User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

ജോൺ ഇന്നു ഞാൻ നിന്നെ ഓർത്തു, കാരണം ഇന്ന് ഫേസ്ബുക്ക് നിറയെ ചില പൊട്ടക്കുളത്തിലെ തവളകളുടെ ആഘോഷങ്ങളും പോർവിളികളുമാണ്. ഞങ്ങളുടെ നാട്ടിൽ നീതിയും ന്യായവും വീതം വയ്ക്കുന്ന തിരക്കിലാണ് ഞങ്ങൾ.

ലിംഗബോധത്തിൽ തീർപ്പുകൽപിക്കുന്ന തിരക്കിൽ. തെറ്റുപറയരുതല്ലോ സ്യൂട്ടും കോട്ടുമിട്ട് ശീതീകരിച്ച മുറിയിൽ ഇരുന്ന് തലനാരിഴ കീറി പരിശോധിച്ച് വാഗ്മികളായ രാഷ്ട്രീയക്കാരുടെ വായടപ്പിക്കുന്ന വാർത്ത വായനക്കാരായ SaneeshനെയുംHarshanനെയും Gopikrishnan നെയും വേണുവിനെയും ഷാനിയെയുമേ ഇവർക്കറിയൂ. പരിഹാസശരങ്ങൾ കൊണ്ട് ചില ഇമേജുകൾ വലിച്ചു കീറി പോസ്റ്ററൊട്ടിക്കുന്ന മാർഷലിനെയും Premeshനേയും George Pulickanനേയും ലല്ലുവിനേയുമേ ഇവർക്കറിയൂ. സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ വാർത്ത ചെയ്യാൻ പോയി പുറംപിളരുന്ന അടി വാങ്ങിയ Marshalനെയോ Lalluവിനെയോ Mahesh നെയോ ഹർഷനെയോ സനീഷിനെയോ അറിഞ്ഞിട്ടുണ്ടാവില്ല. അക്കാലത്തവർക്ക് ഇന്നു കാണുന്ന പരിചിത മുഖമുണ്ടായിരുന്നില്ല.  തന്റെ കഷണ്ടിതലയേക്കാൾ പോലീസിന്റെ ലാത്തിക്ക് കടുപ്പമുണ്ടെണ് തെളിയിച്ച മനോരമയിലെ ഫോട്ടോഗ്രാഫർ ജയചന്ദ്രൻ ചേട്ടനെ ഞാനെന്നും ബഹുമാനത്തോടെയാണ് കണ്ടിട്ടുള്ളത് കാരണം അതേ ലാത്തി അദ്ദേഹത്തിന്റെ കയ്യിലെ എല്ലിന്റെ കട്ടിയും പരീക്ഷിച്ചിട്ടുണ്ട്. G Pramod Deshabhimani, Prasannan Mangalam, Muzafar AV , തുടങ്ങിയവർ സംഘർഷങ്ങളുടെ ഇടയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട എത്ര അവസരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പോലീസും ഗുണ്ടകളും ഒരുപോലെ കൈകോർത്ത കൊല്ലത്തെ മാതൃഭൂമി ലേഖകൻ ഉണ്ണിത്താനെ മറക്കാൻ സമയമായില്ല. ഇന്ന് ഒരു കറുത്ത ഗൗണെങ്കിലുമുണ്ട് നിങ്ങൾക്ക് ലാത്തിയെ വിരട്ടാൻ.  മഞ്ഞ പത്രങ്ങളും ലേഖകരും കാലാകാലങ്ങളിൽ ഇവിടെ ഉണ്ടായിരുന്നു. പക്ഷെ ഒന്നു മറക്കരുത്,അടിപേടിച്ച് മൂലക്കൊതുങ്ങിയിരുന്നെങ്കിൽ എന്നുമിവിടെ അടിയന്തിരാവസ്ഥ ആയിരുന്നേനേ.    വാൾ തലയിലൂടെ ഓടിക്കളിക്കുന്ന, ചൂണ്ടിനിൽക്കുന്ന തോക്കിലേക്ക് ഊതികളിക്കുന്ന നിന്നെ ഈ നീതിയുടെ പുങ്കവൻ മാർക്ക് ദഹിക്കില്ല. കാരണം നിന്റെ ജീവിതം 'അതുക്കും മേലെ' എന്നു ഞാൻ സാക്ഷ്യപ്പെടുത്തും.  

പണ്ട് ഞങ്ങൾ  പെരുമഴക്ക് തീ വെച്ചിട്ടുണ്ട്. കൊടും തണുപ്പിന്റെ തേറ്റയിൽ  കാവൽ കിടന്നിട്ടുണ്ട്  കരിമ്പാറ കുത്തി  ഉറവിലേക്ക് നീന്തിയിട്ടുണ്ട്. വെടിമരുന്നിന്റെ ചങ്കിലേക്ക്  ജീവിതം വെച്ചുകൊടുത്തിട്ടുണ്ട്‌.  

