മൊഴിയിലെ എഴുത്തുകാർക്ക് എഡിറ്റോറിയൽ ബോർഡ് നൽകിയ ചില പ്രതികരണങ്ങളും, നിർദ്ദേശങ്ങളും ഇവിടെ കൊടുക്കുന്നു. ഇത് എല്ലാ എഴുത്തുകാർക്കും, അവരുടെ എഴുത്തിനെ ശക്തിപ്പെടുത്താൻ സഹായിക്കും. സ്ഥിരമായി ഇതിൽ പുതിയ പ്രതികരണങ്ങൾ ചേർത്തുകൊണ്ടിരിക്കും. എഴുത്തുകാരുടെ സ്വകാര്യത മാനിക്കുന്നതിനാൽ, അവരുടെ പേരോ, രചനയുടെ പ്രത്യക്ഷ പരാമർശമോ ഇവിടെ ഉണ്ടാകില്ല..

പ്രിയപ്പെട്ട *****

... എന്ന കഥ ലഭിച്ചു. ആദ്യ പാരഗ്രാഫ് വായിക്കുമ്പോൾ തന്നെ, അവസാനം എന്തായിരിക്കും എന്ന് വായനക്കാർക്കു പിടികിട്ടും. കാരണം കഥവായിച്ചു തുടങ്ങും മുൻപേ, അതിന്റെ ടൈറ്റിൽ വായിക്കുമല്ലോ. ഇതൊരു പോരായ്മയായിട്ടല്ല ചൂണ്ടിക്കാണിക്കുന്നത്. ടൈറ്റിൽ വായിക്കുന്ന ആൾക്കു കഥ വായിക്കാനുള്ള പ്രേരണ ഉണ്ടാകണം. കഥ വായിച്ചു തുടങ്ങുമ്പോൾ, അതിന്റെ അവസാനം എന്തെന്നറിയാൻ ആകാംക്ഷ ഉണ്ടാവണം. എങ്കിലേ വായന ഒരു ലഹരിയായി മാറുകയുള്ളൂ. ഞാനായിട്ട് ടൈറ്റിൽ മാറ്റുകുന്നില്ല. ആ കൃത്യം കഥാകാരി തന്നെ ചെയ്യുന്നതാണ് ശരി.


പ്രിയപ്പെട്ട *****

'*****' എന്ന കഥ പ്രസിദ്ധപ്പെടുത്തിയെങ്കിലും, അതിലെ ചില അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്ണ്ട്. കഥയുടെ തുടക്കം ഇങ്ങനെയാണ്.

"**** *****".

ഇതിൽ ***** ഉം, ***** ഉം first person ആയി കഥ പറയുന്നു. അവസാനം കഥാകാരി third person ആയി എത്തുന്നു. വായനക്കാരെ ഇതു കുഴപ്പത്തിൽ ചാടിക്കുന്നു. ഒന്നുകിൽ first person ആയി മുഴുവൻ കഥയും ഒരാൾ പറയുക. അല്ലെങ്കിൽ third person ആയി മുഴുവൻ കഥയും പറയുക. ആവശ്യമുണ്ടെങ്കിൽ " " (speech marks) ഇട്ടു മറ്റുള്ളർവർ പറഞ്ഞതു പറയുക. അല്ലെങ്കിൽ reported speech ൽ മറ്റുള്ളർവർ പറഞ്ഞതു പറയുക. ഒരേസമയം രണ്ടു പേർ first person ആയി കഥ പറയുന്നതെങ്ങനെയാണ്? അതോടോപ്പം അനാവശ്യമായ punctuation എടുത്തുമാറ്റുക. ഒരുപാടു കുത്തുകൾ ഇടുന്നതു കഥയെ ഒരുപാടു വേദനിപ്പിക്കും!

ഇതൊക്കെ ശരിയെന്നു തോന്നുന്നുവെങ്കിൽ തിരുത്തി വീണ്ടും സമർപ്പിക്കുക.


