ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 27' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk27- എന്നായിരിക്കും. ഉദാ:   [wk27-]സന്ദർഭം, [wk27-]സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 
 
ഇരുട്ടിന് അന്ന് പതിവില്ലാത്തൊരു കനമുണ്ടായിരുന്നു . തണുത്തുറഞ്ഞ കാറിന്റെ വിൻഡ് സ്‌ക്രീൻ ഉരുകാൻ ചൂട് കൂട്ടി , കൈകൾ ചേർത്തുരുമ്മി ഞാൻ സമയം നോക്കി . ഇരുപത് മിനിട്ടുണ്ട് . ട്രാഫിക് സാധാരണ ഗതിയിൽ ആണെങ്കിൽ പതിനഞ്ചു മിനിറ്റ് എടുക്കുകയുള്ളു ഹോസ്പിറ്റലിൽ എത്താൻ .  മെയിൻ റോഡിലേയ്ക്ക് എളുപ്പത്തിൽ എത്താൻ മൂന്നോ നാലോ കിലോമീറ്റർ ഉള്ള ചെറിയൊരു കാട് വഴിയുണ്ട് .  
 
രാത്രി കാലങ്ങളിൽ വിജനമാവുമ്പോൾ അതിലൂടെയുള്ള  യാത്ര ചെറിയ രീതിയിലെങ്കിലും പേടിപ്പെടുത്താറുണ്ട് . വിളിച്ചാൽ വിളി കേൾക്കുന്ന ദൂരത്തിൽ വീടുകളോ ആളുകളോ ഇല്ല . ഇടുങ്ങിയ വഴി ആയതിനാൽ പെട്ടെന്നു വണ്ടി തിരിക്കാനോ റിവേഴ്സ് ചെയ്യാനോ പറ്റില്ല . റോഡിന്റെ ഒരു വശം കുന്നിൻ പുറമാണെങ്കിൽ മറുവശം ഇടതൂർന്ന് മരങ്ങൾ വളർന്ന്‌ നിൽക്കുന്ന  താഴ്ചയാണ്‌ . റോഡരുകിലെ ലാമ്പ് പോസ്റ്റുകൾ എല്ലാ ദിവസവും തെളിഞ്ഞു കത്തുമെന്ന ഗ്യാരണ്ടിയില്ല . മഴ പെയ്തു കുത്തിയൊലിച്ചു വരുന്നത്‌ കൊണ്ടോ  ചെറിയ അരുവികൾ ഇതിനിടയിൽ ഒഴുകുന്നുതുകൊണ്ടോ ആകാം . 
 
