User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

എന്റെ നീതി ബോധവും, ധാർമ്മിക ബോധവും, സദാചാര മാനദണ്ഡങ്ങളും ആയിരിക്കില്ല എന്റെ അയൽക്കാരനുള്ളത്. ഇന്നലത്തെ (പൊതു) നീതി ബോധമല്ല ഇന്നുള്ളത്. നാളെ അതു മാറുകയും ചെയ്യാം. നിഷ്പക്ഷമായി തുല്യ നീതി ഉറപ്പാക്കുന്ന സംവിധാനങ്ങളെയും, പരിശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. വിയോജിക്കുന്നതു സർഗ്ഗ സൃഷ്ടി നടത്തുന്ന

വ്യക്തി സാമൂഹിക മാറ്റങ്ങൾക്കു വേണ്ടി നിലകൊള്ളണം എന്ന പഴയ വാദത്തോടു തന്നെയാണ്. നൈതികയോടുള്ള ആഭിമുഖ്യം മറ്റൊരു വിധത്തിൽ പറഞ്ഞാൽ സാമൂഹിക പ്രതി ബദ്ധത തന്നെയല്ലേ?

തനിക്കു ചുറ്റിലും, അതുപോലെ തന്നിൽ പോലും നടക്കുന്ന വ്യവഹാരങ്ങളെ തന്റെ ആവിഷ്കാരങ്ങളിലൂടെ പ്രതിഫലിപ്പിക്കുമ്പോൾ, സ്വാഭാവികമായി കടന്നു കൂടുന്ന നൈതികതയും, ബോധപൂർവം കടത്തിവിടുന്ന നൈതികതയും, സൃഷ്ടി നുകരുന്ന അസ്സ്വാദകനിൽ ഉണ്ടാക്കുന്ന ചലനങ്ങൾ വ്യത്യസ്തമായിരിക്കും എന്നു ഞാൻ കരുതുന്നു. ഒന്ന് സ്വാഭാവികവും, മറ്റേതു കൃത്രിമവും ആണല്ലോ? നീതി ശാസ്ത്രത്തോടുള്ള വിധേയത്തം, സൃഷ്ട്യുന്മുഖമായ മനസ്സിനെ ഏതൊക്കെയോ ദിശകളിലേക്ക് തിരിച്ചു വിടാം. ഈ തിരിച്ചുവിടൽ ചിലപ്പോൾ സമൂഹത്തിനു നന്മ ചെയ്തേക്കാം. എന്നാൽ സൃഷ്ടിയെ സംബന്ധിച്ച് അത് ഗുണം ചെയ്യുമെന്ന് കരുതുക വയ്യ.

അതിരുകൾ ഭേദിക്കുന്ന ആവിഷ്കാരങ്ങൾ ഉരുത്തിരിയുന്നത്, സൃഷ്ടിപരതയെ സംബന്ധിച്ച് നിയന്ത്രണങ്ങൾ ഇല്ലാത്ത മനസ്സിൽ നിന്നാണെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. സ്വാതന്ത്ര്യം - അതാണ് സർഗ്ഗാത്മകത യുടെ ആത്മാവെന്നു കരുതുന്നതിൽ തെറ്റുണ്ടോ? ഇത്തരം ആവിഷ്കാരങ്ങൾ ചിലപ്പോൾ പൊതു നൈതികതയ്ക്കു എതിരായി നീങ്ങുക പോലും ചെയ്യാം. അതിന്റെ കാരണം സാധാരണ മനസ്സുകൾക്ക് അപ്രാപ്യമാകുന്നതിൽ അത്ഭുതമില്ല.