പ്രിയപ്പെട്ട *****

******** എന്ന കഥ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. എനിക്കു വളരെ ഇഷ്ടപ്പെട്ടു. എന്നാൽ കഥയിലെ 'കാലം' നമ്മെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.

'ഇന്നലെ അമ്മയുടെ കത്തു കിട്ടുന്നു.'
അതിനുശേഷം ലീവു കിട്ടുന്നു.
അമ്മയ്ക്കുള്ള കത്ത് 'അന്നത്തെ തീയതി **/ **/ **** രേഖപ്പെടുത്തി ശിപ്പായിയെ ഏൽപ്പിച്ചു'
പിന്നീട് നാട്ടിലേക്കു യാതചെയ്യുന്നു.
രാത്രിയിൽ അയാൾ യാത്രയിലാണ്.
നാട്ടിലെ സ്റ്റേഷനിൽ ******* കാത്തിരിക്കുന്നു. (അപ്പോൾ രാത്രിയാണ് )
വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞി കുടിക്കുന്നു.
അപ്പോൾ കഥപറയുന്ന ആൾ ഭൂതകാലത്തിലെത്തിക്കഴിഞ്ഞു.
അപ്പോൾ അമ്മയ്‌ക്കെഴുതിയ കത്ത് എന്നാണു കിട്ടുന്നത്? നാളെ.

'ഇന്നലെ' എന്ന കാലസൂചികയും, 'അന്നത്തെ തീയതി **/ **/ ****' എന്ന അടുത്ത കാല സൂചികയും തമ്മിൽ ചേരുന്നില്ല. ഇന്നലെ എന്നാൽ yesterday. അല്ലെങ്കിൽ ഏതുകാലത്തെ ഇന്നലെയാണ് എന്നു വ്യക്തമാക്കണം.

formatting കഴിഞ്ഞു പബ്ലിഷ് ചെയ്യാൻ തയാറാക്കിയതാണ്. പക്ഷെ, സൂക്ഷിച്ചുവായിക്കുന്നവർക്കു ഈ കുഴപ്പം പിടികിട്ടും. അതൊരു പോരായ്മയായി വിമർശിക്കപ്പെടാം. തന്നെയുമല്ല, തെറ്റുണ്ടെങ്കിൽ തിരുത്തുകയല്ലേ ഏറ്റവും മികച്ച solution. എനിക്കു തെറ്റു പറ്റിയതാണെങ്കിൽ, ദയവായി തിരുത്തുക. അല്ലെങ്കിൽ കഥ തെറ്റു പരിഹരിച്ചു ദയവായി വീണ്ടും സമർപ്പിക്കുക.

Please do not get offended.

[എഡിറ്റോറിയൽ ബോർഡിനു ലഭിച്ച മറുപടി:
നമസ്ക്കാരം, ****** എന്ന കഥ വായിച്ച് അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ട്. സൂക്ഷ്മമായ വായനക്ക് നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇത്തരം നിർദേശങ്ങൾ എഴുതുന്നതിന് രാസത്വരകമാണ്. തിരുത്തലുകൾ വരുത്തി ഉടനെ അയക്കുന്നതാണ്. എന്ന്. വിശ്വാസ പൂർവ്വം ********]


******* എന്ന രചന ലഭിച്ചു. ഭംഗിയായി എഴുതാനറിയാം. പിന്നെ എന്താണ് ഇങ്ങനെ? എഴുതാൻ തുനിഞ്ഞതു കഥയാണെങ്കിലും, എഴുതിക്കഴിഞ്ഞതിൽ കഥ ഇല്ലാതെ പോയി. ഭംഗിയുള്ള കുറച്ചു വാചകങ്ങൾ മാത്രം. ഇതിൽ 'പ്ലോട്ട്' എവിടെ? സംഭവങ്ങൾ (events) എവിടെ? വായനക്കാരെ ഇനിയും വായിക്കണം എന്നു തോന്നിപ്പിക്കുന്ന എന്താണുള്ളത്?

