User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

വിശേഷമായി പറയട്ടെ, അന്റാർട്ടിക്കയിൽ പൂർവാധികം ഭംഗിയായി ഐസ് ഉരുകുന്നു. ഭൗമ പരിസ്ഥിതിയിലെ സാരമായ

മാറ്റങ്ങൾക്കു നിദാനമായി സൂചിപ്പിക്കപ്പെടുന്നതോ ഫോസ്സിൽ ഇന്ധനങ്ങളുടെ വർദ്ധിച്ച ഉപയോഗവും. ഇതോടൊപ്പം ശേഷിച്ച മഴക്കാടുകൾ ഓയിൽ പാം പോലുള്ള നാണ്യ വിളകൾക്കായി വഴി മാറുമ്പോൾ പരിസ്ഥിതിയുടെ തുലനാവസ്ഥ അതിവേഗം മാറുകയാണ്‌ ചെയ്യുന്നത്. വർദ്ധിച്ച വ്യാവസായിക മലിനീകരണവും ഈ മാറ്റത്തെ ത്വരിത ഗതിയിലേക്ക് നയിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ അന്താരാഷ്‌ട്ര വേദികളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഗ്ലോബൽ വാർമിങ്ങും അതിന്റെ കാരണങ്ങളും, പരിഹാര  മാർഗങ്ങളും. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ആരംഭിച്ച നവ സാമ്രാജ്യ വല്ക്കരണത്തിനായി പടിഞ്ഞാറൻ സമ്പന്ന രാഷ്ട്രങ്ങൾ ഏറ്റവും സമർധമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഉപകരണമാണ് ഈ പാരിസ്ഥിതിക വിഷയം. നേരിട്ടുള്ള പിടിച്ചടക്കലുകളുടേയും, നേർക്ക്‌ നേർ യുദ്ധങ്ങളുടെയും കാലം ഏതാണ്ടു കഴിഞ്ഞതോടെ വിഭവങ്ങൾക്കും വിപണിക്കും വേണ്ടിയുള്ള പുതിയ പിടിച്ചടക്കൽ തന്ത്രങ്ങളിൽ സമ്പന്ന രാഷ്ട്ര കൂട്ടായ്മകൾ ധാരാളമായി ഉപയോഗിക്കുന്നതും പരിസ്ഥിതി പ്രശ്നങ്ങള തന്നെ. ആഗോള സമ്പദ് വ്യവസ്ഥയുടെ കേന്ദ്ര സ്ഥാനത്തേക്ക് ചലിച്ചുകൊണ്ടിരിക്കുന്ന വികസ്വര രാഷ്‌ട്രങ്ങളുടെ മാനവ വിഭവ കേന്ദ്രീകൃതവും പ്രായേണ ചെലവു കുറഞ്ഞതുമായ ഉത്പാദന വ്യവസ്ഥകൾക്ക് കടിഞ്ഞാണിടാനും അതുവഴി വിപണിക്കു മേലുള്ള അധീശത്വം ഉറപ്പു വരുത്തുവാനും ധ്രുവ പ്രദേശങ്ങളിലെ കണ്ണീർ വാർക്കുന്ന മഞ്ഞു കട്ടകൾ പരമാവധി ഉപയോഗിക്കുന്നു. മനുഷ്യരാശി ഭൌതികമായ അറിവിന്റെ ചക്രവാളങ്ങൾ കീഴടക്കുമ്പോളും, പൂർണമായും ചൂഷണ രഹിത മല്ലെങ്കിൽ പോലും, അനിയന്ത്രിതമല്ലാത്ത ഒരു ചൂഷണ വ്യവസ്ഥ എങ്കിലും ഇവിടെ സംജാതമാകാത്തത് ഏറെ ചിന്തിപ്പി ക്കുന്ന വിഷയമാണ് (ചൂഷണ രഹിതമായ ഒരു സാമൂഹിക വ്യവസ്ഥിതി ഒരു സ്വപ്നമായി അവിടെ നിൽക്കട്ടെ ).മതങ്ങളും ദർശനങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ഉണ്ടെങ്കിലും എല്ലാവർക്കും വേണ്ടിയുള്ള ഒരു ആവാസ വ്യവസ്ഥ ഉരുത്തിരിയാത്തത് എന്തുകൊണ്ടാണ്?

മൂല്യ ബോധം ഭൌതികതയിൽ ഉറച്ചു പോയതുകൊണ്ടാണോ, പ്രകൃതിയെയും, തന്നെ തന്നെയും മനസ്സിലാക്കാൻ മനുഷ്യനു കഴിയാതെ വരുന്നതു കൊണ്ടാണോ മുകളിൽ നിന്നും അടിച്ചേൽപ്പിക്കാത്ത ഒരു അച്ചടക്ക ബോധം ഉപഭോഗതൃഷ്ണയ്ക്ക് മേലെങ്കിലും ഉരുതിരിയാത്തത്?