ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 27' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk27- എന്നായിരിക്കും. ഉദാ:   [wk27-]സന്ദർഭം, [wk27-]സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 
 
ഏകാന്തതയെക്കുറിച്ചുള്ള കവിതകൾ
വേർപാടിന്റെ ഉപ്പുരസം പടർന്നവയാണ്.
ആത്മസംവേദനത്തിന്റെ
അക്ഷരമാലകളാൽ കുറിക്കപ്പെട്ടവ.
 
ഏകാന്തതയെക്കുറിച്ചുള്ള കവിതകളിൽ
വിഷാദത്തിന്റെ മേഘങ്ങൾ പൂത്തുലയുന്നുണ്ട്.
എങ്കിലും, ഒരിക്കലൊരു വസന്തമഴയായി
മധുമരന്ദം പകരാൻ കൊതിക്കുന്നവ.
 
ഏകാന്തതയെക്കുറിച്ചുള്ള കവിതകളിൽ
സ്വയംവിരമിക്കലിന്റെ
കയ്യൊപ്പുചാർത്തപ്പെട്ടിരിക്കുന്നു.
എങ്കിലും, ഒരു കൂടിച്ചേരലിനുള്ള ക്ഷണപത്രവും
അതു സൂക്ഷിച്ചുനിരീക്ഷിച്ചാൽ കാണാം.
 
ഏകാന്തതയെക്കുറിച്ചുള്ള കവിതകൾ
ഒറ്റപ്പെടലിന്റെ മുള്ളുകൾകൊണ്ട്
രക്തം കിനിയുന്നവയാണ്.
എങ്കിലും, മുറിവുകളെ പരിചരിച്ചുണക്കുവാൻ
ഒരു സഹായാഭ്യർത്ഥനയും അതിൽ
പറയാതെ പറയുണ്ടുണ്ട്.
 
ഏകാന്തതയെക്കുറിച്ചുള്ള കവിതകൾ
മനസ്സിന്റെ സഞ്ചാരപഥങ്ങളെക്കുറിച്ചാണ്.
എങ്കിലും, ശരീരം
മനസ്സിനെ അനുധാവനം ചെയ്കയാൽ,
മനസ്സിന്റെ ഒറ്റപ്പെടൽ ശരീരത്തിന്റെകൂടി
ബാധ്യതയായിമാറുന്നു.
 
ഏകാകികളുടെ കവിതകൾ
സൗമ്യമായ അരുവിപോലെയാകുന്നു.
എങ്കിലും, ഒരു പാറമുനമ്പിന്റെ
സഹായമുണ്ടെങ്കിൽ ദേശം കേൾക്കുന്ന
വെള്ളച്ചാട്ടമാകുവാൻ അത്
ധാരാളം മതിയായെന്നുംവരാം.
 
ഏകാന്തതയെക്കുറിച്ചുള്ള കവിതകൾ
ഏകാകികൾക്കായി എഴുതപ്പെട്ടവയാണ്. 
അല്ലാത്തവർ
എത്രവിവർത്തനം ചെയ്യാൻ ശ്രമിച്ചാലും,
കൂർത്തുമൂർത്ത സത്യങ്ങളിൽത്തട്ടി
ചോരകിനിച്ചേക്കാവുന്നവ.
 
ഏകാന്തതയെക്കുറിച്ചുള്ള കവിതകൾ
ഇരുട്ടത്ത് കുറിക്കപ്പെടുന്നവയാണ്.
എങ്കിലും, 
നിനയ്ക്കാതെയൊരു സൂര്യവെളിച്ചമേറ്റാൽ, 
ശലഭങ്ങളാകാനൊരു സാധ്യതപേറുന്നവ.