User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

വളരെ വേദനയോടെ അയാൾ പറഞ്ഞു "എന്റെ മകൻ ഇന്നെന്റെ ശത്രുവാണ്, അവനെ ഞാൻ എത്ര കഷ്ടപ്പെട്ടു വളർത്തിയതാണ്. എത്ര പണം അവനുവേണ്ടി മുടക്കിയതാണ്". ശരിയാണ് എനിക്കറിയാം പഴയകഥകൾ. മകനെ മിടുക്കനാക്കാൻ തല്ലിപ്പഴുപ്പിച്ചു വളർത്തിയ കഥകൾ, തൊട്ടതിനും പിടിച്ചതിനും വഴക്കു പറഞ്ഞും, അരുതുകളുടെ മതിലുകൾ

അവനുചുറ്റും തീർത്തും, മറ്റു കുട്ടികളെ വച്ചു താരതമ്യം ചെയ്തും വളർത്തിയ കഥകൾ. എനിക്കയാളോട് സഹതാപമുണ്ട്. അയാളെന്റെ അടുത്ത സുഹൃത്താണ്. 

കുട്ടിയെ എന്തിനു തല്ലുന്നു എന്ന് ചോദിച്ചാൽ നിങ്ങൾ പറയും "കുട്ടി നന്നാവാൻ വേണ്ടി"  എന്ന്. നിങ്ങൾ നിസ്സഹായരായ കുഞ്ഞുങ്ങളെ തല്ലുന്നുവെങ്കിൽ അതു നിങ്ങളുടെ കഴിവുകേടു കൊണ്ടു മാത്രമാണെന്നു ഞാൻ പറയും. മറ്റു മാർഗത്തിലൂടെ ആ കുഞ്ഞിനെ 'നന്നാക്കാൻ' നിങ്ങൾക്കറിയില്ല. അതിനുള്ള വിവരമോ, വിദ്യാഭ്യാസമോ, പരിചയമോ, വൈകാരികമായ പ്രാപ്തിയോ  നിങ്ങൾക്കില്ല. അതുകൊണ്ടു തിരിച്ചു തല്ലാൻ കഴിയാത്ത ഒരു ജീവിയെ തല്ലിച്ചതയ്ക്കുന്നു. അതിലൂടെ നിങ്ങൾ ചെയ്യുന്നത് എന്താണ്? ആ കുട്ടിയിൽ സ്ഥിരമായ മാനസിക വൈകല്യങ്ങൾ ഉണ്ടാക്കുന്നു. അവനെ അല്ലെങ്കിൽ അവളെ നിങ്ങളുടെ ശത്രുവാക്കി മാറ്റുന്നു. 

കുട്ടി 'നന്നാവുക' എന്നു വച്ചാൽ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. "കുട്ടിയെ മിടു മിടുക്കനാക്കാൻ/ മിടുക്കിയാക്കാൻ, അല്ലെങ്കിൽ ചില കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ". എന്നു വച്ചാൽ തന്റെ മകനോ മകളോ വലിയ ഒരു സംഭവമാണെന്നു പൊങ്ങച്ചം കാണിക്കാനുള്ള വിവരക്കേടു നിങ്ങൾക്കുണ്ട് എന്നു സാരം. 

തല്ലുന്നവരെ നിരീക്ഷിച്ചാൽ ഒരുകാര്യം വ്യക്തമാകും. അവർ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പാപ്പരാണ്. ഇമോഷണൽ ഇന്റലിജൻസ് തീരെ കുറഞ്ഞവരാണ്, വെറും ദരിദ്രരാണ്. ചുരുക്കിപ്പറഞ്ഞാൽ അവർക്കു വിദഗ്ധരുടെ  സഹായം ആവശ്യമാണ്. ഉയർന്ന പരീക്ഷകൾ പാസായവർക്കും, വലിയ ശമ്പളം പറ്റുന്നവർക്കും, വലിയ കണ്ടു പിടിത്തങ്ങൾ നടത്തുന്നവർക്കും ഉയർന്ന വൈകാരിക ബുദ്ധി (ഇമോഷണൽ ഇന്റലിജൻസ്) ഉണ്ടാകണമെന്നില്ല. കുട്ടികളെ തല്ലിപ്പഴുപ്പിക്കുന്ന ഇത്തരത്തിലുള്ള ഒരുപാടു മിടുക്കർ നമുക്ക് ചുറ്റുമുണ്ട്. അങ്ങിനെ യുള്ള മിടുക്കരുടെ കുട്ടികളായി ജനിക്കുന്നത് ദൗർഭാഗ്യമാണ്‌.

നിങ്ങൾക്കു തല്ലിപ്പഴുപ്പിക്കാനുള്ളതല്ല കുട്ടികൾ. തല്ലണമെന്നു നിർബന്ധമുണ്ടെങ്കിൽ നിങ്ങളുടെ പ്രായമുള്ള ഒരാളെ തല്ലുക. അതോടെ ആ രോഗം മാറിക്കിട്ടും.