User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഇന്ത്യയുടെ തേക്കേ കോണിന്റെ സുരക്ഷിതത്വത്തിൽ ഞാൻ കണ്ട യുദ്ധങ്ങളൊന്നും രക്തരൂക്ഷിതമായിരുന്നില്ല.

അമർചിത്രകഥയിലെ കാവി നിറവുമുള്ള പശ്ചാത്തലത്തില്ല യുദ്ധവും, ടിവി വന്നകാലത്തെ ഗ്രേയ്ൻസിനുള്ളിൽക്കൂടി 14 ഇഞ്ചു ടിവിയിൽ കണ്ട രാമായണത്തിലെ യുദ്ധവും പിന്നീട് കുറച്ചു കൂടി വ്യക്തമായി 21 ഇഞ്ചു വലിപ്പത്തിൽ കണ്ട മഹാഭാരത യുദ്ധവും കഴിഞ്ഞാൽ, അതിനെക്കുറിച്ഓർമ്മയിലുള്ള ആദ്യ വായന നെപ്പോളിയൻ ബോണപ്പാർട്ട്നെക്കുറിച്‌ അച്ഛനോടൊപ്പം ശാസ്താംകോട്ട DB കോളേജിൽ പഠിപ്പിച്ചിരുന്ന ഒരു അദ്ധ്യാപകൻ എഴുതിയ പുസ്തകത്തിൽ നിന്നാണ്. പിന്നെയുള്ള ഓർമ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത രണ്ടാമൂഴത്തിലും അതിലും തീവ്രമായ കർണ്ണനിൽ നിന്നും. ഏഴിലോ എട്ടിലോ പഠിക്കുമ്പോഴായിരുന്നു കുവൈറ്റ് യുദ്ധം. യുദ്ധം സംബന്ധിച്ച റിപ്പോർട്ടുകൾ തീവ്രമായി വിവരിച്ച വാർത്തകൾ കൂടുതലായി മനോരമയിലാണെന്നുകണ്ട്‌,പത്രവായന മാതൃഭൂമിയിൽ നിന്നും മനോരമയിലേക്കുപറിച്ചുനട്ടതും ഓർമയുണ്ട്. എല്ലാ മലയാളിക്കുമെന്ന പോലെ എക്സ് സർവീസ് ചേട്ടന്മാരുടെ യുദ്ധകഥകൾ എനിക്കും നുണക്കഥകളോ പൊങ്ങച്ച കഥകളോ ആയിരുന്നു. ഒരു ശരാശരി മലയാളിയുടെ യുദ്ധത്തെ ക്കുറിച്ചുള്ള അറിവ് അവിടെ തീരുമെന്ന് എനിക്കേറെക്കുറെ ഉറപ്പാണ്. കാരണം നമ്മുടെ കൺവെട്ടത്തുയുദ്ധകെടുത്തിയോ ഒരു തീവ്രവാദി ആക്രമണമോ ഇല്ലല്ലോ. എന്റെ അച്ഛനടക്കം ഉള്ള മുൻ സൈനികരുടെ കഥകൾക്ക് ഞാൻ ആത്മാർഥമായി ചെവികൊടുത്തിട്ടില്ല എന്നത് ഇന്ന് ഞാൻ ഖേദപൂർവ്വം ഓർക്കുന്നു. 'Sri lanka's killing fields' എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടു ചില ഏകോപനങ്ങളുടെ ഭാഗമായി ശ്രീലങ്കൻ യുദ്ധ സമയത്ത്‌ അവിടെ പോകേണ്ടി വന്നപ്പോഴും, അതിന്റെ ഇന്നും പുറംലോകത്തിനു പരിചിതമല്ലാത്ത ചില ഫൂട്ടേജ് കാണാൻ 'ദൗർഭാഗ്യം' ഉണ്ടായപ്പോഴും. അക്കാലത്തെ കൊളോമ്പോയിലെ തമിഴ് പത്രങ്ങളായ 'ഉതയ'ന്റെയും 'സിതിരൊളി'യുടെയും പത്രാധിപരായ, ഞാൻ എക്കാലവും ബഹുമാനിക്കുന്ന വിദ്യാതരനൊപ്പമുള്ള ചില തമിഴ് മേഖലകളിലെ യുദ്ധ യുദ്ധാനന്തര സമയത്തെ യാത്രകളും യുദ്ധമെന്താണെന്ന് സംശയത്തിനിടനൽകാതെ ചില ചിത്രങ്ങൾ എന്റെ മസ്തിഷ്ക്കത്തിൽ ചാപ്പ കുത്തി. ഇന്ന് സിറിയയിൽ ഐസിസ് ഭീകരരുടെ പിടിയിലുള്ള ഇറാക്ക് അഫ്‌ഗാൻ യുദ്ധങ്ങൾ യുദ്ധമുഖത്തുപോയി പകർത്തിയ ജോൺ കാന്റിലിയെപ്പോലെയും ഒരു കാലും ഒരു കയ്യും തലയോട്ടിയുടെ പകുതിയും നഷ്ടമായ റോബർട്ട് ലൗറെൻസിനെപ്പോലെയുള്ള ചില സുഹൃത്തുക്കളുടെയും 