fbpx

 

 

 

 

 

.

Star InactiveStar InactiveStar InactiveStar InactiveStar Inactive
 
 
അടച്ച മുറിയിലെ മേശപ്പുറത്ത് മാല ചാർത്തിവച്ചിരിക്കുന്ന ഫോട്ടൊയിൽ നോക്കി മാലതി പറഞ്ഞു -
"അച്ഛാ...ആ വടക്കേപ്പുറത്തെ പ്ലാവിനെന്താ പറയാറ്..?
ഓ... വാളിയംപ്ലാവെന്ന്..!!ല്ലെ..!?
ഞാനത് ക്ലാസ്സിൽ പറഞ്ഞപ്പോ ...കുട്ടികളെല്ലാം ചിരിച്ച് എന്നെ കളിയാക്കി. ഞാൻ അവരോട് പറഞ്ഞു - "ആരും കളിയാക്കുകേം ഒന്നും വേണ്ട. ആ പ്ലാവേലെ ചക്ക നിങ്ങളൊന്നു വന്ന് കാണ്. ഏതാണ്ട് ഒരാൾ പ്പൊക്കം നീളമുണ്ടാകും. അതിനൊത്തവണ്ണവും. മൂത്ത ഒരു ചക്ക ഒരാളെടുത്താൽ പൊങ്ങില്ല."
എന്റെ വിവരണം കേട്ട് എല്ലാരും വാ പൊളിച്ചിരുന്നു പോയി. അവരുടെയൊന്നും പറമ്പുകളിൽ ഇത്രയും വലിയ ചക്ക ഇല്ലായിരുന്നു.
 
ഒരിക്കൽ കൂട്ടുകാർ ' വാളിയംപ്ലാവ് ' കാണാൻ നമ്മുടെ വീട്ടിൽ വന്നായിരുന്നു. അന്ന് നമ്മുടെ കണ്ടം വിതേടെ തിരക്കായിരുന്നു അച്ഛന്. കൂട്ടുകാരെ ഞാൻ വാളിയംപ്ലാവ് കാണിക്കാൻ കൊണ്ടുപോയി. ഭാഗ്യത്തിന് അന്നൊരു ചക്ക പഴുത്തു കിടപ്പുണ്ടായിരുന്നു. അമ്മ, അടുത്തുള്ള ശിവൻ ചേട്ടനെ വിളിച്ച് ചക്കയിടിച്ചു. ചക്ക ഇടുകയല്ലായിരുന്നൂ ട്ടൊ. വലിയ കയറ് ചക്കയുടെ നടുവിൽ കെട്ടിയ ശേഷം കയറ് കൊമ്പിൽ കോർത്തു വലിച്ചിട്ട് ശിവൻ ചേട്ടൻ കത്തി കൊണ്ട്  ഞെടുപ്പ് പതിയെ മുറിച്ച് താഴേക്ക് മെല്ലെ മെല്ലെ കയറ് അയച്ചു വിട്ട് ഇറക്കുകയായിരുന്നു. ഞങ്ങളെല്ലാം പ്ലാവിന്റെ ചോട്ടിൽ, ശിവൻ ചേട്ടന്റെ സാഹസം കണ്ട് ശ്വാസമടക്കി നില്പുണ്ടായിരുന്നു. ഭാഗ്യത്തിന്, എന്നെ ഏറ്റവും കളിയാക്കിയ ബാലകൃഷ്ണനും, ബീരാനുമാണ് താഴെ ചക്ക പിടിക്കാൻ ശിവൻ ചേട്ടൻ ഏർപ്പാടാക്കിയിരുന്നത്. ഏതാണ്ട് ഒത്തയൊരാളുടെ പൊക്കം വരുന്ന ചക്ക കയറിൽ തൂങ്ങി താഴെയെത്തി യപ്പോൾ അത് നേരെയൊന്ന് പിടിച്ചു നിർത്താൻ പോലും അവർക്കു കഴിഞ്ഞില്ലന്നതാണ് സത്യം.
 
