User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

നെടുകെയും കുറുകെയും വെള്ളയും കറുപ്പും
വരകളുള്ള പുറംചട്ടയോട് കൂടിയ ഒരു ഡയറി ഉണ്ടായിരുന്നു അന്നാളുകളിൽ എനിക്ക്.

 
അന്നന്ന് നടന്ന സംഭവങ്ങൾ ഒരിക്കലും കുറിച്ചിരുന്നില്ലാത്ത ഒരു ഡയറി. 
എന്നിട്ടും അത് നിറയെ നീല മഷിയിൽ കുനുകുനെ അക്ഷരങ്ങൾ നിറഞ്ഞിരുന്നു.
ഒരാളെ പറ്റി മാത്രം എഴുതാൻ അത്രമാത്രം
ശ്രമമാവശ്യമുണ്ടായിരുന്നില്ലായെന്ന് ഇപ്പോൾ തോന്നുന്നത് അന്ന് അതിൽ കുത്തി നിറച്ച വാക്കുകൾക്ക് ജീവൻ വയ്ക്കപ്പെടാതെ 
പോയതിനാലാണ്.

എന്റെ നീല കണ്ണുകളിൽ ഒരു കടലിരമ്പുന്നുണ്ടെന്ന് അവൻ പറഞ്ഞിരുന്നെങ്കിൽ അതും ഞാനതിൽ എഴുതിയേനേം. അവഗണന ശീലിക്കപ്പെട്ട നാളുകളിൽ അതിനായി നീൾത്തിയ കണ്ണുനീരിന്റെ ഉപ്പുരുചി മാത്രം തെളിഞ്ഞു നിന്ന വാക്കുകളിൽ പകരം ഇങ്ങനെയാണ് എഴുതിയിരുന്നത്.
“ഉറക്കം വരാത്ത രാത്രികളിൽ നിന്നെ ഓർക്കാതിരിക്കുവാൻ പാടുപെട്ട് വീണ്ടും വീണ്ടും വാലിറുന്നൊരു പല്ലിയെപോലെ മുളച്ചു വരുന്ന ഓർമ്മകൾ സ്വയം മുറിച്ചു മാറ്റികൊണ്ടേയിരുന്നു ഞാൻ. 
അതിനാലാവണം അതിവേഗത്തിൽ അവ തിരിയെത്തി പൂർവ്വസ്ഥിതി പ്രാപിച്ചിരുന്നത്‌.
ഇനി മേൽ ഓർമ്മകളെ ആട്ടിയകറ്റുന്നില്ല,പകരം പുതിയ ചിന്തകളെ നാട്ടുകയത്രെ ശ്രമം."

മരണം പോലെ തന്നെ വിചിത്രവും, നിഗൂഢവുമായ ഒന്ന് അതിവിദഗ്ധമായി തട്ടിയെടുത്ത ഒരാളുടെ ഓർമ്മകൾ എങ്ങനെയാണ് പ്രാണന്റെ ഓരോ അണുവിലും അയാളുടെ ചിന്തകളിൽ ജീവിക്കുന്ന ഒരാൾ അറുത്തു മാറ്റേണ്ടതെന്ന് ഞാനതിൽ എഴുതിയിരുന്നുവോ എന്ന് ഒരു വ്യാഴവട്ടത്തിനിപ്പുറവും ഞാൻ തിരയുകയാണ്. 
ഒടുക്കത്തെ താളിൽ ഇങ്ങനെ മാത്രം എഴുതിയിരുന്നു.

“ ഓർമ്മകളോളം ഉന്മാദം മറ്റൊന്നിനുമില്ല; 
ജീവിച്ചിരിക്കുന്നുവെന്നതിനുള്ള അടയാളപ്പെടുത്തൽ കൂടിയാണത്!!!".