1945 മെയ് 2 - ജെർമ്മനിയുടെ മണ്ണിൽ ജർമ്മൻ സേന പരാജയപ്പെടുന്നു. മെയ് എട്ടാം തീയതി രണ്ടാം ലോകമഹായുദ്ധം
അവസാനിച്ചതായി ചർച്ചിൽ പ്രഖ്യാപിച്ചപ്പോൾ, ഒടുങ്ങിയത് ജർമ്മനിയുടെ അടങ്ങാത്ത സാമ്രാജ്യ മോഹമായിരുന്നു. ഇന്നിതാ ആ മോഹം ജനാധിപത്യത്തിന്റെ മൂടുപടവും അണിഞ്ഞ് എത്തിയിരിക്കുന്നു. യൂറോപ്പ്യൻ യുണിയൻ ആയി ആ സാമ്രാജ്യ സത്വം ഉയിർത്തെഴുന്നേറ്റിരിക്കുന്നു. എല്ലാ ജനാധിപത്യ വാദികളും, സാംസ്കാരിക നായകരും, വിശാല മനസ്കരായ ദേശീയ വാദികളും അതിന്നു ചുവട്ടിലെ ബീഭത്സമായ നിഴലിൽ ഒത്തുകൂടിയിരിക്കുന്നു; സത്വത്തെ വിശുദ്ധനായി പ്രഖ്യാപിക്കുവാൻ.
വാണിജ്യ കൂട്ടായ്മയായി തുടങ്ങി, സൈനിക സഖ്യമായി രൂപ പരിണാമം ചെയ്തുകൊണ്ടിരിക്കുന്ന ഈ വിപത്തിന്റെ വിധി നിർണ്ണയിക്കുന്നത് ജൂൺ 23-നു ബ്രിട്ടനിൽ (U K) നടക്കുന്ന ഹിത പരിശോധനയിലൂടെ ആയിരിക്കും. ബ്രിട്ടൻ യുനിയനിൽ ചേരാൻ തീരുമാനിച്ചാൽ, അതൊരു സുപ്പർ പവറിന്റെ ആനിഷ്യേധ്യമായ താരോദയമായി തീരും. ലോക രാഷ്ട്രങ്ങളെ വാണിജ്യ, സാമ്പത്തിക, സൈനിക ഉപരോധങ്ങളിലൂടെ ചൊൽപ്പടിക്കു നിറുത്താൻ കഴിവുള്ള ശക്തിയായി മാറും എന്ന പരമാർധം വിദഗ്ധമായി മറയ്ക്കപ്പെട്ടിരിക്കുന്നു. സ്തുതിപാഠക വൃന്ദത്തിന്റെ കാഴ്ച ഒരു ദശാബ്ദത്തി നപ്പുറത്തേക്ക് നീളുന്നുമില്ല.
ലോക നേതാക്കളെയും, സെലെബ്രിട്ടികളെയും, വിദഗ്ധരെയും നെരത്തി നിറുത്തി അവരെക്കൊണ്ടു ഭീഷണി മുഴക്കിക്കുന്നു, ബ്രിട്ടൻ യൂറോപ്യൻ യുണിയനിൽ ചെർന്നില്ലെങ്കിൽ ബ്രിട്ടന്റെ ഭാവി അപകടം നിറഞ്ഞതായിരിക്കുമെന്ന്. യഥാർഥത്തിൽ യുണിയന്റെ സാമ്രാജ്യ സ്വപ്നങ്ങളും, അതിനു മുകളിൽ പടുത്തു യർത്താം എന്ന് കരുതിയിരിക്കുന്ന, സാമ്പത്തിക ശക്തിയുമാണ് തകരുന്നത്.
ഹിതപരിശോധനയിൽ ഏറ്റവും മുന്തിയ പ്രശ്നം immigration തന്നെ ആണ്. യുനിയനുള്ളിൽ രാജ്യാതിർത്തികളെ മറികടന്നു കൊണ്ട് വ്യക്തികളുടെ സ്വതന്ത്രമായ യാത്രയും, ആവാസവും ഉറപ്പാക്കുന്നു എന്നതുതന്നെയാണ് കീറാമുട്ടിയായി ബ്രിട്ടനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതിനെ പുരോഗമന ആശയമായി ഉയർത്തി ക്കാണിച്ചു കൊണ്ടാണ് ഇടതുപക്ഷം പോലും ഈ സാമ്രാജ്യ വൽക്കരണത്തെ പിന്താങ്ങുന്നത്. ഇതാണോ പുരോഗമനം?
