ചരിത്രത്തിനു മുഖംതിരിഞ്ഞു നിൽക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു വർത്തമാന കേരളം. ചരിത്ര ബോധമില്ലാത്ത തലമുറ കാലത്തിനും സമൂഹത്തിനും ഒരു ബാധ്യതയായിത്തീരും എന്നാണ് ലോകത്തിന്റെ മുന്നനുഭവങ്ങൾ. 

കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ വ്യക്തതകളേക്കാൾ അവ്യക്തതകൾ നിറഞ്ഞുനിൽക്കുന്ന ഒരു ഭൂതകാലമാണുള്ളത്. വിവരങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന ശീലമില്ലാതിരുന്നതും അന്വേഷണങ്ങളിലെ അലംഭാവവുമെല്ലാം  ചേർന്ന് ഒരു ഇരുണ്ട ഭൂതകാലമാക്കിയിരിക്കുന്നു നമ്മുടെ ഇന്നലെകൾ. രേഖപ്പെടുത്തിയവയാകട്ടെ അതിശയോക്തിയും ഭാവനാവിലാസങ്ങളും ചേർന്ന് സത്യമേത് അസത്യമേത് എന്നു തിരിച്ചറിയാൻ പറ്റാത്ത രീതിയിലും. അങ്ങനെയൊക്കെയാണെങ്കിലും കാലം പ്രകൃതികല്പിതമായ ചോദനയാൽ ചില അറിവുകളും അടയാളങ്ങളും വ്യത്യസ്ത രൂപത്തിൽ നമുക്കുചുറ്റും ബാക്കി വച്ചിട്ടുണ്ടാകും. അവ കണ്ടെത്തി വിശകലനം ചെയ്യാൻ പ്രാപ്തിയും ത്വരയുമുള്ള ആളുകൾ ഉണ്ടാവണമെന്നു മാത്രം. അപ്രകാരം കേരളസംസ്കാരത്തിന്റെ ഇന്നലെകളെ വ്യക്തമാക്കിത്തരുന്ന ഒന്നാണ് ശ്രീ. വി .എം. കുട്ടിക്കൃഷ്ണമേനോൻ രചിച്ച "കലയും വിദ്യയും കാഴ്ചപ്പാടുകളിലൂടെ"എന്ന അമൂല്യ ഗ്രന്ഥം. കേരള സാഹിത്യ അക്കാദമി 1997 ലാണ് ഇതു പ്രസിദ്ധീകരിച്ചത്.

നടനകലാ പഠനത്തിലൂടെ ഭാരതത്തിന്റെ, പ്രത്യേകിച്ച് കേരളത്തിന്റെ, സാംസ്‌കാരിക പാരമ്പര്യത്തിന്റേയും നാട്ടറിവുകളുടേയും അടിവേരുകൾ കണ്ടെത്താൻ സഹായിക്കുന്ന ഗൗരവമേറിയൊരു പഠനമാണിത്. നരവംശ ശാസ്ത്രത്തിന്റെ പിൻബലത്തോടെയുള്ള ഈ ചരിത്ര പഠനരീതി മലയാളത്തിലെ ആദ്യത്തെ ശ്രമമാണെന്നു തോന്നുന്നു. അതുകൊണ്ടുതന്നെ ഇത്‌ ഏറെക്കുറെ ആധികാരികവുമാണ്.

മലയാളഭാഷയ്ക്കും സാഹിത്യത്തിനും അനശ്വരമായ സംഭാവനകൾ നൽകിയ ശ്രീ. രാമവർമ്മ അപ്പൻതമ്പുരാന്റേയും അമ്പാട്ട് വടക്കേമുടവക്കാട്ട് നാണിക്കുട്ടി അമ്മയുടേയും മകനായി 1907 ഒക്ടോബർ മാസത്തിലായിരുന്നു ശ്രീ.കുട്ടിക്കൃഷ്ണമേനോന്റെ ജനനം. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിലും എറണാകുളം മഹാരാജാസ് കോളജിലും അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കേരളവർമ്മ അമ്മാവൻ തമ്പുരാന്റെ കീഴിൽ വിഷ ചികിത്സയും ബാലചികിത്സയും പഠിച്ചു.തുടർന്ന് അഷ്ടാംഗ ഹൃദയത്തിലും പാണ്ഡിത്യം നേടി. സാഹിത്യ - ആയുർവ്വേദ സംബന്ധിയായ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. 1995 ആഗസ്ററ് 16 നു നിര്യാതനായി.

