടു മാത്രമായുള്ള 8 ഗണങ്ങൾ ഓരോ വരിയിലും. ചില ഗണങ്ങളിൽ രണ്ടു ലഘുവും ചില ഗണങ്ങളിൽ ഒരു ഗുരുവും മാത്രമെ ഉണ്ടാവുകയുള്ളു. രണ്ടായാലും അതു ഉച്ചരിക്കാൻ 2 മാത്രയാണല്ലോ എടുക്കുന്നത്. ഓരോ വരിയുടെയും മധ്യത്തിൽ ഒരു ചെറിയ ബ്രേക്ക് ചവിട്ടൽ ഉണ്ട്.

അണി / മതി / കല / യും / സുര / വാ / ഹിനി / യും
ഫണി / പതി / ഗണ / ഫണ / മണി / കളു / മണി / യും

 

സർപ്പിണി  / പാന വൃത്തം

(മിശ്രജാതി താളം - തക തകിട)

ലക്ഷണം:
ദ്വ്യ‍ക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതിൽപരം ഗണങ്ങൾക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളിൽ മറ്റേതും സർവഗുരുവായ്‌വരാം കേളിതു സർപ്പിണീ.

ഉദാ:
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ (പൂന്താനം)

ദാഹിക്കുന്നു ഭഗിനി കൃപാരസ മോഹനം കുളിർ (ആശാൻ)


കല്യാണി

ലക്ഷണം:
കല്യാണി തഗണം മൂന്നുഗുരു രണ്ടോടുചേരുകിൽ

ഓരോ വരിയും 'ത' ഗണം, 'ത' ഗണം, 'ത' ഗണം, ഗുരു, ഗുരു എന്നു വരും.

ഉദാ:
കല്ല്യാണ / രൂപീവ / നത്തിന്നു / പോ വാ ൻ
വില്ലുംശ / രം കൈപി / ടിച്ചോരു / നേ രം
മെല്ലെ പു / റപ്പെട്ടു / പിന്നാലെ / സീ താ
കല്യാണി / നീ ദേവി / ശ്രീരാമ / രാ മാ.

 

വടക്കൻപാട്ടു വൃത്തം

മാവേലി നാടുവാണീടും കാലം
ആറ്റും മണമ്മേലെ ഉണ്ണിയാർച്ച (വടക്കൻ പാട്ടുകൾ)
സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം
കാനനഛായായിൽ ആടുമേയ്ക്കാൻ,
ഞാനും വരട്ടെയോ നിന്റെകൂടെ ( രമണൻ - ചങ്ങമ്പുഴ)

 


ബധിരവിലാപം - പുഷ്പിതാഗ്ര
മഗ്ദലനമറിയം - മഞ്ജരി
കൊച്ചു സീത - കാകളി
സുന്ദരകാണ്ഡം - കളകാഞ്ചി
കർണ്ണ പർവം - അന്നനട
കരുണ - നതോന്നത
വീണപൂവ്- വസന്തതിലകം
ചിന്താവിഷ്ടയായ സീത - വിയോഗിനി
കൃഷ്ണഗാഥ - മഞ്ജരി 
മാമ്പഴം - കേക 
കുചേലവൃത്തം വ‍ഞ്ചിപ്പാട്ട് - നതോന്നത  
നളിനി - രഥോദ്ധത
സൂര്യകാന്തി - കേക