'പച്ചയായ' നേരിട്ടുള്ള വിവരണങ്ങളും കൺമിഴിച്ചു കേട്ടിട്ടുണ്ട്. നമ്മുടെ കാലഘട്ടത്തിലെ മിക്ക യുദ്ധങ്ങളിലും 'ഉടലയോ നിഴലായോ' ഉറപ്പായും ഉണ്ടാകുന്ന പേര് 'അമേരിക്ക' എന്നു തന്നെയാണ്. എവിടെയും ശാന്തിയും സമാധാനവും പുനസ്ഥാപിക്കാൻ ജാഗരൂകരായി, ലോകമെമ്പാടും പാഞ്ഞു നടന്ന് പുതിയ പോർമുഖങ്ങൾ തീർക്കുന്ന സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ. പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ? അവർ നേരിട്ടോ അല്ലാതെയോ പങ്കാളികളാക്കുന്ന എല്ലാ യുദ്ധവും അവരുടെ രാജ്യത്തിന്, ഭൂഖണ്ഡത്തിനു വെളിയിലായിരുന്നു. വിയറ്റ്നാമിലും, കൊറിയയിലും അഫ്ഗാനിസ്ഥാനിലും, ഇറാഖിലും എല്ലാം തന്നെ. വരുന്നു ആക്രമിക്കുന്നു അവരുടെ ഇഷ്ടക്കാരെ പ്രതിഷ്ടിക്കുന്നു, ജനാധിപത്യം പുനസ്ഥാപിച്ചു എന്ന് ഓരിയിടുന്നു. മടുക്കുമ്പോൾ UN ന്റെയും മറ്റു സഹോദര സൗഹൃദ രാജ്യങ്ങളുടെയും പ്രേരണയാൽ പിൻമാറി എന്നു പേരും. അവശേഷിക്കുന്ന അഭയാർത്ഥികളും തകർന്നടിഞ്ഞ അവശിഷ്ടങ്ങളും അതാതു രാജ്യത്തിനു സ്വന്തം. 20 വർഷം നിണ്ടുനിന്ന വിയറ്റ്നാം യുദ്ധത്തിനും 15 വർഷം നീണ്ടു നിന്ന അഫ്ഗാൻ യുദ്ധത്തിനും 9 വർഷം നീണ്ടു നിന്ന ഗൾഫ് യുദ്ധത്തിനും ശേഷം കൈകഴുകി ഒഴിഞ്ഞു പോയ അമേരിക്കയെ നമ്മൾ കണ്ടു. ഗൾഫിലെ യുദ്ധം വൻ ലാഭമായിരുന്നു കാരണം ബോംബിന്റെയും ഭക്ഷണത്തിന്റെയും ബില്ലുകൊടുത്തത് സൗദിയും മറ്റുമായിരുന്നു. ഇവിടെ അമേരിക്കയല്ല വിഷയം. ഇതുപോലെയാകില്ല നമ്മൾ നേരിട്ട് ഭാഗമാകുന്ന യുദ്ധം എന്നു മാത്രമേ ആവേശ കമ്മിറ്റിക്കാരോടു പറയാനുള്ളൂ. ആവേശത്തോടെ അടിക്കൂ തിരിച്ചടിക്കൂ വെടിവയ്ക്കൂ ബോംബിടൂ എന്ന് തെക്കേ മൂലയുടെ സുരക്ഷിതത്വത്തിൽ ആക്രോശിക്കുന്ന പത്തരമാറ്റ് ദേശസ്നേഹികൾക്ക് നല്ല നമസ്കാരം...! പുതിയ ദീർഘദൂര ഭൂഖണ്ഡാന്തര മിസൈലുകളുടെ കാലഘട്ടത്തിൽ തെക്കും വടക്കും ഒക്കെ ഒരു പോലെ തന്നെ. 56 ഇഞ്ച് നെഞ്ചളവും ദണ്ഡയും ഇവിടെ പോരാതെ വരും.

ഈ ചിത്രങ്ങൾ മുന്നറിയിപ്പുകളാണ് രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനിലെ സഹോദരന്റെ മൃതശരീരം കത്തിക്കാൻ ഊഴം കാത്തു നിൽക്കുന്ന കുട്ടിയുടെ ചിത്രവും ( By Joe O’Donnell) വിയറ്റ്നാം യുദ്ധകാലത്ത് നാപ്പാം ബോംബ് ആക്രമണത്തിൽ പൊള്ളലേറ്റ് ഓടുന്ന കുട്ടിയുടെ ചിത്രവും(By Nick UT), ഇതു മാത്രം മതി യുദ്ധത്തെ വിളിച്ചു വരുത്തണോ എന്ന് ചിന്തിക്കാൻ. യുദ്ധമല്ല തന്ത്രമാണ് ശാശ്വതം, നയതന്ത്രം...!. അതിർത്തി എന്നത് ഒരു രേഖ മാത്രമാണ്. ആ രേഖകൾക്കിരുപുറവും പച്ച മനുഷ്യരാണ്. മനസ്സിൽ അതിരു കെട്ടാൻ ആർക്കാണാവുക...!