നടനകലാ പഠനങ്ങൾ, സാഹിത്യ ലേഖനങ്ങൾ, ആയുർവ്വേദ പഠനങ്ങൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായി 32അദ്ധ്യായങ്ങളാണ് "കലയും വിദ്യയും കാഴ്ചപ്പാടുകളിലൂടെ "എന്ന ഗ്രന്ഥത്തിലുള്ളത്.

ഒന്നാം ഭാഗത്തിലെ 'നടനകലാ പഠനങ്ങളി'ൽ എട്ടദ്ധ്യായങ്ങളുണ്ട്. ലോകത്തിലേയും ഇന്ത്യയിലെയും കേരളത്തിലെയും നടനകലകളുടെ ചരിത്രം,വിവിധ ശാസ്ത്രീയ - ഗ്രാമീണ നൃത്തകലകളുടെ വികാസ പരിണാമങ്ങൾ, കൊടുക്കൽ വാങ്ങലുകൾ, പാശ്ചാത്യ -പൗരസ്ത്യ കലകളുടെ താരതമ്യം എന്നിവയോടൊപ്പം നടനകലയുടെ നരവംശ ശാസ്ത്രം കൂടി ഈ ഭാഗത്തിൽ ചർച്ച ചെയ്യുന്നു. മദ്രാസ് യൂണിവേഴ്സിറ്റി ഓറിയൻറ് റിസർച്ച് ഇൻസ്ററിട്യൂട്ടിൽ ഡോ. ചേലനാട്ട് അച്യുത മേനോന്റെ കീഴിൽ 'കേരളത്തിലെ നടനകല 'എന്ന വിഷയത്തിൽ ആദ്യത്തെ ഗവേഷണ വിദ്യാർത്ഥി ആയി ചേർന്ന ഗ്രന്ഥകാരൻ 1934ൽ പ്രബന്ധം പൂർണമാക്കിയെങ്കിലും സമർപ്പിക്കാൻ കഴിഞ്ഞില്ല. പിന്നീട് 1957ലാണ് അത് പ്രസിദ്ധീകരിക്കുന്നത്. അപ്പോഴേക്കും അതിന്റെ ചില പ്രധാന ഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നു.ഇത്തരമൊരു പഠനത്തിനായി അദ്ദേഹം പരിശോധിച്ച പുസ്തകങ്ങളുടെ വ്യാപ്തി നമ്മെ അമ്പരപ്പിക്കുന്നതാണ്. അതിൽ വിദേശീയവും ദേശീയവുമായ വലിയൊരു നിര തന്നെയുണ്ട്. ഇതിനുവേണ്ടി അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ സമർപ്പണമനോഭാവത്തിനു മുമ്പിൽ നാം കലകുനിച്ചുപോകും.

നടനകലയുമായി ബന്ധപ്പെട്ട ഒന്നാം ഭാഗത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ, അവയിൽ പലതും ഇതുവരെ നാം കേട്ടറിഞ്ഞ അറിവുകളെ കീഴ്മേൽ മറിക്കുന്നവയാണ്, നമുക്ക് താഴെപ്പറയുന്ന രീതിയിൽ സംഗ്രഹിക്കാം :

1.ലളിത കലകളിൽ വച്ച് ശ്രേഷ്ഠമായത് നാട്യകലയാണ്.

