User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

വിവാദമായി മാറിയ 'മീശ' യുടെ കാണാനിറങ്ങൾ ഏതെന്നു തിരഞ്ഞു പോയി. രണ്ടു കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്.

1. ലൈംഗികത മോശപ്പെട്ടതായി കരുതുന്നുവോ
2. ആക്ഷേപിക്കപ്പെട്ടുവെങ്കിൽ അതാരാണ്?

ലൈംഗികത മോശപ്പെട്ടതാണെങ്കിൽ നാമെല്ലാം മോശപ്പെട്ടവരാണ്. കാരണം അങ്ങിനെയുള്ള ഉരു മോശം കാര്യത്തിന്റെ ഉല്പന്നമാണ് ഞാനും നിങ്ങളും. സൃഷ്ടികർമ്മം പാവനമാണ്. ജീവിതത്തിൽ ഏറ്റവും സുഖമുള്ള ഏർപ്പാട് എന്തെന്നു തുറന്നു പറയാൻ തയാറായാൽ, പലരും രതിയാണ് അതെന്നും സമ്മതിക്കും. വിലക്കപ്പെട്ട കനിയും, പാപ സങ്കൽപ്പവും ലൈംഗികതയെ മോശമായി കാണുന്നതിനു വഴിതെളിച്ചിട്ടുണ്ട്. അതു മനുഷ്യർക്ക് കുറ്റബോധവും, വിഷാദ രോഗവും ഉണ്ടാക്കിക്കൊടുക്കുന്നു. മനുഷ്യരിൽ ഒരുദിവസം മുപ്പത്തിനായിരം മുതൽ അന്പതിനായിരം ചിന്തകൾ വരെ ഉണ്ടാകുന്നു എന്നു പറയപ്പെടുന്നു. അപ്പോൾ ഏറ്റവും സുഖമുള്ള കാര്യത്തെപ്പറ്റിയുള്ള ചിന്ത ആർക്കും എവിടെവച്ചും ഉണ്ടാകാനുള്ള സാധ്യത ആരോഗ്യവും, പ്രായപൂർത്തിയും ആയ ആർക്കും വളരെ വളരെ കൂടുതലാണ്. അതുകൊണ്ടു ലൈംഗിക ചിന്ത ഉണ്ടാകുന്ന ഇടം മോശപ്പെട്ടതല്ല.

ആരെങ്കിലും ആക്ഷേപിക്കപ്പെട്ടിട്ടുണ്ടോ? 'ഇല്ല' എന്നതാണ് എന്റെ ആദ്യത്തെ ഉത്തരം. നിർബന്ധിച്ചാൽ പറയും 'സ്ത്രീത്വം ആക്ഷേപിക്കപ്പെട്ടു' എന്ന്. രതിയിൽ പുരുഷൻ നൽകുന്നആളും, സ്ത്രീ സ്വീകരിക്കുന്ന ആളും എന്ന വികലമായ ഒരു പൊതുധാരണ ഇവിടെ പ്രത്യക്ഷപ്പെടുന്നു. സ്വീകരിക്കുന്ന ആൾ, നൽകുന്ന ആളേക്കാൾ മോശമാണ് എന്ന മറ്റൊരു വികല ധാരണയും ഇവിടെ തെളിഞ്ഞു വരുന്നു. ഇത്തരത്തിലുള്ള മോശം ധാരണകൾ കൊണ്ടാണ് ഇവിടെ സ്ത്രീത്വത്തെ വലിച്ചു കീറുന്നത്. ഡൽഹിയിലെ ബസിൽ മാത്രമല്ല, കാശ്മീരിലെ ക്ഷേത്രത്തിൽ മാത്രമല്ല, സിനിമയുടെ പിന്നാമ്പുറങ്ങളിൽ മാത്രമല്ല, അച്ചടിച്ച കടലാസിലും സ്ത്രീത്വം അധിക്ഷേപിക്കപ്പെടുന്നു. ഇതെല്ലാം സങ്കുചിതമായ പുരുഷാധിപത്യത്തിന്റെ കോട വാറ്റിയെടുത്തുണ്ടാക്കുന്ന സ്ത്രീ വിരുദ്ധ ലഹരിയാണ്. ഇവിടെ ഞാൻ ഇരയോടൊപ്പമാണ്. ആ ഇര, മനുഷ്യ കുലത്തിന്റെ പകുതിയോളം വരും.

നമുക്കു സ്ത്രീയെ അണിഞ്ഞൊരുങ്ങാൻ അനുവദിക്കാതെ മൂടുപടമിട്ടു നടത്താം. എന്താ?