തളർത്താൻ വേണ്ടിയല്ല ഈ വിമർശനം. എഴുതി മുന്നേറാനാണ്. നല്ല നിരൂപകർ പ്രശംസിച്ച ഏതെങ്കിലും ഒരു കഥ പലവട്ടം വായിക്കുക. അതിന്റെ കഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പി ച്ചിരിക്കുന്നതെന്നും, സംഭവങ്ങൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നതെന്നും, കഥയുടെ മർമ്മം എങ്ങനെയാണ് കഥാകൃത്തു പ്രത്യക്ഷമാക്കാതെ വായനക്കാരെ നയിച്ചുകൊണ്ടു പോയത് എന്നും, കഥയുടെ പേരും (title) കഥയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും,  കഥയിലെ വൈകാരിക ഉയർച്ച-താഴ്ചകൾ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്നും  മനസ്സിലാക്കുക. ഇതിനുശേഷം എഴുതുന്ന കഥ പലവട്ടം തിരുത്തി മനോഹരമാക്കുക. മുഖം നോക്കാതെ സത്യം പറയുന്ന, കൊള്ളാവുന്ന വായനക്കാരെക്കൊണ്ട് വായിപ്പിച്ച  ശേഷം അവരുടെ അഭിപ്രായം ആരായുക. മോശമായ അഭിപ്രായം കേട്ടാൽ തളരാതിരിക്കുക. വീണ്ടും എഴുതുക. 

നല്ലതുവരട്ടെ!


******* 

നോവൽ ഗംഭീരമായി തുടങ്ങി. നാടകീയത മുറ്റി നിൽക്കുന്ന, ഉദ്വേഗം ജനിപ്പിക്കുന്ന സംഭവപരമ്പരകൾ. മനോഹരം എന്നാൽ എല്ലാ സംകീർണതകളെയും നിസ്സാരമാക്കുന്ന തരത്തിൽ 'ബലൂൺ പൊട്ടി കാറ്റു പുറത്തുപോകുന്നതുപോലെ' നോവൽ നിസ്സാരമായി അവസാനിപ്പിച്ചുകളഞ്ഞു.

തുടക്കത്തിലുള്ള complexity, കുറച്ചെങ്കിലും അവസാനത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന് വായനക്കാർ ആശിച്ചുപോലുന്നു. കാൻസർ വന്നു അത്യാസന്ന നിലയിലായ രോഗി, ഒരു ഗ്ളാസ് പച്ചവെള്ളം കുടിച്ചപ്പോൾ പൂർണ്ണ ആരോഗ്യവാനായി എന്നു കേൾക്കുമ്പോൾ തോന്നുന്ന അവിശ്വാസം നോവലിന്റെ പരിണാമഗുപ്തിയിൽ തോന്നിപ്പോകുന്നു. അവസാന ഭാഗം കുറച്ചുകൂടി ഭംഗിയാക്കാമോ?


സുഹൃത്തേ,

******** എന്ന വീക്ഷണത്തിൽ നിറയെ അക്ഷരത്തെറ്റുകളാണല്ലോ! കുറച്ചു തെറ്റുകൾ വരുത്തിക്കോളൂ, മൊഴിയുടെ എഡിറ്റർ അതു തിരുത്തിക്കോളും. മിക്കവാറും എല്ലാ വാചകങ്ങളിലും അക്ഷരത്തെറ്റാണെങ്കിലോ? ദയവായി അക്ഷരതെറ്റുകൾ തിരുത്തി വീണ്ടും സമർപ്പിക്കുക. തീർച്ചയായും പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഉറപ്പ്.


സുഹൃത്തേ,

കഥ പറഞ്ഞു വരുന്ന കൂട്ടത്തിൽ കഥാകൃത്തിന്റെ ലോകവീക്ഷണം അവതരിപ്പിച്ചിരിക്കുന്നു. അതും നേരിട്ട്, വളരെ പ്രകടമായിത്തന്നെ. ചുരുക്കിപ്പറഞ്ഞാൽ കഥ ഇപ്പോൾ ലേഖനം ആയി മാറി. കഥയിലൂടെ ലോക വീക്ഷണം ഒളിപ്പിച്ചു കടത്താം. അതു കഥാകൃത്തിന്റെ പരസ്യ പ്രസ്താവന ആകാൻ പാടില്ല. 


