User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

അഗ്നി.

അതൊരിക്കൽ മനുഷ്യർക്ക്‌ ലഭ്യമായിരുന്നില്ല. യവനപുരാണത്തിൽ പറയുന്നത് പ്രൊമിത്യുസ് കളിമണ്ണിൽ തീർത്ത ശില്പത്തിന് അഥീന ജീവൻ നൽകിയതിൽ

നിന്ന് തുടങ്ങുന്നു മാനവ രാശിയുടെ ഉല്പത്തി എന്നാണ്. സുഖവും ദു:ഖവും, പകയും വിദ്വേഷവും, കുശുന്പും കുന്നായ്മയുമൊക്കെ മാനവ രാശിക്ക് സമ്മാനിക്കുവാൻ പ്രൊമിത്യുസിന് കഴിഞ്ഞുവെങ്കിലും, അവർ തികഞ്ഞ അന്ധകാരത്തിൽ ആയിരുന്നതിൽ പ്രൊമിത്യുസ് തികച്ചും ദു:ഖിതനായിരുന്നു. അഗ്നി അന്ന് ദേവന്മാർക്ക് മാത്രം സ്വന്തമായിരുന്നു. മനുഷ്യർക്ക്‌ അഗ്നി ലഭ്യമല്ലാത്തതിൽ മനം നൊന്ത പ്രൊമിത്യുസ് ദേവ ലോകത്തുനിന്നും അഗ്നി മോഷ്ടിച്ച് ഭൂമിയിലേക്കെറിഞ്ഞു.

ഇതറിഞ്ഞ് കോപിഷ്ടനായ ദേവന്മാരുടെ ദേവനായ സ്യുസ് , പ്രൊമിത്യുസിനെ കോക്കസസ് പർവ് വതത്തിലെ ചുട്ടു പഴുത്ത ഒരു പാറമേൽ ബന്ധനസ്ഥനാക്കി. അവിടെ എല്ലാ ദിനവും ഒരു കഴുകൻ വന്ന് പ്രൊമിത്യുസിന്റെ നെഞ്ച് കൊത്തിപ്പിളർന്ന് കരൾ കൊത്തിവലിച്ചു തിന്നുകയും, രാത്രിയിൽ ശരീരം പൂർവ് വ സ്ഥിതി പ്രാവിക്കുകയും ചെയ്‌യുമായിരുന്നു. പ്രൊമിത്യുസ് പകൽ മുഴുവൻ അടക്കാനാവാത്ത വേദനയാൽ പുളഞ്ഞു. അഗ്നികൊണ്ട് മനുഷ്യർ കാട്ടിക്കൂട്ടുവാൻ പോകുന്ന വിപത്തിനെക്കുറിച്ച് പ്രൊമിത്യുസ് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്യുസ് ഇത് മുൻകൂട്ടി കണ്ടുതന്നെയാവണം മനുഷ്യർക്ക്‌ അഗ്നി നിഷേധിച്ചത്. അനർഹർക്ക് അഗ്നി സമ്മാനിച്ചതിന് ഇതിൽപ്പരം വലിയ ശിക്ഷ എന്തുണ്ട് ? മരണമില്ലാത്തവനായ പ്രൊമിത്യുസിനെ ഈ തീരാവേദനയിൽ നിന്നും, ബന്ധനത്തിൽ നിന്നും മോചിപ്പിച്ചത് യവന പുരാണ നായകനായ ഹെരാക്ലീസ് ആയിരുന്നു. സ്യുസിന്റെ മകനായിരുന്നു ഹെരാക്ലീസ്.

