ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 27' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk27- എന്നായിരിക്കും. ഉദാ:   [wk27-]സന്ദർഭം, [wk27-]സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

ആകയാൽ,
നമുക്ക് ഗജവീരന്മാരെയും
നെറ്റിപ്പട്ടങ്ങളെയുംകുറിച്ച് വാചാലരാകാം.
കൊല്ലപ്പെട്ട ശിശുക്കളെയും
പട്ടിണിമരണംപൂകിയ അമ്മമാരെയും മറന്നുകളയാം.

സമുദ്രത്തിന്റെ മാറിലേക്ക്
യുദ്ധക്കപ്പലുകളയയ്ക്കാം.
രണഭേരികൾ കേട്ടുരസിക്കാം.

ആദിമവനങ്ങൾ കയ്യേറി നശിപ്പിക്കാം.
വിഷംപുരട്ടിയ ഫലമൂലാദികൾ
ആസ്വദിച്ചുകഴിക്കാം.

മാലിന്യമൊഴുകുന്ന നദികളെയും
വിള്ളൽവീണ ഓസോൺപാളിയെയും
കണ്ടില്ലെന്നുനടിക്കാം.

വെള്ളപ്പൊക്കങ്ങളെക്കുറിച്ച്
പരിതപിക്കാം.
ലോകതാപനത്തെക്കുറിച്ച്
മൗനം പാലിക്കാം.

വരുവിൻ,
നമുക്ക് സമാധാനത്തിന്റെ
വെള്ളരിപ്രാവുകളെ കൊന്നുതള്ളാം.
ബോധദീപ്തിയുടെ ദ്യുതിശകലങ്ങളെ
ഊതിക്കെടുത്താം.

പ്രതീക്ഷകളുടെ ചില്ലുജാലകങ്ങൾ എറിഞ്ഞുതകർക്കാം.
സൂര്യന്റെ ജഡത്തിൽച്ചവിട്ടി താണ്ഡവനൃത്തമാടാം.

ഇളവെയിൽ പിറക്കുന്ന പുലരികളെയും
സ്വർണ്ണംകൊഴിയുന്ന സായന്തനങ്ങളെയും
സ്വപ്നങ്ങളിൽനിന്ന് ഇറക്കിവിടാം.

വെള്ളച്ചാട്ടങ്ങൾ വറ്റാത്ത അരുവികളെയും
അലൗകികമായ പ്രണയത്തെയും
വാഴ്ത്തിപ്പാടാതിരിക്കാം.

എന്തുകൊണ്ടെന്നാൽ,
നമ്മൾ മനുഷ്യരാകുന്നു...
ചിന്താശക്തിയും വിവേകശൂന്യതയും
നമുക്കുമാത്രം സ്വന്തമാകുന്നു!