2. 'ഭാരതീയ കലയ്ക്ക് ഒരു വ്യക്തമായ അർത്ഥവും നിശ്ചിതമായ ഉദ്ദേശ്യവുമുണ്ട്. കലാസൃഷ്ടിയിലുള്ള ആനന്ദത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവർത്തനത്തിന് അവിടെ സ്ഥാനമില്ല. കലയെക്കുറിച്ചല്ല, മനുഷ്യസമുദായത്തെക്കുറിച്ചുള്ള സ്നേഹമാണ് ഭാരതത്തിലെ കലാനിർമ്മാണത്തിനു നിദാനം. '

3.വിജ്ഞാനത്തെയല്ലാതെ സ്വന്തം യശസ്സിനെ പ്രചരിപ്പിക്കുവാൻ ഭാരതീയ പണ്ഡിതന്മാർക്ക് ഒരിക്കലും ഉദ്ദേശ്യമുണ്ടായിരുന്നില്ല.അതുകൊണ്ടാണ് അവർ പലപ്പോഴും കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ദൈവങ്ങളെ കൂട്ടുപിടിച്ചത്.

4.മാക്സ്മുള്ളർ, വിൻഡിഷ് തുടങ്ങിയ പാശ്ചാത്യ ചിന്തകന്മാർ സൂചിപ്പിച്ചതു പോലെ ഭാരതീയ നാട്യകല ഋഗ്വേദത്തിൽ നിന്നുടലെടുത്തു എന്നു പറയുന്നത് തെറ്റാണ്.

5.നൃത്തം ഒരുകാലത്തും ഒരു ദേശത്തും മതത്തിൽ നിന്നല്ല ഉത്ഭവിച്ചിട്ടുള്ളത്. നൃത്തം മതത്തിന്റെ സന്താനമല്ല, ഒരു സഖി മാത്രമാണ്.

6.ഭാരതീയ നാട്യകലയുടെ ജന്മഭൂമി ഗ്രീസാണെന്ന സിദ്ധാന്തം പരിഹാസ്യമാണ്.

7.കലകളുടെ മാതാവായ നൃത്തമാണ് അന്യരാജ്യങ്ങളിലെന്നപോലെ ഭാരതത്തിലെ നാട്യകലയുടെയും പൂർവ്വരൂപം.

8.പാണിനിയുടെ കാലമായ ബി. സി. നാലാം നൂറ്റാണ്ടിനു മുമ്പുതന്നെ ഭാരതീയ നാട്യകല വളരെയേറെ വികസിച്ചിരുന്നു.

9.നൃത്തത്തിന്റെ പ്രാക് രൂപം ഏതുദേശത്തേയും പോലെ കേരളത്തിലും അപരിഷ്‌കൃതരായ ആദിമനിവാസികളിലാണ് കാണുക. കേരളത്തിലെ ആദിമ നാട്യത്തിന്റെ സ്വരൂപവും സ്ഥാനവും ഇതുതന്നെ.

10.വിവിധ സംസ്കാരങ്ങളുടെ ഉത്ഭവത്തേയും പ്രവർത്തനകാലത്തേയും കണക്കാക്കുവാൻ കലാപരിശോധന സഹായകമാണ്.

11.ഭാരതീയസംസ്കാരത്തിൽ രണ്ടു വ്യത്യസ്ത വിഭാഗങ്ങളുണ്ട്. അവയിൽ ദ്രാവിഡകലകൾ ലളിതവും ആര്യ കലകൾ സങ്കല്പമൂലകവും ഭാവനാപരവുമാണ്.

12.കേരളീയ നടനകല ഐവർകളിയിൽ നിന്നുമുയർന്ന് തമിഴകത്തെ കുരവക്കൂത്തിന്റെ പ്രതിഫലനമായ കൈകൊട്ടിക്കളിയിലേക്ക് വികസിച്ചു. ഇത്‌ മൂലദ്രാവിഡഭാഷയിൽ നിന്നു വേർപിരിഞ്ഞ് ഇന്നുകാണുന്ന ഭാഷകളുണ്ടായതുപോലെയുള്ള ഒരു പ്രക്രിയയായിരുന്നു. ഒരുകാലത്തു ദക്ഷിണഭാരതത്തിലെ പൊതുസ്വത്തായിരുന്ന നൃത്ത രീതികൾ പിന്നീട് വ്യത്യസ്ത ദേശങ്ങളിൽ വളർന്നും തളർന്നും ഉണ്ടായതാണ്.