പ്രൊമിത്യുസിന്റെ വേദനയൊക്കെ ഇന്നാരറിയാൻ ! കഥയിൽ ചോദ്യത്തിന് പ്രസക്തിയില്ലല്ലോ ! അഗ്നിയെ പരീക്ഷിച്ചതിന് ജീവിതാവസാനംവരെ തീ തിന്നു ജീവിച്ച ഒരു മാതൃത്വം നമ്മുടെ പുരാണത്തിലുമുണ്ട്. പ്രഭാതസ്നാനം കഴിഞ്ഞ് ഈറനുടുത്ത് നിന്ന പൃഥ (കുന്തി ) തീർത്തും കാമ പരവശയായിരുന്നിരിക്കണം. അല്ലെങ്കിൽ അങ്ങനെ ഒരു സാഹസത്തിന് യൌവ് വനയുക്തയായ ഒരു പെൺകൊടിയും മുതിരുവാൻ സാദ്ധ്യതയില്ല. അതും ക്ഷിപ്രകോപിയായ ദുർവ് വാസാവ് , ഗുരു പൂജയിൽ സംതൃപ്തനായി ചൊല്ലിക്കൊടുത്ത മന്ത്രത്തിൽ സംശയം തോന്നി അത് പരീക്ഷിക്കുവാൻ തീരുമാനിക്കുക. അടക്കാനാവാത്ത കാമം വിവേകത്തെ കീഴ്പ്പെടുത്തിയതാവാം ! ഏഴ് അശ്വങ്ങളെ പൂട്ടി അരുണൻ തെളിക്കുന്ന തേരിൽ പ്രഭാത സവാരിക്കിറങ്ങിയ സൂര്യന്റെ പ്രഭയിൽ അനുരക്തയായി പൃഥ രണ്ടും കല്പിച്ച് ആ മന്ത്രം ഉരുവിട്ടു. സ്വന്തം കാമാഗ്നിയെ പൃഥ അഗ്നിയിൽ തന്നെ ലയിപ്പിക്കുകയായിരുന്നു. ഉഷ്ണേ ഉഷ്ണേന ശാന്തി എന്നാണല്ലോ പ്രമാണം. ഞൊടിയിടയിൽ തന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട ഉഗ്രപ്രതാപിയെ കണ്ടു ഭയന്ന പൃഥ കേണപേക്ഷിച്ചു. എനിക്ക് ഒരബദ്ധം സംഭവിച്ചതാണ് അങ്ങ് എനിക്ക് മാപ്പ് തന്ന് തിരിച്ച് പോകണം. സൂര്യൻ പൃഥയെ സമാധാനിപ്പിച്ച് ഇപ്രകാരം പറഞ്ഞു . ഈ മന്ത്രത്തെ തിരസ്കരിക്കുവാൻ എനിക്ക് കഴിയില്ല , അതിനാൽ നീ ആവശ്യപ്പെട്ടത്‌ സാധിച്ചു തരാതെ തിരിച്ച് പോകുവാൻ എനിക്ക് സാദ്ധ്യമല്ല കുഞ്ഞേ. ദേവന്മാരെല്ലാം അങ്ങനെയാണ്, അവർ നനഞ്ഞാൽ പിന്നെ കുളിച്ചേ കേറൂ... സൂര്യദേവൻ അന്ന് നന്നായി മുക്കിളിയിട്ടു കുളിച്ചു. പൃഥയ്ക്ക് കവചകുണ്ഡലങ്ങളോട് കൂടി തേജസ്വിയായ പുത്രനെ സമ്മാനിച്ച്‌ , നീ ഇപ്പോഴും കന്യകയാണ് എന്ന് പ്രഖ്യാപിച്ച് മൂട്ടിലെ പൊടിയും തട്ടി സൂര്യൻ പിരിഞ്ഞു.

ആത്മഗതം : - സദാചാര പൊലീസുകാർ അന്നൊന്നും ഉണ്ടായിരിക്കാൻ വഴിയില്ല , അഥവാ ഉണ്ടായിരുന്നാൽ തന്നെയും യജമാനന്മാർക്ക്‌ മുന്നിൽ വെറും ഏറാൻ മൂളികളാണല്ലോ ഏതു പൊലീസും. അവർ കവാത്ത് മറക്കും.

കാമാഗ്നി കെട്ടടങ്ങിയ പൃഥ തന്റെ മുന്നിൽ കൈകാലിളക്കി കളിക്കുന്ന പിഞ്ചു കുഞ്ഞിനെ എന്തു ചെയ് യേണ്ടു എന്നറിയാതെ വിറങ്ങലിച്ചു നിന്നു. ഒടുവിൽ കൈയിൽ കിട്ടിയ പേടകത്തിൽ കുട്ടിയെ കിടത്തി ഗംഗാ നദിയിലേയ്ക്കൊഴുക്കി. ഗംഗ ആ പേടകം ഇരുകൈ നീട്ടി ഏറ്റുവാങ്ങി മന്ദമായി ഒഴുകി. ഹസ്തിനപുരിയിലെ തേരാളിയായ അധിരഥൻ കുഞ്ഞിനെ രക്ഷിച്ച്, അദ്ദേഹവും ഭാര്യയായ രാധയും കൂടി കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ കുട്ടിയ്ക്ക് 'കർണ്ണൻ 'എന്ന പേരുനൽകി വളർത്തി. പിൽക്കാലത്ത്‌ 'രാധേയൻ' എന്ന പേരിലും 'സൂതപുത്രൻ' എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു. സൂതപുത്രനായി വളർന്ന കർണ്ണന് അനുഭവിക്കേണ്ടി വന്നിട്ടുള്ളത്ര അധിക്ഷേപവും, ശാപങ്ങളും മറ്റൊരു പുരാണ കഥാപാത്രത്തിനും അനുഭവിക്കേണ്ടിവന്നിട്ടുണ്ടാകുവാൻ ഇടയില്ല. മരണം വരെയും മാതാവ് രാധയെന്നും താതൻ അധിരഥനെന്നും അഭിമാനത്തോട്‌ വിളിച്ചു പറഞ്ഞ ആ വീര യോദ്ധാവ് ഒരിക്കലെങ്കിലും തനിക്ക് ജന്മം നല്കിയവരെക്കുറിച്ച് സന്ദേഹപ്പെട്ടിരിക്കില്ലേ ! " എന്തിഹ മൻ മാനസ്സെ സന്ദേഹം വളരുന്നു... അംഗേശനായ ഈ ഞാൻ എങ്ങു പിറന്നവനോ... ഇങ്ങാരറിവൂ... ഞാൻ ആരെന്റെ വംശം എങ്ങോ... മാതാവ് രാധ താനോ... താതൻ അധിരഥനോ... ഹാ... ദൈവമേ... എൻ ജന്മ ദാതാക്കൾ ആരോ... ഒന്നു കാണുമോ ഞാനവരെ ... അവരെ കാണുക ഇല്ല എന്നോ... ഒന്നു കാണാതെ മരിക്കുവാൻ ആണോ... ശിരോലിഖിതം... "

