(കണ്ണന്‍ ഏലശ്ശേരി)

വിനോയ് തോമസ്സിന്‍റെ ആദ്യ നോവൽ കരിക്കോട്ടകരിക്കു ശേഷം 4 വര്‍ഷത്തോളം കഴിഞ്ഞ് എഴുതിയ നോവലാണ് പുറ്റ്. കണ്ണൂരിന്‍റെ കിഴക്കൻ മലയോര പ്രദേശമായ പേരാമ്പടിയിലേക്കുള്ള മനുഷ്യ

കുടിയേറ്റങ്ങളുടെ കഥകളിലൂടെ സാമൂഹിക പരിണാമത്തെ കുറിച്ചിടുന്നതാണ് നോവൽ പ്രമേയം. കുടുംബം, പ്രസ്ഥാനം, മതം, സമൂഹത്തിന്‍റെ ഉപരിപ്ലവമായ ശരിതെറ്റുകൾ എന്നിവയെ എല്ലാം ചോദ്യം ചെയ്തുകൊണ്ടുള്ള അവതരണമാണ് ഈ നോവൽ. മനുഷ്യന്‍റെ ഉള്ളിലുള്ള സ്വഭാവികമായ എല്ലാ കൊള്ളരുതായ്മകളും ഒരു കൂട്ടുജീവിതത്തിലൂടെ പരിണാമം സംഭവിച്ച് ഇന്നത്തെ നിലക്കുള്ള സാമൂഹിക മത രാഷ്ട്രിയ സ്ഥിതി ഉടലെടുക്കുന്നതിന്‍റെ കഥയാണ് പുറ്റ് പറയുന്നത്.

മനുഷ്യർ ഒന്നിച്ചു ജീവിക്കുന്ന കൂട്ടുജീവിതം എന്നാശയത്തെ ഗ്രാമങ്ങളിലെ ചിതൽ പുറ്റിനോടും അല്ലെങ്കില്‍ ഉറുമ്പിൻ പുറ്റിനോടും ചേർത്ത് വെച്ച് താരതമ്യപ്പെടുത്തി കഥ പറയുമ്പോൾ, നാട്ടിൻപുറത്തിനപ്പുറം നഗരങ്ങളിലെ ഫ്ലാറ്റുകളിലിരുന്ന് വായിക്കുന്ന വായനക്കാരനു പോലും സ്വയം ഒരു പുറ്റിലെ ജീവിയാണെന്ന ചിന്ത എഴുത്തുകാരൻ സമ്മാനിക്കുന്നു.

ഈ നോവൽ മുഴുവനായും ഭാവനയുടെ അച്ചിൽ വിരിയിച്ച കഥകളാണെന്ന് എഴുത്തുകാരൻ പറഞ്ഞാലും പച്ചയായ കുടിയേറ്റ മനുഷ്യ ജീവിതത്തിന്‍റെ നേർകാഴ്ചയായി വായനക്കാർക്ക് അനുഭവേദ്യമാകുന്നു.

പേരാമ്പടിയുടെ കഥ ഇന്നലെ തുടങ്ങിയതോ ഇന്ന് അവസാനിക്കുന്നതോ അല്ല. ആദ്യകാല കുടിയേറ്റം മുതൽ ഇന്നും നാളെയും അത് തുടർന്ന് കൊണ്ടിരിക്കുന്നതുമാണ്. പാരമ്പര്യത്തിന്‍റെ ഊറ്റം കൊള്ളലിൽ പറയാൻ അറക്കുന്ന പല കഥകളും മൂടുപടമില്ലാതെ പറയുന്ന ആഖ്യാനശൈലിയാണ് എഴുത്തുകാരൻ അവലംബിച്ചിരിക്കുന്നത്.

ഇന്നത്തെ തലമുറ ഉപയോഗിക്കാത്ത നാടൻ തെറികളും, ചിന്തിക്കാത്ത തരം വഴിവിട്ട ബന്ധങ്ങളും പുസ്തത്തിൽ ഉപയോഗിക്കുന്നത് വഴി കൂടുതൽ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥാവതരണ രീതിയാണ് പുറ്റിനുള്ളത്.

മരിയോ വർഗാസ് യോസയുടെ നോബൽ സമ്മാന വേദിയിലെ പ്രസംഗത്തിൽ പറഞ്ഞത്, വളരെ പ്രകൃതനായ മനുഷ്യ ജീവിതങ്ങളിൽ കഥകൾ സ്വാധീനിച്ചു കൊണ്ട് ആധുനിക സമൂഹങ്ങളിൽ എത്തിച്ചതിനെ കുറിച്ചാണ്. അതുപോലെ പുറ്റിലെ ഓരോരുത്തരുടേയും ജീവിതകഥകൾ ഓരോ കാലഘട്ടത്തിലും പേരാമ്പടി സമൂഹത്തിനു നൽകിയ മാറ്റങ്ങൾ നമ്മുക്ക് വായിച്ചെടുക്കാവുന്നതാണ്.

ഉത്തരആധുനിക നോവലെന്നോ, സാമൂഹിക പരിണാമത്തിന്‍റെ കഥയെന്നോ, ഇന്നത്തെ സംസ്കരത്തിനു നിരക്കാത്ത പുസ്തകമെന്നോ, വെറും വികാര സംക്രമണം നടത്തുന്ന കൊച്ചു പുസ്തക ശൈലി ആഖ്യാനം എന്നോ ഒക്കെ പുറ്റിനെ വിശേഷിപ്പിക്കാം. അതൊക്കെ ഒരു തരത്തിൽ എഴുത്തുകാരന്‍റെ ബഹുവിധ നൈപുണ്യം പ്രകടമാക്കുന്നു.

നെറിക്കെട്ട നാട്ടിൽ ജീവിക്കാൻ തീരുമാനിക്കുന്ന ആദ്യകാല കുടിയേറ്റ കുടുംബത്തിലെ അംഗവും അപവാദ നായികയുമായ ചിന്നയും, ഗർഭിണിയായ മകളുമായി ഒളിച്ചോടി പെരുമ്പാടിയിൽ എത്തിയ ചെറുകാന കാരണവരും എല്ലാം കൂടി ആരംഭിക്കുന്ന പെരുമ്പാടിയിലെ പാപത്തിന്‍റെ കഥകള്‍ ഇന്നും തലമുറകളിലൂടെ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഉത്തമ പുരുഷനും, നാട്ടു മധ്യസ്ഥനുമായ ജറമിയാസ് പോലും ഒടുവിൽ പാപത്തിന്‍റെ കനി കഴിക്കുമ്പോൾ വായനക്കാരൻ പോലും ശരിതെറ്റുകളെ പുനർവിചിന്തനം നടത്തുന്നു.

ഡബ്ലു.ടി.പി ലൈവ് സാഹിത്യ പുരസ്കാരത്തിന്‍റെ ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയ ഈ നോവൽ മികച്ച വായനാനുഭവമാണ് വായനക്കാരനു സമ്മാനിക്കുന്നത്.