തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം ഈ നൂറ്റാണ്ടിലും തുടരുകയാണ്. ലോകത്തെ ഏറ്റവും മികച്ച ആഡംബര ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൽ ഒന്നായ ലണ്ടനിലെ ഹാറോഡ്സിന്റെ മുൻ ഉടമസ്ഥനായ മുഹമ്മദ് അൽ ഫയാദിന് എതിരെ തൊണ്ണൂറോളം സ്ത്രീകൾ അദ്ദേഹത്തിന്റെ മരണാനന്തരം ലൈംഗിക ചൂഷണ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. 400 നു പുറത്തു സ്ത്രീകളും സാക്ഷികളും ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളും തെളിവുകളുമായി മുന്നോട്ടു വന്നിട്ടുണ്ട്. മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം തുടരുന്നു.
ഏതൊരു ക്രൈം ത്രില്ലറിനെയും മറികടക്കുന്ന യഥാർത്ഥ ജീവിത യാത്രയായിരുന്നു ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ജനിച്ചു 2023 ൽ മരിച്ച ഈ വ്യക്തിയുടേത്. ഈജിപ്തിലെ തെരുവുകളിൽ കൊക്കക്കോള വിറ്റു നടന്നിരുന്ന പയ്യൻ ലോക വാണിജ്യത്തിന്റെ ചുക്കാൻ പിടിച്ച കഥ ഏതൊരു ജെയിംസ് ബോണ്ട് സിനിമയെക്കാളും സങ്കീർണ്ണവും, അമ്പരപ്പിക്കുന്നതുമാണ്. ഭരണ-വാണിജ്യ രംഗങ്ങളിലെ അതികായന്മാരുമായി ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുകയും, മറ്റുള്ളവരുടെ പണവും സ്വാധീനവും ഉപയോഗിച്ച് വളരുകയും, ബിസിനസ്സ് ശത്രുക്കളെ വകവരുത്തുകയും, ചതിയും വഞ്ചനയും കുതിരക്കച്ചവടവും അവിശുദ്ധ നിയമപോരാട്ടങ്ങളും നിർബാധം നടത്തുകയും ചെയ്യുന്ന ഒരു ജീവിതത്തെ സങ്കൽപ്പിച്ചു നോക്കു. പുറത്തുള്ളവർ മൂക്കത്തു വിരൽ വയ്ക്കുമെങ്കിലും, ബിസിനസ്സിന്റെ ലോകത്ത് ഇതൊക്കെ പതിവാണെന്ന് അതിനുള്ളിൽ ഒരിക്കലെങ്കിലും കടന്നുകൂടിയവർക്ക് അറിയാം.
പലപ്പോഴായി അൽ ഫയാദിന് എതിരെ ലൈംഗിക ആരോപണങ്ങൾ മുമ്പും ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ പണത്തിനു മീതെ പരുന്ത് പറക്കില്ലല്ലോ. മീഡിയ നിശബ്ദമായിപ്പോയി. രാഷ്ട്രീയ ഭിക്ഷാംദേഹികൾ നിശ്ശബ്ദരായിപ്പോയി. നിയമം അന്ധയായിപ്പോയി. നിയമപാലകർ നിഷ്ക്രിയരായിപ്പോയി.
സമ്പത്തു കൂടുമ്പോൾ അതുപയോഗിച്ചു അധികാരബന്ധങ്ങൾ സ്ഥാപിച്ചെടുക്കാം. അതുപയോഗിച്ചു നിയമത്തെ വിലയ്‌ക്കെടുക്കാം. ന്യായവ്യവസ്ഥിതികളെ നിഷ്ക്രിയമാക്കാം. സമ്പത്തിന്റെ മ്ലേച്ഛതയിൽ ഏതു ചൂഷണവും പോലെ ലൈംഗിക ചൂഷണവും, റേപ്പും നിർബാധം തുടരാം. നമ്മുടെ തൊഴിലിടങ്ങളിൽ ഇത്തരത്തിലുള്ള ദുഷ്പ്രവണത തളംകെട്ടി ദുർഗന്ധം വമിക്കുന്നുവോ? ആരോഗ്യസ്ഥാപനങ്ങളിൽ, ഐ റ്റി പാർക്കുകളിൽ, ടൂറിസം മേഖലയിൽ, ഫാക്ടറികളിൽ, ആഡംബര ഹോട്ടലുകളുടെ ഇടനാഴികളിൽ, കൃഷിയിടങ്ങളിൽ, എന്തിനധികം പറയുന്നു നാലുകാലിൽ ടാർപോളിൻ വിരിച്ച ചായക്കടയുടെ പിന്നിലെ അടുക്കളയിൽ പോലും സമ്മതമില്ലാത്ത ലൈംഗികമുന്നേറ്റങ്ങൾ ഇന്നും നിർബാധം നടക്കുകയാണ്. മാന്യതയുടെ മൂടുപടമണിഞ്ഞ ഹൈ പ്രൊഫൈൽ സ്ഥാപനങ്ങളിൽപോലും വാക്കാലുള്ള ലൈംഗികാതിക്രമം സർവ്വ സാധാരണമാണ്. നിയന്ത്രിക്കപ്പെടേണ്ട ഒന്നായി അതിനെ കണക്കാക്കുന്നുപോലുമില്ല. കൂടെ പണിയെടുക്കുന്ന ത്രീകളോട് ലൈംഗിക ചുവയില്ലാതെ സംസാരിക്കുന്ന എത്ര പരുഷന്മാർ നമുക്കിടയിലുണ്ട്? സ്ത്രീ തൊഴിലാളികളോട് ലൈംഗിക ചുവയുള്ള ആശയവിനിമയം സാധ്യമാക്കാത്ത ഒരു സ്ഥാപനമെങ്കിലും ഉണ്ടെങ്കിൽ ദയവായി നിങ്ങൾ ചൂണ്ടിക്കാട്ടു.
പ്രായപൂർത്തിയായ സ്ത്രീപുരുഷന്മാർക്കു ലൈംഗിക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. അതിൽ ഭരണസംവിധാനമോ, നിയമ സംവിധാനമോ, മത സംവിധാനമോ, ഒന്നും ഇടപെടേണ്ട കാര്യമില്ല. പക്ഷെ തൊഴിലിടങ്ങൾ ലൈംഗിക ചൂഷണത്തിനുള്ള വേദിയായി മാറുന്നത് എന്തു വിലകൊടുത്തും തടയേണ്ടതാണ്. കാരണം, അത് തുല്യതയ്ക് എതിരാണ്. അത് സ്വാതന്ത്ര്യത്തിന് എതിരാണ്. ആത്യന്തികമായി അത് മനുഷ്യത്വത്തിന് എതിരാണ്.