അല്ലേലും യു.പി ക്ലാസ്സ് പിള്ളേര് പിടിച്ചാൽ എവിടെ നില്ക്കാനാ..?! ചെറിയ ഇറക്കപ്പുറത്തായിരുന്നല്ലൊ നമ്മുടെ
വാളിയംപ്ലാവ് നിന്നിരുന്നത്. നല്ല കട്ടിക്ക് ഉണങ്ങിയ പ്ലാവില വീണ് മെത്ത ചരിച്ചിട്ടിരിക്കുന്നതു പോലെ കിടക്കുന്നിടത്ത് അവമ്മാര് നല്ല ഉണ്ടപ്പിടുത്തം പിടിച്ച്, കാല് ശ്ർർന്ന് തെന്നിപ്പോകുന്നതു കണ്ട് സൈനബേം, ഓമന പി.കെയും ചിരിച്ചതിന് ഒരു കണക്കുമില്ല. എനിക്കാണെങ്കിൽ അഭിമാനം കൊണ്ട് തുള്ളിച്ചാടാൻ തോന്നിയിരുന്നു. അന്ന് അച്ഛൻ പറഞ്ഞിട്ടുള്ളത് വളരെ ശരിയാണ്. ആ പ്രദേശത്ത് അങ്ങനെയൊരു വാളിയംപ്ലാവ് മറ്റെങ്ങും കണ്ടട്ടില്ലന്ന്. ഒരു ചക്ക മുറിച്ചാൽ, അച്ഛനും, അമ്മയും ഞങ്ങൾ 7 മക്കളടക്കം 9 പേർക്ക് നാലു നേരം സുഖമായി പുഴുങ്ങാനുള്ളതുണ്ട്. വലിയ ചുളയായിരുന്നതുകൊണ്ട് ഒരുക്കാൻ നല്ല എളുപ്പമാണ്. അമ്മ,ചക്ക മുറിച്ച്
തുണ്ടം തുണ്ടമായി മാറ്റി വച്ചിട്ട് അതിൽ നിന്നും ഒലിച്ചിറങ്ങുന്ന മൊളഞ്ഞീൻ ഒരു കമ്പിൽ ചുറ്റിച്ചുറ്റി പന്തം പോലെ വയ്ക്കും.ഇത് പാടത്തു കൊണ്ടുപോയി കുത്തി നിർത്തിയാൽ കൊക്കിനെ കിട്ടുമെന്ന് വല്ലേച്ചി പറഞ്ഞതു കേട്ട് അങ്ങനെ ചെയ്തു. എന്നിട്ട് അനുജനും ഞാനും പാത്തിരുന്നു. ഇപ്പൊ, കൊക്ക് വന്നിരി ക്കൂന്നാ ഞങ്ങടെ വിചാരം.എവടെ ..!! 
 
കൊക്കു പോയിട്ട് കാർമാൻ(മാടത്ത) പോലും വന്നിരുന്നില്ല. വൈകിട്ട് ആറരവരെ കാത്തിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോൾ വല്ലേച്ചി ചോദിച്ചു - " കൊക്കിനെ കിട്ടീല്ലേ..? "
" ഇല്ലന്നേ ഒരെണ്ണം പോലും വന്നില്ല."
ഞങ്ങളുടെ മറുപടി കേട്ട് എല്ലാരും ഉറക്കയൊരു ചിരി. കൂട്ടച്ചിരിക്കിടയിൽ വല്ലേച്ചി പറയുന്നുണ്ടായിരുന്നു - "എടി പൊട്ടി
കൊക്കും കിക്കൊന്നും അങ്ങനെ വന്നിരിക്കില്ല. നിങ്ങളോട് പാടത്ത് പോയി ആറ്റയെ ഓടിച്ചിട്ട് വാ.. മക്കളെന്നു പറഞ്ഞാൽ പോകില്ല. ഇതാവുമ്പൊ പാടത്തൂടെ കറങ്ങി നടന്നോളൂല്ലൊ..!! വീണ്ടും പൊട്ടിച്ചിരി.
 