13.ചിലപ്പതികാരത്തിൽ വിവരിച്ച അഭിനയവും മെയ്ക്കൂത്തും നാടകവും കേരളത്തിൽ പ്രത്യക്ഷമാകുന്നത് യഥാക്രമം മോഹിനിയാട്ടവും കൂടിയാട്ടവും കഥകളിയുമായിട്ടാണ്.

14.നാട്യശാസ്ത്ര നിയമങ്ങൾ പാലിച്ചു നിർവ്വഹിക്കുന്ന ലാസ്യ പ്രയോഗമായ മോഹിനിയാട്ടം തമിഴകത്ത് വളരെക്കാലം മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. കാലക്രമത്തിൽ ഇതിന് അപചയം സംഭവിക്കുകയും ഭാരതനാട്യമെന്ന പുതിയ പേരിൽ തമിഴ്‌നാട്ടിൽ പ്രശസ്തമാവുകയും ചെയ്തു.

15. ആട്ടമെന്നു പറഞ്ഞു വന്നിരുന്ന താണ്ഡവനൃത്യം കേരളത്തിൽ പ്രാചീനകാലം മുതൽക്കുതന്നെ ഉണ്ടായിരുന്നു. ആ ആട്ടത്തിൽ കൃഷ്ണകഥ ചേർത്തപ്പോൾ കൃഷ്ണനാട്ടവും, രാമകഥ ചേർത്തപ്പോൾ രാമനാട്ടവും അഷ്ടപദി ചേർത്തപ്പോൾ അഷ്ടപദിയാട്ടവും ഉണ്ടായി.

16.കേരളത്തിലെ നൃത്തങ്ങളുടെയും കളികളുടെയും ചരിത്രം നിർമ്മിക്കുവാൻ ഇനി ഒട്ടും വൈകിക്കൂടാ. ഇന്നില്ലെങ്കിൽ എന്നുമില്ല എന്ന സ്ഥിതിയിൽ അവ എത്തിക്കഴിഞ്ഞിരിക്കുന്നു.


'ഭൂതാരാധന' മുതൽ 'മംഗളോദയവും അപ്പൻതമ്പുരാനും' വരെ വ്യത്യസ്ത വിഷയങ്ങളിലുള്ള പന്ത്രണ്ട് സാഹിത്യലേഖനങ്ങളാണ് രണ്ടാം ഭാഗത്തിലുള്ളത്. ഇവ ഓരോന്നും ഗ്രന്ഥകാരന്റെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള പാടവവും അഭിപ്രായം പ്രകടിപ്പിക്കുന്നതിലുള്ള ആർജ്ജവവും കാണിക്കുന്നവയാണ്. ഇനിയും തുടരന്വേഷണങ്ങൾക്കുള്ള വാതിലുകൾ തുറന്നിടുന്നുവെന്നതാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ ഏറ്റവും വലിയ സവിശേഷത.

മൂന്നാം ഭാഗത്തിൽ ആയുർവ്വേദത്തെക്കുറിച്ച് സാമാന്യമായും കേരളത്തിലെ വിഷവൈദ്യം, ബാലചികിത്സ എന്നിവയെക്കുറിച്ച് പ്രത്യേകമായും വിവരിച്ചിരിക്കുന്നു. ലോകമാകെ ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന ഈ മഹാമാരിക്കാലത്ത് നമ്മുടെ നാട്ടിൽ ആയിരക്കണക്കിനു വർഷത്തെ പാരമ്പര്യമുള്ള ആയുർവേദചികിത്സാസമ്പ്രദായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളും അഭിപ്രായങ്ങളും ഏറെ പ്രയോജനപ്രദവും കൗതുകകരവുമാണ്. പ്രത്യേകിച്ച്, ചികിത്സായെന്നാൽ അലോപ്പതി മാത്രമാണെന്നു തെറ്റിദ്ധരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഡോക്ടർമാരും അതിന് എറാൻ മൂളുന്ന ഭരണകൂടവും ഉള്ളപ്പോൾ. ശ്രീ.കുട്ടിക്കൃഷ്ണമേനോൻ ആയുർവ്വേദത്തിലും വിഷവൈദ്യത്തിലും ബാലചികിത്സായിലുമെല്ലാം അഗാധമായ പാണ്ഡിത്യവും പ്രായോഗികപരിജ്ഞാനവും ഉണ്ടായിരുന്ന ആളായിരുന്നു എന്നുകൂടി ഓർക്കണം.