പവിത്രൻ തീക്കുനിയുടെ ഈ വരികൾ നിന്നെക്കുറിച്ചാണെന്നെനിക്കെപ്പോഴും തോന്നും. അല്ലെങ്കിൽ രണ്ടു തവണ രക്ഷപ്പെട്ട് തിരികെ വന്നിട്ടും നീ വീണ്ടും ISIS ന്റെ മടയിൽ പോയി തല വച്ചു കൊടുക്കുമോ.   ജോൺ നീ എനിക്കാരായിരുന്നു.? പലപ്പോഴും ക്യാമറയും തൂക്കി നീ അപ്രതീക്ഷിതമായി അവതരിച്ചു. ലോക രാഷ്ട്രീയം ചർച്ച ചെയ്തു. അഫ്ഗാൻ യുദ്ധ സ്മരണകൾ അയവിറക്കി, യാത്രാ, യുദ്ധവിവരണങ്ങൾ സരസമായി വിളമ്പി നിരന്തരം അസൂയപ്പെടുത്തി. ഇന്ത്യയെ പ്രണയിക്കുന്നു എന്നു നിരന്തരം ഓർമ്മപ്പെടുത്തി. വീണ്ടും ഇന്ത്യയിൽ വരാത്തതിന്റെ കാരണമായി, അവിടുത്തെ മനുഷ്യർ നല്ലവരാണെന്നും സാഹസികമായി ഒന്നും ചെയ്യാനില്ലാത്തിടത്ത് തനിക്ക് സ്ഥാനമില്ലെന്നും നീ നിരന്തരം പറഞ്ഞു. ഹിമാലയത്തിലെ ബൈക്ക് റാലിക്കിടെ എൻഫീൽഡുമായി കൊക്കയിലെക്ക് മറിഞ്ഞ് മിനിറ്റുകൾക്കകം തത്തിപ്പിടിച്ച് കയറി വന്ന നിന്നെ പലരും അദ്ഭുതത്തോടെ സ്മരിക്കുന്നത് പലവട്ടം ഞാൻ കണ്ടു. ഒരു സ്യൂട്ട് കേസ് വലിപ്പത്തിൽ 2000 അടിയിലേറെ താഴ്ചയിൽ നിന്നും കണ്ടെടുത്ത ആ ബൈക്ക് ഇന്നും അങ്ങനെ തന്നെ ഞങ്ങളുടെ കയ്യിലുണ്ട്.   നമ്മൾ ആദ്യമായി കണ്ടുമുട്ടിയത് ഇന്നലെ എന്നപോലെ ഞാൻ ഓർക്കുന്നു. 2004 ലെ എൻഡ്യൂറോ ഇന്ത്യ ബൈക് റാലിയുടെ തുടക്കത്തിൽ കടവ് റിസോർട്ടിലെ സ്വിമ്മിങ്ങ് പുളിന്റെ അരികിൽ ഒരു കിങ്ങ് ഫിഷർ ബിയർ നുണഞ്ഞുകൊണ്ടു നീ എന്നെ പരിചയപ്പെടാൻ കൈ നീട്ടി. MCN എന്ന മോട്ടോർ സൈക്കൾ മാഗസിനു വേണ്ടി ചിത്രങ്ങളെടുക്കാനാണ് എത്തിയിട്ടുള്ളതെന്ന്‌ പറഞ്ഞു. ഞാൻ ഒരു മാദ്ധ്യമ പ്രവർത്തകനാണെന്നറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ സൗഹൃദം ലണ്ടൻ ജേർണലിസ്റ്റ് ക്ലബ്ബിലെയും അതിനടുത്ത പബ്ബിലെയും അപ്രതീക്ഷിത്ര കണ്ടുമുട്ടലുകളിൽ ദൃഢപ്പെട്ടു.  ഞാൻ ശ്രീലങ്കൻ യുദ്ധ തീവൃത വിവരിച്ചപ്പോൾ ആശ്വസിപ്പിക്കാൻ നീ പറഞ്ഞ അഫ്ഗാൻ, ഇറാവ്, സിറിയൻ കഥകൾ ഇന്നലെയെന്ന പോലെ എനിക്കോർമ്മയുണ്ട്. അതിനു പകരം വയ്ക്കാൻ ഇന്നോളമൊന്നും ഞാൻ കേട്ടിട്ടില്ല. നിന്റെ ഒരു വാചകം ഇന്നും എന്റെ കാതിൽ മുഴങ്ങുന്നുണ്ട് " ലോക നേതാവായാലും നീ ആയാലും ഞാനായാലും ഒരു ബുള്ളറ്റോ കത്തിയോ മതി എന്ന് എല്ലാവർക്കും മനസ്സിലാവുന്ന കാലം യുദ്ധം അപ്രത്യക്ഷമാകും " ഞാൻ കാത്തിരിക്കുന്നുണ്ട് ജോൺ നമ്മുടെ സ്ഥിരം മൂലയിൽ, നീ പിന്നിലൂടെ വന്ന് 'Can I buy you a drink mate' എന്ന് ചോദിക്കുന്നത് കാതോർത്ത്...!</p>