യാത്ര  തുടങ്ങി കാട്ട് വഴിയിലേയ്‌ക്ക്‌  കേറുമ്പോൾ തന്നെ മൂടൽ മഞ്ഞു മൂലം റോഡ് അവ്യക്തമായിരുന്നു . പാതി വഴി പിന്നിട്ട്‌ , ഏറ്റവും വലിയ വളവിൽ എത്തിയപ്പോൾ സ്‌പീഡ്‌ കുറച്ചുവെങ്കിലും റോഡിന്റെ ഒത്ത നടുവിലേയ്ക്ക് എന്തോ ഒരു നിഴൽ രൂപം പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്. വല്ലാതെ ഭയപ്പെട്ടുവെങ്കിലും മങ്ങിയ വെളിച്ചം കൊണ്ടും മൂടൽ മഞ്ഞു കൊണ്ടും എന്താണതെന്നു മനസ്സിലാക്കാൻ ഞാൻ നന്നേ വിഷമിച്ചു . ബ്രെക്കിൽ കാലമർത്തി ചവിട്ടി , വണ്ടി നിറുത്തിയപ്പോൾ അടുത്ത സീറ്റിൽ കയ്യെത്തും ദൂരത്തിൽ എന്റെ മൊബൈലും കാർ ഡോറുകൾ ലോക്കിലും ആണെന്ന് ഞാൻ ഉറപ്പ് വരുത്തി . കാറിന്റെ വെളിച്ചത്തിലേയ്ക്കു നടന്നടുത്ത ആ രൂപം കണ്ട് എനിക്ക് ഞെട്ടലായി . അതൊരു കലമാനായിരുന്നു. പന്ത്രണ്ട് വർഷങ്ങളായി സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയാണ് . ഇതുവരെയ്ക്കും സമാനമായ ഒരനുഭവം ഉണ്ടായിട്ടില്ല . വല്ലപ്പോളും കുറുകെ ചാടുന്ന മുയലോ ചിറകു വിടർത്തി പറന്ന് പോകുന്ന ഫെസന്റുകളോ അല്ലാതെ ഇതുവരെയ്ക്കും ഒരു കലമാനെയും പോലും ആ  റോഡിൽ കണ്ടിട്ടില്ല . ഹോണടിക്കൽ എന്നത് ഈ രാജ്യത്തിൽ പൊതുവെ വിരളമായതിനാലും, ഭയപ്പെടുത്തി ഓടിക്കേണ്ടെന്നും കരുതി ഞാൻ ഒന്നും ചെയ്യാതെ അതിനെ നോക്കി ഇരുന്നു . തികച്ചും ശാന്തതയിൽ തിരിച്ചു നോട്ടമെറിഞ്ഞു അവനും .റോഡിന് കുറുകെ ഒന്ന് രണ്ട് വട്ടം നടന്നുവെങ്കിലും മിനിറ്റുകൾക്ക് ശേഷമാണ് അത് വഴി മാറി തന്നത്‌. കാർ മുന്നോട്ടെടുത്തു റിയർ വ്യൂ മിററിലൂടെ പുറകിലേയ്ക്ക് നോക്കുമ്പോൾ അതവിടെ ഉണ്ടായിരുന്നില്ല . 
 
മെയിൻ റോഡിലേക്ക് കേറി ഏതാനും മീറ്ററുകൾക്ക് അപ്പുറമുള്ള റൗണ്ട് എബൗട്ടിൽ എത്തിയപ്പോളാണ് അവിടത്തെ പോലീസ് കാറുകളും ആംബുലൻസിന്റെ നീല ഫ്‌ളാഷിങ് ലൈറ്റുകളും  കണ്ണിൽ പെട്ടത് . ഏതാനും മിനിറ്റുകൾക്ക് മുൻപ് നടന്ന ആക്സിഡന്റാണെന്നു മനസ്സിലായി . രക്തമൊഴുകുന്ന തല അമർത്തി പിടിച്ച്‌ ഒരാളെ പാരാമെഡിക്സ് പുറത്തേക്കിറക്കുന്നത് കണ്ടു . അപ്പോളേയ്ക്കും ഒരു പോലീസ്‌ ഉദ്യോഗസ്ഥൻ ട്രാഫിക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് വാഹനങ്ങൾ കടത്തി വിടുന്നുണ്ടായിരുന്നു . ഞാനും കടന്ന് പോന്നു . 
 
ഏതാനും മിനിറ്റുകൾ മാത്രമെ ലേറ്റായുള്ള എന്ന ആശ്വാസത്തിൽ ചേഞ്ചിങ് റൂമിലേയ്ക്ക് കേറിയപ്പോളാണ് ആ ചിന്ത പെട്ടെന്ന് മനസ്സിലേയ്ക്ക് നൂണ്ടിറങ്ങിയത്  . 
ഒരിക്കലും  ആ വഴിയിൽ മാൻക്കൂട്ടത്തെയോ കൂട്ടം തെറ്റിയ ഒരു കലമാനെയോ കണ്ടിട്ടില്ല .. 
Was he really blocking my way ?? Or was he  delaying me for a reason ??
മിനിട്ടുകൾക്ക്‌ മുൻപ്‌ നടന്ന ആ ആക്‌സിൻഡന്റിൽ ഒരു പക്ഷെ ഞാൻ ആയിരുന്നോ പെടേണ്ടിയിരുന്നത് ??