അഗ്നിയെ പരീക്ഷിച്ചതിന് പൃഥയ്ക്ക് ജീവിതാവസാനം വരെ തീരാദു:ഖം അനുഭവിക്കേണ്ടി വന്നു. കർണ്ണനെ തന്റെ കണ്മുന്നിൽ വെച്ച് നിന്റെ കുലമേത്, മാതാവാര്, പിതാവാര് എന്നുള്ള ചോദ്യ ശരങ്ങളുടെ മുൾമുനയിൽ നിർത്തിയപ്പോൾ പോലും പൃഥ ദുരഭിമാനം ഭയന്ന്, എന്റെ മകനാണ് കർണ്ണൻ അവന്റെ പിതാവ് ഉഗ്ര പ്രതാപിയായ സൂര്യനാണ് എന്ന് മാറിടം പിളർക്കുമാറുച്ചത്തിൽ വിളിച്ച് പറഞ്ഞ് ധീരനായ ആ യുവാവിന്റെ മാനം കാത്തില്ല. മാതൃത്വത്തിന് തന്നെ നാണക്കേടാകുവാൻ പൃഥയെ പ്രേരിപ്പിച്ചതും അഭിമാനമായിരുന്നു. ദേവന്മാരിൽ സുരക്ഷിതമായിരുന്ന അഗ്നി മനുഷ്യർക്ക് ലഭ്യമായതുമുതൽ അവർ അതിനെ ദുരുപയോഗം ചെയ് യുവാനും തുടങ്ങി.

മാനവ ചരിത്രത്തിൽ അഗ്നിയെ ഏറ്റവും മോശമായ രീതിയിൽ ഉപയോഗിച്ചത് ഒരു കാലത്ത് ഭാരതത്തിൽ നിലനിന്നിരുന്ന സതി എന്ന ഹീനകൃത്യത്തിന് വേണ്ടി തന്നെ ആയിരിക്കും എന്നുവേണം കരുതാൻ. ഒൻപതാം നൂറ്റാണ്ടിൽ ആണ് ചൈനാക്കാർ കരിമരുന്ന് കണ്ടുപിടിച്ചത് . അഗ്നിയും കരിമരുന്നും കൂടി ചേർന്നപ്പോൾ അവ സൃഷ്ടിക്കുന്ന ഭീകരത കൂടുതൽ ഭയാനകമായി. ഇവ രണ്ടും മനുഷ്യർ, ആചാരങ്ങൾക്കും അനാചാരങ്ങൾക്കും യുദ്ധത്തിനും കലാപങ്ങൾക്കും ഭീകരാക്രമണത്തിനും മറ്റും ദുരുപയോഗം ചെയ്ത് പരസ്പരം ചുട്ടുകരിച്ചു വിജയം ആഘോഷിക്കുന്നു.