സുഹൃത്തേ,

നിങ്ങളുടെ രചനയുടെ ടൈറ്റിൽ മാത്രമേ ലഭിച്ചിട്ടുള്ളൂ. രചനയുടെ ബോഡി ഒന്നുകിൽ സമർപ്പിച്ചിട്ടില്ല, അല്ലെങ്കിൽ തെറ്റായ ഇടത്തിൽ (field ൽ) സമർപ്പിച്ചു. എങ്ങനെ രചന സമർപ്പിസിക്കാം എന്നു ഇനിയുള്ള ലിങ്കിൽ നിന്നും മനസ്സിലാക്കിയശേഷം വീണ്ടും സമർപ്പിക്ക്കുക.  

എങ്ങനെ രചന സമർപ്പിക്കാം?: https://www.mozhi.org/index.php/faq/522-how-to-submit-article.html


സുഹൃത്തേ,

'*********' എന്ന രചന എഡിറ്റോറിയൽ ബോർഡ് സ്വീകരിച്ചില്ല. രണ്ടു പ്രധാന കാരണങ്ങൾ ഉണ്ട്.

1. Punctuation ഉപയോഗിച്ചിട്ടില്ല. പല സംഭാഷണങ്ങളും ആരാണു പറയുന്നത് എന്നു വ്യക്തമല്ല. കഥാപാത്രങ്ങളുടെ സംഭാഷണം ഏതാണ്, രചയിതാവിന്റെ വിവരണം ഏതാണ് എന്ന് പലപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ല.

2. ഈ രചന, കഥയാണോ നിരീക്ഷണമാണോ എന്നു വ്യക്തമല്ല. വായിച്ചു തുടങ്ങുമ്പോൾ കഥയാണെന്നു തോന്നും. അവസാനം എത്തുമ്പോൾ അതൊരു നിരീക്ഷണമായി മാറും. കഥയിലൂടെ സാമൂഹ്യ  നിരീക്ഷണവും, സാമൂഹ്യ വിമർശനവും പാടില്ല എന്നു പറയുന്നില്ല. പക്ഷെ എഴുത്തുകാരി അതു വായനക്കാരോടു നേരിട്ടു പറയുമ്പോൾ അതു കഥയല്ലാതെയാവും.

സാധാര ഗതിയിൽ reject ചെയ്തതിന്റെ കാരണം രചയിതാവിനെ അറിയിക്കില്ല. അതിനുള്ള സമയം കിട്ടാറില്ല. ******** നന്നായി എഴുതുന്നുണ്ട്. ശ്രമിച്ചാൽ മികച്ച എഴുത്തുകാരിയാകാം. മുകളിൽ സൂചിപ്പിച്ച പ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതാണ്. അവ പരിഹരിച്ചു വീണ്ടും സമർപ്പിക്കുക.


എന്റെ രചന പ്രൈം -ൽ എന്താണ് വരാത്തത്? (May 2022)

Dear .....,

പ്രൈം -ൽ വരുന്ന രചനകളുടെ ഗുണനിലവാരത്തെപ്പറ്റി വായക്കാരുടെ പരാതികൾ തുടർച്ചയായി ലഭിച്ച സാഹചര്യത്തിൽ എഡിറ്റോറിയൽ ബോർഡ് quality checking ൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. എഴുത്തുകാരെപ്പോലെ തന്നെ വായക്കാരുടെ താല്പര്യവും സംരക്ഷിക്കപ്പെടേണ്ടതല്ലേ?

