ലോവർ സ്കൂളിലെ സാമൂഹ്യപാഠപുസ്തകത്തിലെ ഇന്ത്യയുടെ അയൽരാജ്യം എന്നതിൽ കവിഞ്ഞാൽ ശ്രീലങ്ക എന്ന് കേൾക്കുമ്പോൾ കുട്ടിക്കാലം മുതൽ മനസിൽ ഓടിവരുന്ന ഓർമ്മ പണ്ട് സീതയെ അപഹരിച്ചു കടന്നു കളഞ്ഞ സാക്ഷാൽ രാവണനയെയും ബണ്ടുകെട്ടി അക്കരെ കടന്നു ലങ്കാപുരം ചുട്ടെരിച്ച മാരുതപുത്രനെയും ഒക്കെയായിരുന്നു.

മുതിർന്നപ്പോൾ സനത് ജയസൂര്യയും ഡിസില്വയും റാണത്തുങ്ങയും മുത്തയ്യ മുരളീധരനും ഒക്കെ ആ സ്ഥാനം അപഹരിച്ചു. ക്രമേണ അത് തനുവും നളിനിയും ശിവരശനും ഒക്കെ അടങ്ങുന്ന ചെറുഗ്രുപ്പുകളായി എൻ്റെ ബാല്യത്തെ വല്ലാതെ മഥിച്ചു. പ്രവാസ ജീവിതത്തിൽ കടന്നപ്പോൾ സമൃദ്ധമായ കാർകൂന്തലിന്റെ ഉടമസ്ഥകളായ ഒരുപാടു ശ്രീലങ്കൻ സുന്ദരികൾ വിസ്മയമായിത്തീർന്നു - എങ്ങോ നഷ്ട്ടപ്പെട്ട പ്രിയപ്പെട്ട സഹോദരിമാരുടെ ഛായ… സമത്വത്തിനു വാദിക്കുന്ന ആധുനിക സ്ത്രീപട ഒത്തുകൂടുന്ന ഇടം കൂടിയാണ് മിഡ്‌ഡിലെ ഈസ്റ്റിലെ ബ്യൂട്ടി സലൂണുകൾ.

ശ്രീലങ്കയെയും അവിടുത്തെ വിപ്ലവ പ്രസ്ഥാനങ്ങളുടെ മായികലോകത്തെയും ഒക്കെയുള്ള തുറന്നു കാണിക്കലിൽ ഹൃദയം നുറുങ്ങുന്ന പല ചിത്രങ്ങളും സങ്കല്പികമായി കാണാൻ സാധിച്ചു അവരുടെ നീറുന്ന വേദന കടിഞ്ഞാണില്ലാത്ത സിരയിൽ പടർന്നു കയറി. മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ കണ്ടു പോലും കണ്ണീർവാർത്തത് പിന്നെയും ഓർത്തു.

ആണ്ടാൾ ദേവനായകിമാർ അനുഭവിച്ച കൊടും പീഡനങ്ങൾ കണ്ണ് നനയാതെ വായിച്ചു തീർക്കാൻ കഴിഞ്ഞില്ല. വളരെ ജിജ്ഞാസ നിറഞ്ഞ പാതയിൽ കൂടിത്തന്നെ കഥ പറഞ്ഞു പോകുന്നതിൽ ശ്രീ ടി.ഡി രാമകൃഷ്ണൻ സർ കാണിച്ച സാമർഥ്യം ഉല്കൃഷ്ടമാണ്. ഓരോ ഏടും വായിച്ചു നിർത്തുമ്പോൾ വായനക്കാരിൽ ഉണർത്തിവിടുന്ന ആകാംക്ഷ പറഞ്ഞറിയിക്കാതെ വയ്യ. അദ്ദേഹം കഥയിൽ ഉടനീളം പറഞ്ഞു വയ്ക്കുന്ന പല കഥാ മുഹൂർത്തങ്ങളും തന്തുക്കളും കാരണം ഗൂഗിളിന് പലകുറി ജോലികൊടുത്തുകൊണ്ടേയിരുന്നു എന്റെ പുസ്തകവായനയിൽ ഉടനീളം.

പുതുയുഗവും മിത്തുകളും സന്ധിച്ചപ്പോൾ ചിലയിടങ്ങളിൽ ആശയക്കുഴപ്പം സംഭവിക്കുന്നതായി അനുഭവപ്പെട്ടെങ്കിലും അന്തിമഘട്ടത്തിൽ ഒരു മറുചോദ്യത്തിനും ഇടനൽകാതെ മൗനിയായി കണ്ണീർ നിറയ്ക്കാനേ സാധിച്ചുള്ളൂ.

മാതൃഭൂമി ബുക്ഫെസ്റ്റിൽ വാങ്ങി കയ്യിൽ കരുതിയിട്ടു ഇത്രയും വർഷങ്ങൾ ആയെങ്കിലും വായിക്കാൻ വൈകിയതിൽ അല്പം അല്ല ഏറെ ഇളിഭ്യത തോന്നി എന്നത് വാസ്തവം. അല്ലേലും ആരോ പറഞ്ഞതുപോലെ ...ക്ലാസിക്കുകൾ എന്നാൽ ഏറെ വാർത്താപ്രാധാന്യമുള്ളതും ഏറ്റവും കുറച്ചു ആൾക്കാർ വായിക്കുന്നതും ആണല്ലോ എന്നോർത്ത് ആ കുറ്റബോധം സ്വയം ഒളിപ്പിച്ചു.