മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ മലയാളികൾക്കിടയിൽ ഉള്ളൂ അത് ശ്രീ വൈക്കം മുഹമ്മദ് ബഷീർ എന്നതാണ്. കഠിനമായ ഭാഷാ പ്രയോഗങ്ങളോ വാക്ചാര്യമോ ബഷീറിന്റെ  കൃതികളിൽ  നമുക്ക് കാണാൻ കഴിയില്ല. എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരായ നാട്ടിൻപുറത്തുകാർ ഉപയോഗിക്കുന്ന ഭാഷയാണ് അദ്ദേഹത്തിന്റെ കൃതികളിൽ നമുക്ക് കാണാൻ കഴിയുന്നത്. തന്റെ ഉപ്പയെയും ഉമ്മയെയും സഹോദരങ്ങളെയും വീടിനെയും എന്തിനേറെ  പറയുന്നു വീട്ടിലെ വളർത്തുമൃഗങ്ങളെ പോലും കഥാപാത്രങ്ങളായി  അദ്ദേഹം കൃതികൾ രചിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി പാത്തുമ്മയുടെ ആട് എന്നതിൽ സഹോദരി വീട്ടിൽ വളർത്തുന്ന ഒരു ആട് ആണ് കേന്ദ്ര കഥാപാത്രം. ബഷീറിന്റെ കുട്ടിക്കാലവും സഹോദരങ്ങളും വീടും പരിസരവും എല്ലാം ഉൾക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ കൃതികൾ.

ശ്രീ ബഷീറിന്റെ നർമ്മത്തിൽ പൊതിഞ്ഞ ഒരു ഹാസ്യാവിഷ്‌കരമാണ് "വിശ്വവിഖ്യാതമായ മൂക്ക് "എന്ന കൃതി. എഴുത്തും വായനയും അറിയാത്ത ഒരു 24-കാരനായ കുശിനിക്കാരൻ ആണ് കഥയിലെ കഥാപാത്രം. ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ അറിയാതെ തന്റെ  ലോകത്ത് ഒതുങ്ങിക്കൂടിയ ഒരു മനുഷ്യൻ. രാവിലെ എഴുന്നേൽക്കുക അടുക്കള പണികൾ ചെയ്യുക പൊടി വലിക്കുക വീണ്ടും അടുക്കള പണികൾ ചെയ്യുക രാത്രി സുഖമായി കിടന്നുറങ്ങുക ഇതായിരുന്നു അയാളുടെ ദിനചര്യ. ആഴ്ചകളോ ദിവസങ്ങളോ  മാസങ്ങളോ  അയാൾക്ക് അറിയില്ലായിരുന്നു മാസം അവസാനമാകുമ്പോൾ അയാളുടെ അമ്മ വന്ന് ശമ്പളം വാങ്ങി പോകും.  പൊടി വേണമെങ്കിൽ അവർ തന്നെ വാങ്ങി കൊടുക്കും. അയാളുടെ ഇരുപത്തിനാലാമത്തെ വയസ്സിൽ ആണ് ആ അത്ഭുതം സംഭവിക്കുന്ന.അതേ അയാളുടെ മൂക്ക് വളരാൻ തുടങ്ങിയിരിക്കുന്നുമൂക്ക് വളർന്നു  വളർന്ന്  താടിയും കഴിഞ്ഞു  വയറു വരെ എത്തിയിരിക്കുന്നു. അത്ഭുതം തന്നെയാണല്ലോ നാട്ടുകാരെല്ലാം അയാളെ കാണാനായി ജോലിചെയ്യുന്ന വീട്ടിലെത്തി തുടങ്ങി. വീട്ടുകാർക്ക് ബുദ്ധിമുട്ടായപ്പോൾ അയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
കുരുട്ട് ബുദ്ധിക്കാരിയായ അയാളുടെ അമ്മ അയാളുടെ ഈ അവസ്ഥ മുതലെടുക്കാൻ തുടങ്ങി മൂക്കനെ  കാണാൻ വരുന്നവരിൽ നിന്നും പൈസ വാങ്ങാൻ തുടങ്ങി പെട്ടെന്ന് തന്നെ മൂക്കൻ വളരെ പ്രസിദ്ധനും പണക്കാരനും ആയി മൂക്കിന്റെ കാര്യം നോക്കാൻ സുന്ദരിമാരായ സെക്രട്ടറിമാർ ഉണ്ടായി. എല്ലാം വളരെ പെട്ടെന്നായിരുന്നു. 