ആനയും അന്പാരിയും വെടിക്കെട്ടുമെല്ലാം ഓരോ ദേശക്കാർക്കും, പ്രമാണികൾക്കും, മാടന്പിമാർക്കും അഭിമാനത്തിന്റെ ചിന്ഹങ്ങളാണ്. അവിടെ മിണ്ടാപ്രാണികളുടെയും, പാവപ്പെട്ട മനുഷ്യരുടെയും ജീവന് എന്ത് വില ! അല്ലെങ്കിൽ തന്നെ അവർക്കെന്തഭിമാനം ! കേരളത്തിലെ ചില ക്ഷേത്രോത്സവങ്ങൾക്കും, പെരുന്നാളിനും ആനയും അന്പാരിയും വെടിക്കെട്ടും വേണ്ടെന്നു വെച്ച് ചില ഉത്സവ - പെരുന്നാൾ കമ്മിറ്റിക്കാർ മറ്റുള്ളവർക്ക് മാതൃകയാകുന്നു എന്ന വാർത്ത വളരെ ശ്രദ്ധേയമായിരുന്നു. അത് തീർത്തും പ്രശംസനീയവുമാണ്. എന്നാൽ ഈ വേണ്ടെന്നു വെയ്ക്കൽ ആചാരാനുഷ്ഠാനങ്ങളോടുള്ള വിരക്തി കൊണ്ടുണ്ടായതാണ് എന്ന് വേണമോ കരുതാൻ ? ഒരിക്കലും അതിനു വഴിയില്ല.

ആന എഴുന്നള്ളിപ്പും വെടിക്കെട്ടും നടത്തി മനുഷ്യന്റെ ജീവനെടുത്താൽ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെടും എന്ന ഭയം തന്നെയാവണം ഈ തീരുമാനത്തിന് പിന്നിൽ. ഈ ഭയമാണ് നമുക്കിന്നാവശ്യം. ആന എഴുന്നള്ളിപ്പും വെടിക്കെട്ടും നടത്തി മനുഷ്യന്റെ ജീവനെടുക്കുന്നവരെ ശിക്ഷിക്കുവാൻ പോന്ന നിയമം നടപ്പിലാക്കുവാൻ കഴിയാത്തതിന് കാരണം സംശുദ്ധരായ ഭരണാധിപന്മാർ നമുക്കില്ലാത്തതാണ്. അനധികൃതമായി നേടിയ സന്പത്തും സ്ഥാനമാനങ്ങളും സംരക്ഷിക്കുവാൻ അവർക്ക് എന്നും അധികാരം എന്ന ആയുധം വേണം. അതുകൊണ്ട് അധികാരത്തിനുവേണ്ടി അവർ ഏത് തിന്മയ്ക്കും കൂട്ടുനിൽക്കും. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കിൽ, തന്റെ അമ്മയ്ക്ക് കരം ഒഴിവാക്കിക്കൊടുത്ത കണ്ടെഴുത്ത്‌ പിള്ളയുടെ കൈയരിഞ്ഞ വേലുത്തന്പി ദ ളവയുടെ പിന്മുറക്കാരായി ഒരായിരം വേലുത്തന്പി ദളവമാർ നമ്മുടെ നാട്ടിൽ ജനിക്കണം. ആ ഒരു പുലരി ഉണ്ടാകുന്നതുവരെ നിങ്ങൾ അഭിമാനത്തിന്റെ പേരും പറഞ്ഞ് എല്ലാ വിലക്കുകളും ലംഘിച്ച് ആൾക്കൂട്ടത്തിനിടയിൽ മദമിളകിയ ആനകളെ ഇറക്കി വിട്ടും ലോകത്ത് കിട്ടാവുന്നത്രയും കരിമരുന്ന് ശേഖരിച്ച് മത്സരിച്ച് കത്തിച്ചും പാവപ്പെട്ടവന്റെ സ്വപ്നങ്ങളും ജീവിതവും ചുട്ടു കരിച്ച് അണ്ഡകടാഹം നടുങ്ങുമാറുച്ചത്തിൽ ആർത്ത് വിളിക്കണം ; " ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇത് നമ്മുടെ മഹത്തായ ആചാരമാണ്. ആചാരവെടിയുടെ ഉഗ്രസ്പോടനത്തിൽ മനുഷ്യ ശരീരം ചിന്നിച്ചിതറുന്പോഴും ഒരൊറ്റ ശ്രീകോവിലും ഇവിടെ തകരുകയില്ല. തുമ്പികൈ തളർന്ന് വെള്ളം പോലും കുടിക്കുവാൻ കഴിയാത്ത രാമഭദ്രന്റെ മോഹസാഫല്യത്തിനായി, പഴുത്ത വ്രണത്തിൽ നിന്നും ചലമൊലിക്കുന്ന ആ ദേഹത്ത് തന്നെ നമ്മൾ തിടന്പെഴുന്നള്ളിക്കും. ആരെതിർത്താലും നമ്മൾ ഇതു തുടരും. മനുഷ്യരുടെയും മിണ്ടാപ്രാണികളുടെയും ജീവനേക്കാൾ വലുത് നമുക്ക് അഭിമാനമാണ്. അഭിമാ....നം " കേഴുക മമ നാടെ...