ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 27' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk27- എന്നായിരിക്കും. ഉദാ:   [wk27-]സന്ദർഭം, [wk27-]സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

പ്രാരാബ്ധങ്ങൾ സഹിക്കാതെ വന്നപ്പോൾ കഴുത പരിഹാരത്തിനായി പൂച്ചസന്യാസിയെ കാണാൻ പോയി. എലിയെ പിടുത്തം കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെന്നു മനസ്സിലാക്കിയ പൂച്ച പണ്ടേ സന്യാസത്തിലേക്കു തിരിഞ്ഞാണ്. മലമുകളിലുള്ള ആശ്രമത്തിൽ പൂച്ച വസിച്ചു. എല്ലാ ദിവസവും അദ്ദേഹം ഒരു മരത്തണലിൽ ഇരുന്നുകൊണ്ട് ഭക്തർക്കു ദർശനം നൽകിയിരുന്നു. ജീവിത വൈതരണിയിൽ ബുദ്ധിമുട്ടുന്നവർക്കു അദ്ദേഹം പരിഹാരങ്ങൾ നിർദേശിച്ചു. ഭക്തർ നൽകുന്ന ദക്ഷിണ കുന്നു കൂടിയപ്പോൾ, പൂച്ചസന്യാസി ആശ്രമത്തോടു ചേർന്നു ഒരു സംഭരണ കേന്ദ്രം നിർമ്മിച്ചു.

കഴുത പറഞ്ഞു "ബഹുമാനപ്പെട്ട പൂച്ച സന്യാസി, അലക്കുകാരനു തീരെ ദയ ഇല്ലാതെ വന്നിരിക്കുന്നു. അനുദിനം വിഴുപ്പു ഭാണ്ഡത്തിന്റെ ഭാരം വർധിക്കുന്നു. ജീവിതം മടുത്തു. ഇതിനൊരു പരിഹാരം വേണം."

പൂച്ച സന്യാസി മൊഴിഞ്ഞു "വത്സാ കഴുതേ, നിനക്കു മേൽ പാപമുണ്ട്. പാപപരിഹാരാർദ്ധം നിനക്കുവേണ്ടി ഞാൻ പ്രാർഥിക്കാം. ദക്ഷിണ വച്ചിട്ടു നീ സമാധാനമായി അലക്കു കാരന്റെ അടുക്കലേക്കു പൊയ്ക്കൊള്ളൂ."

കഴുത ദക്ഷിണ നൽകി യാത്രയായി. കഴുതയുടെ ജീവിതം പഴയതുപോലെ തുടർന്നു. അലക്കുകാരൻ കഴുതയെ കണ്ടമാനം ഉപദ്രവിച്ച ഒരുനാൾ കഴുത വീണ്ടും പൂച്ച സന്യാസിയെ കാണാൻ പോയി. കഴുതയുടെ പരിദേവനങ്ങൾ കേട്ട പൂച്ച സന്യാസി ഇപ്രകാരം പറഞ്ഞു.

"വത്സാ കഴുതേ, ഇഹത്തിൽ ഭാരം കൂടുതൽ ചുമക്കുന്നവർ സ്വർഗ്ഗത്തിൽ ഭാരം ചുമക്കേണ്ടി വരില്ല. നിനക്കു സ്വർഗ്ഗത്തിൽ നല്ല സുഖ സൗകര്യങ്ങൾ ലഭിക്കാനായി ഞാൻ പ്രത്യേകം പ്രാർഥിച്ചിട്ടുണ്ട്. സമാധാനമായി അലക്കു കാരന്റെ അടുക്കലേക്കു പൊയ്ക്കൊള്ളൂ."

പോകാനായി തിരിഞ്ഞ കഴുതയോടു പൂച്ചസന്യാസി പറഞ്ഞു "എന്താണ് നീ ദക്ഷിണ വയ്ക്കാഞ്ഞത്?"

കഴുത പറഞ്ഞു "സ്വാമി എന്റെ പക്കൽ ഇപ്പോൾ ഒന്നുമില്ല. സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ഞാൻ സ്വാമിക്കു ധാരാളം ദക്ഷിണ തരാം."