ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 27' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk27- എന്നായിരിക്കും. ഉദാ:   [wk27-]സന്ദർഭം, [wk27-]സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

ടൗണിലെ കടയിൽ നിന്നും
മോനൊരു കളിപ്പാട്ടം
വാങ്ങുന്നതിനിടയിലാണ്
സങ്കടം നിറഞ്ഞ
കണ്ണുകളുള്ളവനെ കണ്ടത് .

എന്തെയെന്ന് ചോദിക്കാൻ
തിരിഞ്ഞപ്പോളേക്കും
അവനെ കണ്ടതേയില്ല .

രാത്രിയിലൊരിക്കൽ
മോന് പനി കൂടിയതറിയാതെ
ഉറക്കത്തിലായിരുന്നു .
ആരോ വിളിച്ചുണർത്തിയപ്പോലെ
ഞെട്ടിയുണർന്നപ്പോൾ
മുറിക്കുള്ളിലവന്റെ
ഞരക്കവും തേങ്ങലും .
ചേർത്ത് പിടിച്ചവനെ
നെഞ്ചിലൊതുക്കുമ്പോൾ
കട്ടിലിന്റെ [wk26-]ഓരം ചേർന്ന്‌
സങ്കട കണ്ണുള്ളവൻ വീണ്ടും .

ഉരുളയുരുട്ടി ഊട്ടുമ്പോൾ
എണ്ണ തേച്ചു കുളിപ്പിക്കുമ്പോൾ
ഓടിച്ചിട്ട് തല തുവർത്തുമ്പോൾ
രാസ്നാദിയിടുമ്പോൾ
പാട്ട്‌ പാടി ഉറക്കുമ്പോൾ
പിന്നെയും പിന്നെയും
സങ്കടക്കണ്ണുള്ളവനെ
അവിടവിടെ കണ്ടു .

‘ഇങ്ങടുത്ത് വാ , ഒരുരുള തരട്ടെ
മഴ നനയല്ലേ , നീങ്ങി നിൽക്ക്’
എന്നൊക്കെ ഉയർന്ന പറച്ചിലിൽ
അമ്മയിതാരോടാ
എന്ന ചോദ്യത്തിലാണ്
എനിക്ക് മാത്രം കാണാനാവുന്ന
മായ കാഴ്ചയാണ്
അവനെന്നറിഞ്ഞത് .
മുറ്റത്ത് പറന്നെത്തുന്ന
പേരില്ലാ പക്ഷിയെ പോലെ
പിന്നെയും ഇടയ്ക്കിടെയവൻ
വന്നു കൊണ്ടിരുന്നു .
ഞാനവനോട്
മിണ്ടിയും പറഞ്ഞും കൊണ്ടും .

‘ഒപ്പം വന്നൂടമ്മേ,
ഒറ്റയ്ക്കിങ്ങനെയിവിടെയെന്ന്’
ചോദിച്ചു മടുത്ത്
മകൻ നഗരത്തിലേക്ക് പോയന്ന്
ഒച്ചയനക്കമില്ലാത്ത
വീട്ടിൽ ചടഞ്ഞിരിക്കുമ്പോൾ
അവനെയോർത്തു .
സങ്കട കണ്ണേ നീയെവിടെയെന്ന്
ചോദിച്ചു തീരും മുൻപേ
ഞാനിവിടെയുണ്ടമ്മേയെന്ന്
അന്നാദ്യമായവൻ വിളി കേട്ടു.
അനുസരണയുള്ള
കുഞ്ഞിനെപ്പോലെ
എന്റെ മടിയിൽ തല വെച്ച് കിടന്നു .
തൊട്ടാൽ മാഞ്ഞുപ്പോകുമോ
അവനെന്ന് ഭയന്ന്
ഞാനവനെ നോക്കി നോക്കിയിരുന്ന്
എപ്പോളോ സ്വയം മാഞ്ഞു പോയി.