User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഉന്നതമായ മലകളിലൂടെ ഉള്ള വഴികളാണ് ചിലർക്കിഷ്ടം. ഔന്യത്തിന്റെ ഗരിമാവിലൂടെ യാത്ര ചെയ്യുക. അവിടെ നിന്നുള്ള വിഹഗ വീക്ഷണത്തിൽ സമതലം ഒരു ചിത്രത്തിലെന്ന പോലെ അനുഭവപ്പെടും. എങ്കിലും മലനിരകളിലൂടെ ഉള്ള യാത അപകടം പിടിച്ചതാണ്. ചെങ്കുത്തായ കയറ്റങ്ങൾ, കിഴുക്കാം തൂക്കായ ഇറക്കങ്ങൾ, പാദങ്ങളോടു കരുണ കാട്ടാത്ത പാറക്കെട്ടുകൾ. അതിഷ്ടപ്പെടുന്നവർ പറയും, യാത്ര എന്നാൽ ഉയരങ്ങളിലൂടെ ഉള്ളതായിരിക്കണം എന്ന്. അതിനുവേണ്ടി അവർ ശാഠ്യം പിടിക്കും. അതു മാത്രമാണ് ശരി എന്നു വരെ പറഞ്ഞുകളയും.

ഇനിയുമുണ്ട് മറ്റൊരുകൂട്ടർ. അവർക്കു തീരദേശമാണ് ഇഷ്ടം. വിശാലമായി നിരന്നു പരന്നു കിടക്കുന്ന ജലഖണ്ഡങ്ങളും, സംചലിതമായ നദീമുഖങ്ങളും, സജീവമായ ഈറ്റില്ലങ്ങളും നിറഞ്ഞ തീരദേശം. 'സാധാരണം' എന്ന വിശേഷണ പദം ഇവിടെ മാത്രമാണ് കൂട്ടിച്ചേർക്കാൻ കഴിയുക എന്ന് അവർ വാദിക്കും. എങ്കിലും ചതുപ്പുകളും, ചുഴികളും, തിരമാലകളും സങ്കീണ്ണമാക്കുന്നു ഇവിടങ്ങളിലൂടെയുള്ള യാത്ര. യാത്രയെങ്കിൽ ഈ നനവിലൂടെ മാത്രമായിരിക്കണം എന്നവർ ശഠിക്കുന്നു. മറ്റുള്ള എല്ലാ യാത്രകളെയും അവർ തള്ളിക്കളയുന്നു.

ഇത് മാത്രമല്ലല്ലോ വഴികൾ. സമതലങ്ങളിലൂടെയുള്ള യാത്രകൾ പലർക്കും അറിയില്ല. മഹാവൃക്ഷങ്ങൾക്കു തണൽ പറ്റി, പുഴയും, പാടങ്ങളും കടന്നു, കിളികളോടും, ശലഭങ്ങളോടും കുശലം പറഞ്ഞുള്ള യാത്ര. കഠിനമായി ശരീരത്തെയും മനസ്സിനെയും ആയാസപ്പെടുത്താത്ത യാത്ര. ഇത്തരത്തിലുള്ള വഴികൾ പലരും കാണാറില്ല. ഇങ്ങനെയും ചില വഴിയുണ്ട്. ഹിംസിക്കാതെ, ഉപദ്രവിക്കാതെ, കാരുണ്യത്തോടെ അപരനെ നോക്കിക്കാണുന്ന വഴികൾ. മറ്റുള്ളവരെ അനുതാപ പൂർവം ഉൾക്കൊള്ളുന്ന വഴികൾ. അപരനുകൂടി ഇടം നൽകുന്ന വഴികൾ. അനുകമ്പയുടെ ചൂഷണമുക്തമായ വഴികൾ.