User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

അടിക്കുറിപ്പ് മത്സരത്തിന് തെരഞ്ഞെടുത്തു വച്ച ഒരു ബഹുവര്‍ണ്ണ ചിത്രത്തെ കുറിച്ചാണ് സംസാരിക്കുന്നത്.

 അടിക്കുറിപ്പുകള്‍ ഒറ്റ വാക്യങ്ങള്‍ ആകണമെന്ന് നിബന്ധനയുണ്ടായിരുന്നു.  ഒറ്റവാക്യങ്ങള്‍ സമാഹരിക്കപ്പെടുന്ന പരിശ്രമം, ഒരിമിച്ചുള്ള വായനക്കൊടുവില്‍ വിമര്‍ശിക്കപ്പെടാന്‍ മാത്രമേ തരമുള്ളൂ. അനിതര സാധാരണമായ തുടര്‍ച്ചയാണത്.   വിൻസൻറ് വാൻഗോഗിന്റെ സൂര്യകാന്തികൾ ഒരുമിച്ച് . വിരലറ്റം നുണഞ്ഞുനടക്കുന്ന വിഹ്വല സ്വപ്നമേ. നിന്നിലേക്ക്‌ സംക്രമിക്കുന്ന എന്റെ നിശ്വാസങ്ങളുടെ വർണ്ണ സമുച്ചയം. പിറക്കാതെ പോയ പുത്രൻറെ അരങ്ങേറ്റ വസ്ത്രം. സശ്രദ്ധയാൽ കൈതട്ടി, വെള്ളപ്പട്ടു വിവാഹ വസ്ത്രത്തിൽ ചരിഞ്ഞ കുങ്കുമം. നീർമാതളം പൂക്കുന്ന വേളകളിൽ അരയാൽ ചില്ലയിൽ   നിന്ന് വീശിത്തുടങ്ങുന്ന ഇളം കാറ്റ്. മഞ്ചാടി മണികൾ ചിതറിയ ഒരങ്കണത്തിൽ ഒറ്റക്കിരുന്നു ഈറക്കുഴൽ ഊതിയാർത്ത അധകൃത ബാലന്റെ മയിൽ‌പ്പീലി തുണ്ടുകൾ.  ഓട്ടുരുളിയിൽ നിറച്ചു പൊലിച്ച പോയ കാലത്തിനു മേലെ, ഒരു വെറ്റിലപ്പുറത്ത് വച്ച ഒറ്റനാണയം.   കാറ്റുകൾ താഴ്വാരങ്ങളിൽ വിതച്ച വിത്തുകൾ മുള പൊട്ടുന്ന മൃദുരവ സർവ്വം ചമച്ച സ്മൃതികൾ പറയാതെ പറഞ്ഞു പോകുന്ന സാര സാന്ദ്രതകൾ.   പാവാടത്തുമ്പ്‌ സഞ്ചിയിൽ കരുതിയ വളപ്പൊട്ടുകൾ കൊണ്ടലങ്കരിച്ച ഇളം ചെന്തെങ്ങിൻ തടത്തിലെ മണ്ഡപത്തിൽ, നാട്ടുപൂക്കൾ കോർത്തെടുത്തുണ്ടാക്കിയ വരണമാല്യമന്യോന്യമണിയിച്ചു നടത്തിയ കല്യാണ സദ്യയിൽ  പങ്കെടുത്ത കാവളം കിളി മൊഴി നിറങ്ങൾ. 

നോക്കൂ ...ഒറ്റ വാക്യങ്ങളുടെ നീളം കൂടുന്നു.  തുടികെട്ടു തടിയീ മണ്ണിൻ മാറിൽ, മൌനങ്ങൾ കനത്തു നിതാന്തം ധരയുടെ   സ്വര ജതികൾ കാതോർത്ത് മരുവുന്ന നിമിഷം വരെയും, വിരലിൽ തുമ്പിലൊരു മാതാവിൻ, ഗുരുവിൻ, വഴികാട്ടും സുഹൃത്തിൻ, വശ്യയാം അപ്സര സൌഭഗത്തിൻ, കലൈമകൾ കനിവിൻ ആർദ്ര സ്പർശമായ് തുടരുമെന്നെനിക്കു കനിഞ്ഞു തന്ന വാക്ക്,വാഗ്ദത്തം.   അവസാനത്തെ ഒറ്റവാക്യം എന്റെ അടിക്കുറിപ്പാണ്.  

എന്നോട് ക്ഷമിക്കുക.
നിൻറെ അനുവാദം കൂടാതെ നവരസങ്ങളുടെ, പഞ്ച ഭൂതങ്ങളുടെ കൊളാഷ് ചിത്രം അടിക്കുറിപ്പ് മത്സരത്തിനു പ്രദർശിപ്പിക്കുന്നതിന്.   ഈ ചിത്രം ഒരു കുതിർന്ന വിത്താണ് ഇത് എനിക്ക് നിന്നോടുള്ള പ്രണയത്തിൻറെ ചിത്രമാണ്. നിനക്ക് എന്നോടുള്ള പ്രണയം എന്ന് നീ പറയുന്നത് എന്റെ തെറ്റല്ലല്ലോ.

ഇതൊരു കടുത്ത നിറമുള്ള ചിത്രം എന്ന ഒറ്റ വാക്യത്തിൽ നാം ഒരുമിക്കുന്നു.
ഒരടിക്കുറിപ്പിൽ ഒരുമിക്കുന്നു.