രചനകൾ എഴുതിയ ശേഷം, അതൊരു വായക്കാരിയുടെ പക്ഷത്തുനിന്നും വായിച്ചുനോക്കിക്കുക. പുതുമയുണ്ടോ? രസാനുഭൂതി ജനിപ്പിക്കുന്നുണ്ടോ? താളാത്മകമായ ഭാഷയാണോ? ഭാഷയിൽ തെറ്റുണ്ടോ? ഓർമയിൽ തങ്ങിനിൽക്കാനുതകുന്ന plot ആണോ? sub-plots ഉണ്ടോ? എന്നൊക്കെ പരിശോധിക്കുക. അങ്ങനെ പലതും ചേർന്നാണ് ഔന്നത്യമുള്ള രചനകൾ ഉണ്ടാകുന്നത്.

എന്തെഴുതിയാലും അതു കവിതയാണ് എന്നു വാദിക്കാവുന്ന ഒരു ലോകത്തു, വായനക്കാർക്ക് അനുഭൂതി ഉളവാക്കുന്ന കവിതകൾ തെരുഞ്ഞെടുത്തു കാഴ്ചവയ്ക്കുക എന്നത് തികച്ചും ദുഷ്കരമായ പ്രവർത്തിയാണ്.

You have great potential in writing. So take it as a challenge and move to the next level. I know you can. We want more Prime and Outstanding articles in Mozhi. 


പ്രിയപ്പെട്ട ......

ഇമെയിൽ വഴി നിങ്ങൾ അയച്ച രചന കണ്ടു. മൊഴിയിലേക്കുള്ള രചനകൾ ഇമെയിൽ വഴിയോ, WhatsApp വഴിയോ സ്വീകരിക്കില്ല എന്ന് വിനയപൂർവം അറിയിക്കട്ടെ. എഴുത്തുകാർ തങ്ങളുടെ രചനകൾ മൊഴിയിൽ നേരിട്ടു സമർപ്പിക്കുകയാണ് വേണ്ടത്. അതിനായി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് അല്ലെങ്കിൽ ഫേസ്ബുക് അക്കൗണ്ട് ഉപയോഗിച്ചു മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചന സമർപ്പിക്കാവുന്നതാണ്. ഇതു രണ്ടുമില്ലാത്തവർ, പ്രധാന നാവിഗേഷണനിലുള്ള LOGIN ലിങ്ക് വഴി രജിസ്റ്റർ ചെയ്യുകയും, അക്കൗണ്ട് ആക്റ്റീവ് ആയതിനുശേഷം അതേ മാർഗത്തിലൂടെ ലോഗിൻ ചെയ്യേണ്ടതുമാണ്.

ലോഗിൻ ചെയ്തുകഴിഞ്ഞാൽ പ്രത്യക്ഷപ്പെടുന്ന 'യൂസർ മെനുവിൽ' രണ്ടു ലിങ്കുകൾ ഉണ്ടായിരിക്കും. 'എന്റെ പ്രൊഫൈൽ' ലിങ്കു വഴി, നിങ്ങളുടെ പ്രൊഫൈൽ എഡിറ്റു ചെയ്യാവുന്നതാണ്. 'രചന സമർപ്പിക്കുക' എന്ന ലിങ്കു വഴി നിങ്ങളുടെ കഥയോ, കവിതയോ, മറ്റു രചനകളോ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇനിയുള്ള ലിങ്കുകൾ സഹായകമാകും.

എങ്ങനെ രചന സമർപ്പിക്കാം?: https://www.mozhi.org/index.php/faq/522-how-to-submit-article.html

മൊഴി പബ്ലിഷിംഗ് ഗൈഡ്: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html

പൊതുവായ സംശയങ്ങളും ഉത്തരങ്ങളും: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html


പ്രിയപ്പെട്ട ******,

ഭാഷ കുറച്ചുകൂടി ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. ലഭിച്ച കുറിപ്പിൽ നിന്നും ചില ഭാഗങ്ങൾ കൊടുത്തിരിക്കുന്നു. ചെറിയ രീതിയിൽ അവ തിരുത്തിയെഴുതിയതും ഒപ്പം കാണാം.