എന്റെ അച്ഛാ... ആ ബാല്യമൊന്നും ഇനി തിരിച്ചുകിട്ടില്ലല്ലോ എന്ന വേദനയുണ്ട്. എന്തു നല്ല കാലമായിരുന്നു ..!! അച്ഛനും അമ്മയും പോയതിൽപ്പിന്നെ എല്ലാ സന്തോഷവും തീർന്നു. അച്ഛൻ എനിക്കായി എഴുതി വച്ച ഈ തറവാടും സ്ഥലവും പൊന്നുപോലെ കാത്തു വച്ചിട്ടുണ്ട്. ഭർത്താവ് മരിച്ച ശേഷമാണ് മകളെ കെട്ടിച്ചത്. അവൻ
പട്ടാളത്തിലായിരുന്നു. ആളൊരു മൊശടനാണ്. അവൻ റിട്ടയർ ചെയ്തിട്ട് എന്തൊക്കെയൊ കറക്കു കമ്പനിയായി തെക്കുവടക്ക് നടപ്പുണ്ട്. പത്രാസിന് ഒരു കുറവൂല്ല.
രണ്ടു മക്കൾ. മൂത്തവൾ പഠിപ്പു കഴിഞ്ഞ് കെട്ടിച്ചു വിടാറായി. അവന് കിട്ടീതും, സ്ത്രീധനം കൊടുത്തതും എല്ലാം തീർന്നു. ഇപ്പൊ ഈ വീട് പണയപ്പെടുത്തണമെന്ന ഒറ്റ വാശിയിലാണ്. അച്ഛൻ തന്ന ഈ മുതല് എന്റെ കാലം വരെ ഞാൻ കാത്തു വയ്ക്കും. അതു മാത്രം വിട്ടു കൊടുക്കില്ല. അച്ഛനും അമ്മയും ഉറങ്ങുന്ന ഈ മണ്ണിൽ എനിക്കും ഉറങ്ങണം. അച്ഛന്റെ മോള് പഴയ കുട്ടിയല്ല. വയസ്സ് 75 ആയി. പെൻഷൻ കാശു കൊണ്ട് വാങ്ങിയ കണ്ണട കഴിഞ്ഞ ആഴ്ച അവൻ വഴക്കുണ്ടാക്കിയപ്പോൾ തറയിൽ വീണ് പൊട്ടിപ്പോയി. ഇനി ഒരെണ്ണം വാങ്ങണം. യ്യൊ..! അച്ഛനോട് ഓരോന്നു പറഞ്ഞ് സമയം പോയതറിഞ്ഞില്ല. അച്ഛന്റെ അസ്തിത്തറയിൽ വിളക്കു വയ്ക്കാൻ നേരമായി. പക്ഷെ ... ആധാരം വേണമെന്ന് വാശി പിടിച്ച്  അവനിന്ന് വലിയ വഴക്കുണ്ടാക്കി. എന്നെ പിടിച്ച് തള്ളി തറയിൽ വീഴിച്ചിട്ട് അവൻ മുറി പുറമേന്ന് പൂട്ടിയിട്ട് പുറത്തു പോയി. മോള് പാവം.. ഇടി കൊണ്ട് മടുത്തു. കണ്ടും കേട്ടും ഞാനും മടുത്തു അച്ഛാ.. ഇന്ന് ഞാനെങ്ങനെ തിരിവയ്ക്കും..!!? ഞാനും വരട്ടെ... പക്ഷെ ...എങ്ങനെ..?

വായനക്കാരോട്

ഓരോ രചനയോടും ഒപ്പമുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

എഴുത്തുകാരോട്

ലോഗിൻ ചെയ്തുകഴിഞ്ഞാൽ, രചനകൾ സൈറ്റിൽ തന്നെ നേരിട്ടു സമർപ്പിക്കാവുന്നതാണ്. സമർപ്പിച്ച രചനകൾ പരിശോധിച്ച ശേഷം പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധം ചെയ്യുന്ന ഓരോ രചനയ്ക്കും 50 point വീതം ലഭിക്കും. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
View Tutorials

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2018