(കണ്ണന്‍ ഏലശ്ശേരി)

മലയാള ഭാഷയിലെ ഏറ്റവും പുതിയ കാലത്തെ യാത്രാ വിവരണമാണ് അഫ്ഗാനിസ്താൻ - ഒരു അപകടകരമായ യാത്ര. പേര് സൂചിപ്പിക്കും പോലെ എറ്റവും അപകടം നിറഞ്ഞ നാട്ടിലെ യാത്രാ അനുഭവങ്ങൾ

പുതിയൊരു അനുഭവം വായനാക്കാരനിൽ സൃഷ്ടിക്കുന്നു. താലിബാന്റെയും ഇസ്ലാമിക്‌ സ്റ്റേറ്റിന്റേയും ഭീകര തേർവാഴ്ചയിൽ ലോകത്തിന്റെ മുന്നിൽ ഇന്നും തലകുനിച്ചിട്ടുള്ള രാഷ്ട്രമാണ് അഫ്ഗാനിസ്താൻ. ഭീകരവാദത്തിന്റെ ഈറ്റില്ലമായ ആ രാജ്യത്തെ നന്മയും ഹൃദയലിവുള്ള ജനതയെയും നമ്മുക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണിത്.

എഴുത്തുകാരൻ ജോമോൻ ജോസഫ് തന്നെയാണ് ആ നാട്ടിലൂടെയെല്ലാം യാത്ര നടത്തിയത്. അകാലത്തിൽ നമ്മെ പിരിഞ്ഞുപോയ ഈ എഴുത്തുകാരൻ ശ്രീലങ്കയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൂടി ആയിരുന്നു. കോൺഫ്ലിക്റ്റോളജിയിൽ ബിരുദാനന്തര ബിരുദം ചെയ്യുമ്പോഴാണ് എഴുത്തുകാരനു, സുഹൃത്ത് സിയാൽ വഴി ഭീകരതക്കപ്പുറമുള്ള അഫ്ഗാനിസ്താന്റെ മറ്റൊരു മുഖത്തെ പറ്റി അറിയാൻ സാധിക്കുന്നത്. അപകടങ്ങളെ കുറിച്ചുള്ള എല്ലാവരുടെയും എതിർപ്പുകൾ കാര്യമായി എടുക്കാതെ എഴുത്തുകാരൻ നടത്തിയ ഈ സാഹസം മികച്ചൊരു യാത്രാ വിവരണവും അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള വേറിട്ടൊരു കാഴ്ചപ്പാടും വായനക്കാർക്ക് സമ്മാനിക്കുന്നു.

അഫ്ഗാൻ ജനതയെ പറ്റിയുള്ള തെറ്റിദ്ധാരണകൾ എഴുത്തുകാരൻ കാബൂളിൽ വിമാനം ഇറങ്ങുമ്പോൾ മുതൽ തിരുത്തപ്പെടാൻ തുടങ്ങുകയായിരുന്നു. സ്ത്രീകളുടെ ഡ്രൈവിങ്ങും, ആതിഥേയ മര്യാദകളും എല്ലാം അഫ്ഗാൻ ജനതയോടുള്ള മുൻവിധി തിരുത്തി കുറിക്കുന്നു. എങ്കിലും വലിയ തോതിലുള്ള സുരക്ഷ പരിശോധനകളെയും സൈനിക വിന്യാസങ്ങളെയും പറ്റിയുള്ള വിവരണങ്ങൾ ആ സമൂഹത്തിലെ അരക്ഷിതാവസ്ഥ കാണിക്കുന്നു.

ആദ്യ ദിനത്തിലെ മാർക്കറ്റിലൂടെ ഡ്രൈവെറുമൊത്തുള്ള സഞ്ചാരവും അതിന്റെ വിശദീകരണങ്ങളും വായനക്കാരനെ ഒപ്പം കൂട്ടുന്ന തരത്തിലാണ്. മികച്ച ചിത്രങ്ങൾ കൂടെ ചേർത്തത് വായനക്കാരന് ഒരു നേർകാഴ്ച നൽകാൻ സാധിച്ചു. അപകടത്തെ പറ്റി അറിയാതെ നടത്തിയ മാർക്കറ്റിലൂടെയുള്ള അതുപോലെയൊരു യാത്രനുഭവം മറ്റൊരു എഴുത്തുകാരനിൽ നിന്നും സമീപഭാവിയിൽ പ്രതീക്ഷിക്കാൻ സാധിക്കില്ല.

അഫ്ഗാനിസ്താന്റെ പ്രകൃതിയുടെ സ്വഭാവവും അവിടെ ഭരിച്ച ബ്രിട്ടീഷ് - യൂറോപ്യൻ ശക്തികളുടെ അവശേഷിപ്പുകളെയും, ചരിത്ര സ്മാരകങ്ങളെയും, ബുദ്ധാവിശിഷ്ടങ്ങളെയും എല്ലാം കാഴ്ചകൾക്കു സമാനമായി എഴുത്തുകാരൻ വിവരിക്കുന്നു.

ബാമിയാൻ ബുദ്ധ പ്രതിമകളെ താലിബാൻ തീവ്രവാദം ഭസ്മമാക്കിയതിന്റെ ചരിത്രാവശേഷിപ്പുകൾ ഒരുപക്ഷെ ഇത്രയും നന്നായി ചിത്രങ്ങൾ സഹിതം പകർത്തിയ യാത്രാ വിവരണം മറ്റൊന്ന് മലയാളത്തിൽ ഉണ്ടാവില്ല.

അഫ്ഗാൻ യാത്ര എത്ര അപകടം നിറഞ്ഞതാണെന്ന് വായനക്കാരനെ തിരിച്ചറിയിക്കുന്നത് ഏറ്റവും ഒടുവിൽ എഴുത്തുകാരൻ തലനാരിഴക്ക് കാബൂൾ വിമാനത്താവളത്തിൽ നിന്നും രക്ഷപെട്ട് ഡൽഹിയിൽ എത്തുന്നതിലൂടെയാണ്. വളരെ കുറഞ്ഞ താളുകളിൽ വായനക്കാരനെ അഫ്ഗാനിസ്ഥാനിലൂടെ സഞ്ചരിപ്പിക്കാൻ ജോമോൻ ജോസഫിന് സാധിക്കുന്നു. യാത്ര സ്നേഹികൾക്കും വായനാ പ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടാവുന്ന ഒരു പുസ്തകമാണ് അഫ്ഗാനിസ്താൻ - ഒരു അപകടകരമായ യാത്ര.