പക്ഷപാതങ്ങളില്ലാതെ തികഞ്ഞ അക്കാദമിക് താൽപര്യത്തിൽ മാത്രം സൃഷിടിക്കപ്പെട്ട ഒരു പഠന ഗ്രന്ഥമാണിത്.വായനക്കാരന് വിയോജിക്കാവുന്ന നിരീക്ഷണങ്ങൾ ഇതിലുണ്ടായേക്കാം. പക്ഷേ ശ്രീ. കുട്ടിക്കൃഷ്ണമേനോൻ പഠിച്ചും ചിന്തിച്ചും ഉത്തമ ബോധ്യത്തോടെ എഴുതിയതാണിത്. കേട്ടറിവുകളിൽ നിന്ന് ഉരുത്തിരിഞ്ഞവയല്ല ഇതിലെ ആശയങ്ങൾ. കാടുകളിലും ഊരുകളിലും സന്ദർശിച്ച് വിവിധ വിഭാഗങ്ങളുടെ നൃത്തങ്ങൾ കണ്ടും അവരിൽ നിന്ന് വിവരങ്ങൾ നേരിട്ട് ശേഖരിച്ചും ലഭിക്കാവുന്നത്ര ഉറവിടങ്ങളിൽ മുങ്ങിത്തപ്പിയും ആർജ്ജിച്ച വിവരങ്ങളിനിന്നു രൂപപ്പെടുത്തിയതാണ്.

ഈ പുസ്തകം ആദ്യന്തം വായിച്ചപ്പോൾ തോന്നിയ ഒരു കാര്യം ഇതിന്റെ പേര് കുറേക്കൂടി സംവേദകക്ഷമം ആയിരുന്നെങ്കിൽ സാമാന്യ വായനക്കാരുടെ ഇടയിൽ ഇത്‌ കുറേക്കൂടി പ്രചരിക്കുമായിരുന്നുവെന്നാണ്. തീർച്ചയായും കാലത്തെ അതിജീവിക്കാൻ കരുത്തുള്ള ഒരു ഉള്ളടക്കമാണിതിലുള്ളത്. പക്ഷേ സമകാലിക മലയാളിയുടെ ചിന്താ മണ്ഡലത്തിന്റെ പരിമിതിയാണ് അതിനിടയിലെ തടസ്സം . അതിനുള്ള നിരവധി കാരണങ്ങളിൽ പ്രധാനമായ ഒന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഉദ്ധരിച്ചാൽ, "ഉണ്ടായിരുന്നതിനെയും ഉള്ളതിനേയും തിരിഞ്ഞു നോക്കാതെ ഉണ്ടാവാത്തതിനുവേണ്ടി കൈനീട്ടുവാനുള്ള ഒരു മനസ്ഥിതി, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പുറംപൂച്ച് നമ്മളിൽ ഉത്പാദിപ്പിച്ചു. ഭൂതകാലമാണ് ഭാവിയിലെ മാർഗ്ഗദർശിയെന്നു മനസ്സിലാക്കിയിട്ടുള്ളവർ ചുരുക്കമായി " എന്നതാണ്.

ശുഭപ്രതീക്ഷയാണ് പ്രകൃതി നമുക്കുതരുന്ന പാഠം എന്നതിനാൽ നമുക്കു കാത്തിരിക്കാം, ഇന്നത്തെ തടസ്സങ്ങളെ മറികടന്ന് ഒരു തലമുറ കടന്നു വരിക തന്നെ ചെയ്യും. അന്നവർക്ക് അവരുടെ ഇന്നലെകളെ കുറിച്ചറിയാൻ ഇത്തരം പുസ്തകങ്ങൾ അനിവാര്യമായിരിക്കും. അതുവരെ ഇവയെല്ലാം ഭദ്രമായി സൂക്ഷിച്ച് നമുക്കു കാത്തിരിക്കാം.