ലോകത്ത് എന്തൊക്കെ സംഭവിക്കുന്നു അതിനൊക്കെ മൂക്കൻ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി അഭിപ്രായം പറയാത്ത സംഭവം വളരെ നിസ്സാരമായി ജനങ്ങൾ കണ്ടു . അങ്ങനെ മൂക്കനെ കയ്യിലെടുക്കാൻ ഗവൺമെന്റ് ശ്രമം തുടങ്ങി "നാസിക പ്രമുഖൻ" എന്ന ബഹുമതിയും മെഡലും നൽകി മാത്രമല്ല ഭരണപക്ഷ പാർട്ടി അദ്ദേഹത്തെ തങ്ങളുടെ പാർട്ടിയിൽ ചേർത്തു ഇത് തടയാൻ എതിർ പാർട്ടികൾ മൂക്കന്റ മൂക്ക് ഒറിജിനല്ല റബ്ബർ മൂക്കാണ് എന്ന് പ്രസ്താവിച്ചു, തുടർന്ന് ഗവൺമെന്റിനെതിരെ എതിർ പാർട്ടികൾ വൻ ലഹളകൾ നടത്തി അങ്ങനെ മൂക്കൻ അറസ്റ്റിലായി.

അങ്ങനെ മൂക്കന്റെ പരസ്യ വിചാരണക്കായി 48 രാജ്യങ്ങളുടെ പ്രതിനിധികളായി വിദഗ്ധ ഡോക്ടർമാർ മൂക്കന്റ മൂക്ക് പരിശോധിക്കാൻ വന്നു അതിൽ ഒരു ഡോക്ടർ മൊട്ടുസൂചി കൊണ്ട് മൂക്കന്റ മൂക്കിൻ തുമ്പത്ത് കുത്തി, അപ്പോഴതാ ചുവന്ന ഒരു തുള്ളി പരിശുദ്ധ ചോര. മൂക്ക് റബ്ബർ മൂക്കല്ല ഒറിജിനൽ ആണ് എന്ന് ഡോക്ടർ പ്രഖ്യാപിച്ചു. അങ്ങനെ  മൂക്കനെ "മൂക്കശ്രീ" എന്ന ബഹുമതിയോടെ പാർലമെന്റിലേക്ക് നോമിനേറ്റ് ചെയ്തു.  മൂക്കശ്രീ മൂക്കൻ എം പി ആയി, ദിവസം കഴിയുന്തോറും മൂക്കൻ ലോകം മുഴുവൻ അറിയപ്പെടാൻ തുടങ്ങി.
 
ഇപ്പോഴത്തെ രീതികളുമായി ഏറെ സാമ്യം തോന്നുന്ന ഈ കൃതി വായിക്കുമ്പോൾ ബഷീർ ഏറെ ദീർഘ ദൃഷ്ടിയുള്ള എഴുത്തുകാരനായിരുന്നു എന്ന് നമുക്ക് മനസിലാകും. ഈ കൃതിയിൽ സമൂഹത്തോടുള്ള ഒന്നാന്തരം പരിഹാസമാണ് നിറച്ചിരിക്കുന്നത്. ഏതെങ്കിലും കഴിവോ സിദ്ധിയോ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് എങ്ങനെ പ്രമുഖൻ ആവാം എന്ന് ബഷീർ കാണിച്ചുതരുന്നു.