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കറുത്ത തോലിക്കാരനും, ഏഷ്യയിലെ തവിട്ടു തോലിക്കാരനും, ഈ പുരോഗമനം എന്തുകൊണ്ട് യുറോപ്പിലേക്ക് കടക്കാൻ അനുവദിക്കുന്നില്ല. അപ്പോൾ എല്ലാവരുടെയും സ്വതന്ത്രമായ സവാരിയല്ല, കുറച്ചുപേരുടെ സ്വതന്ത്ര സവാരിയാണ് ലക്ഷ്യം വയ്ക്കുന്നത്.
ബ്രിട്ടന്റെ അതിരുകൾ റൊമേനിയ ക്കാരനും, തുർക്കിക്കും തുറന്നു കൊടുക്കാൻ വാദിക്കുന്നവർ എന്തേ ഇറ്റലിയുടെ അതിരുകൾ മധ്യതരണ്യ ആഴി നീന്തി വരുന്ന സിറിയൻ അഭയാർഥിക്കു മുന്നിൽ കൊട്ടി അടയ്ക്കുന്നു? അറബ് വസന്തത്തിന്റെ ബാക്കി പത്രമായി യുറോപ്പിലേക്കുണ്ടായ അഭയാര്ഥി പ്രവാഹത്തെ തടയിടാനാണ് യുണിയൻ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യുദ്ധ ക്കെടുതി കളിൽ നിന്നും പലായനം ചെയ്യുന്നവന്റെ മുന്നിൽ കാണികാത്ത കാരുണ്യം ശാന്ത ജീവിതം നയിക്കുന്ന ബൾഗേറിയ ക്കാരനും, പോളണ്ട് കാരനും നല്കണമെന്ന് വാദിക്കുന്നതിലെ മാനുഷിക മൂല്യം ഒട്ടും തന്നെ മനസ്സിലാകുന്നില്ല. ഉത്തര ആഫ്രിക്കയിൽ നിന്നും ഉള്ള 'ശല്യം' യുറോപ്പിൽ കയറണ്ടാ എന്ന് യുനിയൻ പറയുന്നത് തന്നെ യാണ് ബ്രിട്ടനും പറയുന്നത്. പുരൊഗമനക്കാരും വിശാല മനസ്ക്കരും ഈ വൈരുധ്യം എന്തേ കാണാത്തത്?
അപ്പോൾ തെളിഞ്ഞു വരുന്നത് സാമ്രാജ്യ വാദം തന്നെയാണ്. അല്ലാതെ ഉദാത്തമായ ദേശീയ വാദമല്ല, മൂല്യ ബോധവുമല്ല.
ഇന്ത്യൻ ദേശീയത ബ്രിട്ടന്റെ സാമ്രാജ്യ വൽക്കരണത്തിന് തലവേദന സൃഷ്ടിച്ചു കൊണ്ടാണ് സ്വാതന്ത്ര്യം നേടിയത് തന്നെ. സാമ്രാജ്യങ്ങൾ എക്കാലത്തും ചൂഷണവും, അസന്തുലിതാവസ്ഥയും, യുദ്ധവും, ഭീഷണിയും ആണ് ലോകത്തിനു നല്കിയിട്ടുള്ളത്. അതിനെ ദേശീയതയായി കാണുന്നത് കാഴ്ച്ചയുടെ വൈകല്യമാണ്. സാമ്രാജ്യത്തെ എതിർത്തു തോല്പ്പിക്കുക എന്നതാണ് സാർവലൗകികതയിലേക്കുള്ള വഴി. ദേശീയത അല്ല നമുക്കാവശ്യം; മറിച്ചു അന്തർദേശീയതയാണ്. പുരോഗമനം യൂറോപ്പല്ല, മറിച്ച് സർവ്വ രാജ്യങ്ങളുമാണ്. അതിനു UN പോലുള്ള അന്തർ ദേശീയ സംഘടനകളെ ശുദ്ധീകരിച്ചു, ശക്തമാക്കുക എന്നതാണ് ചെയ്യേണ്ടത്. അതിരുകൾ മായിക്കുന്നത് നല്ലതാണ്. അതു പക്ഷെ ഭൂമിയിലെ എല്ലാ മനുഷ്യനും എവിടെയും പോകാനുള്ള സ്വാതന്ത്ര്യമാവണം. അല്ലാതെ വ്യാപാര, സാമ്പത്തിക, സൈനിക കൂട്ടായ്മകളുടെ രാജപാതായി ലേക്കുള്ള കുറുക്കു വഴികളായി മാറരുത്.