ഞാൻ ഏറ്റവും കൂടുതൽ തവണ പോയിട്ടുള്ള സ്ഥലമാണ് ഊട്ടി, കൊടൈക്കനാൽ.
ഞാൻ ഏറ്റവും കൂടുതൽ തവണ പോയിട്ടുള്ള സ്ഥലങ്ങളാണ് ഊട്ടിയും കൊടൈക്കനാലും. (രണ്ടും രണ്ടു സ്ഥലങ്ങളാണ്).

വളവും തിരിവും അടുത്തടുത്തുള്ള ചുരങ്ങളിലൂടെയുള്ള യാത്ര... വഴിയരികിൽ ഒരു കാടിൻ്റെ പ്രതീതി ഉണർത്തും വണ്ണം തട്ടുകളായി തിരിച്ച മൺകൂട്ടങ്ങളിൽ നിറയെ വിവിധ തരം മരങ്ങളാൽ സമൃദ്ധം. (വാചകം പൂർണമല്ല. വാചകത്തിൽ തെറ്റുണ്ട്.)

വളവുകളും തിരിവുകളും ഉള്ള ചുരങ്ങളിലൂടെയുള്ള യാത്ര വളരെ ഹൃദ്യമാണ്. തട്ടു തട്ടായി വിവിധ മരങ്ങളാൽ സമൃദ്ധമായ ഭൂപ്രദേശം ഒരു കാടിന്റെ പ്രതീതി ജനിപ്പിക്കും.

റോഡിന്റെ വശത്തുള്ള ഭിത്തികളിൽ ഇരുന്നു കാഴ്ചകൾ കാണുകയും മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ഒഴുകി നടക്കുന്ന കുരങ്ങന്മാർ, അവരുടെ കുസൃതികൾ അവരങ്ങനെ വശങ്ങളിലും മരങ്ങളിലും ഇരുന്നു കൊണ്ട് വഴിയോര കാഴ്ച സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

റോഡിന്റെ വശങ്ങളിലും, മരങ്ങളിലും ചാടി നടക്കുന്ന (ഒഴുകി നടക്കുന്ന) കുരങ്ങന്മാൻ അവരുടെ കുസൃതികളാൽ നമ്മെ സന്തോഷിപ്പിക്കുന്നു.

നാം ചുരങ്ങളുടെ പകുതിയിൽ എത്തി താഴോട്ട് നോക്കിയാൽ കാണാം കൊച്ചു കൊച്ചു വീടുകളും കെട്ടിടങ്ങളും താഴെ നിന്നും തല ഉയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ ആണെങ്കിലും ഉയരങ്ങളിൽ എത്തി കഴിയുമ്പോൾ നമ്മുക്കത് വളരെ ചെറുതായി മാത്രം തോന്നുന്നു.

ചുരം കയറുമ്പോൾ താഴേയ്ക്ക് നോക്കിയാൽ, ദൂരെയായി തീപ്പെട്ടിക്കൂടുപോലെ വീടുകൾ കാണാം.

ചെറിയ ചെറിയ വാചകങ്ങൾ എഴുതി തുടങ്ങുക. ഓരോ വാചകത്തിലും ഒരു ക്രിയാപദം എങ്കിലും ഉണ്ടായിരിക്കണം. MT വാസുദേവൻ നായരുടെയോ, സാറാജോസഫിന്റെയോ ഏതെങ്കിലും ഒരു കഥ പല തവണ വായിക്കുക. വാചകങ്ങൾ എങ്ങനെയാണ് നിർമ്മിച്ചിരിക്കുന്നത് എന്നു ശ്രദ്ധിക്കുക. അതേപോലെ വാചകങ്ങൾ ഉണ്ടാക്കി ശീലിക്കുക. എങ്ങനെ ചെയ്‌താൽ എഴുത്തു മെച്ചപ്പെടും. ദയവായി ശ്രമിക്കുക.

എങ്ങനെ രചന സമർപ്പിക്കാം