ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 40' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk40 എന്നായിരിക്കും. ഉദാ:   wk40സന്ദർഭം, wk40സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ആറോ ഏഴോ വയസ്സായിരിന്നിരിക്കണം…..

അന്നൊക്കെ വൈകുന്നേരമായാൽ തീരെ വോൾടേജ് ഇല്ല. ബൾബ് അവിടെ ഉണ്ട് എന്നറിയാനെ സാധിക്കു.. എവിടെയും ഇരുണ്ട മഞ്ഞ വെളിച്ചം...

പുറത്തു, ചീവിടുകളുടെയും തവളകളുടെയും ഇടകലർന്ന ശബ്‌ദം കേൾക്കാം

ഏതാണ്ട് ഏഴു മണി സമയം...

ബട്ടൺ പോയ നിക്കർ വലിച്ചു കെട്ടി, ആ പടിയിൽ 
മേലെ ഞാനിരിക്കും.

തിണ്ണയിൽ നിന്ന് അടുക്കളയിലേക്കുള്ള വാതിലിലിനു ഒരു പടി ഉണ്ട് -തിണ്ണയിൽ നിന്നുള്ള എല്ലാ വാതിലുകൾക്കും പടികൾ ഉണ്ട്. ഏതാണ്ട് ഒരടി പൊക്കമുള്ളവാ....

സ്കൂളിലെ ജോലി കഴിഞ്ഞു, എല്ലാവർക്കും അത്താഴമുണ്ടാക്കി, അമ്മ എന്റെ അടുത്തുണ്ടാകും- കയ്യിൽ ഒരു സ്റ്റീൽ പാത്രവുമായി...

പാത്രത്തിൽ, എണ്ണ മുറുക്കിയ ചൂട് ചോറും…

എനിക്കതിഷ്ടമാണെന്നു അമ്മയ്ക്കറിയാലോ…!!

"അമ്പിളി അമ്മാച്ചന്റ്റെ കഥ പറയണം…"-

ന്റെ ഡിമാൻഡാണ്.

ഒരു ബദ്ധവുമില്ലാത്ത, ഇടയ്ക്കു അമ്പിളി അമ്മാച്ചൻ എന്ന പദം തിരുകി കയറ്റി അമ്മ, എന്തെല്ലാമോ കഥകൾ പറഞ്ഞു തുടങ്ങും...

"ഈ ഉരുള കൂടെ തിന്നാൽ അമ്പിളി അമ്മാച്ചൻ ചിരിച്ചു കാണിക്കും…"

ഞാൻ വാ പൊളിക്കും..

" ഇനി മോൻ പോയി നോക്കിയേ..അമ്പിളി മാമൻ ചിരിച്ചോന്നു..?"

ഞാൻ ഓടി പുറത്തു പോയി നോക്കും;

....ചിരിച്ചു….!!!!

പിന്നെയും ചോറുരുള തരും; എന്നിട്ടു അമ്മ പറയും…

"ഒന്നൂടെ മോൻ പോയി നോക്കിയേ..അമ്പിളി മാമൻ ചിരിച്ചോന്നു..?"

പിന്നെയും ഞാൻ ഓടും.......

എന്നെ, ചന്ദ്രൻ മാമൻ ചിരിച്ചു കാണിച്ചല്ലോ എന്ന സന്തോഷത്തിൽ ഞാനുംവയറു നിറയെ തിന്നും.

അമ്മ, ഒരു ലുങ്കി അരയ്ക്കു കുറുകെ കെട്ടി, പഴയ ഒരു മുറിബ്ളൗസുമായി, വീണ്ടും, അടുക്കളയിലേക്കു ഊളിയിടും...

അടുക്കളയും, സ്കൂളും- അതായിരുന്നല്ലോ അമ്മയുടെ ലോകം…!

രാത്രി-

പായ വിരിച്ച കട്ടിലിൽ, ഒരു പകലിന്റെ അമ്മഗന്ധത്തിന്റെ വിയർപ്പും പേറി, അമ്മയെ കെട്ടി പിടിച്ചു, അമ്മയുടെ മേലെ കാൽ കയറ്റവച്ച്, നീണ്ട ഉറക്കം ….

എനിക്ക് കെട്ടിപിടിക്കാൻവേണ്ടി, കാലുകൾ കയറ്റി വയ്ക്കാൻ വേണ്ടി മാത്രം. അമ്മ നിവർന്നു കിടക്കുമായിരുന്നു: ഞാൻ ഉറങ്ങും വരെ ...

ഇപ്പോൾ ചിരിച്ചുകാണിക്കാൻ ചന്ദ്രൻമാമയുമില്ല; അമ്മയുമില്ല.

പക്ഷെ, അമ്മയുടെ സുഗന്ധമുണ്ട്, കൂടെ...ആ വിയപ്പിന്റെ സുഗന്ധം…

ഇനി, ആ ഒരുരുള ചോറ് വായിൽ വച്ച് തരില്ല; അമ്പിളിമാമനെ കാണിച്ചു തരില്ല- എങ്കിലും

അമ്മദിന ആശംസകൾ ….!!