ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 27' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk27- എന്നായിരിക്കും. ഉദാ:   [wk27-]സന്ദർഭം, [wk27-]സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

കൊല്ലവർഷം 1991

ഹൈസ്കൂൾ പഠനകാലം.

ശരീരത്തിന്റെ വലുപ്പത്തിന് തുല്യമോ അതിനേക്കാൾ ഏറെയോ മനസ്സിന് വലുപ്പമുള്ള ഒരു അധ്യാപകൻ ആയിരുന്നു ഹുസൈൻ സാർ. ഗണപതിക്ക് മൂഷികവാഹനം എന്നപോലെ തന്റെ പഴയ മൃതപ്രാണനായ സൈക്കിളിൽ കയറിയുള്ള സാറിൻറെ വരവ് ജീവശാസ്ത്രം എന്ന വിശാലമായ ലോകത്തിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ വഴികാട്ടിയായി ആയിരുന്നു.

നിർഭാഗ്യവശാൽ ജീവശാസ്ത്രം എന്ന ജന്തുശാസ്ത്രം ഒന്നും മനസ്സിലാകാത്ത ഒരു ജന്തു ആയിരുന്നു ഈ പാവം ഞാൻ. ഒരുപാടു തവണ നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി മുകളിലേയ്ക്കു കൊണ്ടുപോയി താഴേക്കിടുന്നത് പോലെ ഈ പാവം ഞാനും ജീവശാസ്ത്രത്തിന്റെ മനഃശാസ്ത്രം മനസ്സിലാക്കാൻ വേണ്ടി പാഠഭാഗങ്ങൾ വായിച്ചുവായിച്ചു അതിന്റെ ഉത്തുംഗശൃംഗത്തിലെത്തിയിട്ടു കല്ലുരുണ്ട് വീഴുന്നതിനേക്കാൾ വേഗത്തിൽ താഴേക്കുരുണ്ടു മൂടിടിച്ചു വീഴുകയായിരുന്നു ഫലം.

പക്ഷെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ദുരന്തങ്ങൾ എപ്പോഴും നമ്മളെ തേടിപ്പിടിച്ചു വരുമല്ലോ!!!

അങ്ങനെ ഓണപരീക്ഷ എന്ന മുഖംമൂടി അണിഞ്ഞു ആ ദുരന്തം എന്നേ തേടിയെത്തി. ബയോളജിയും മലയാളവും തോൽക്കുമെന്ന് ഉറപ്പ്.

തെക്കോട്ടോടണോ വടക്കോട്ടോടണോ അതോ തൂങ്ങിച്ചാവണോ...ആകെ കൺഫ്യൂഷൻ...

എല്ലാ വർഷവും മുടങ്ങാതെ അനുഷ്ഠിച്ചു പോന്ന ഒരു ആചാരം ആയിരുന്നു അയൽവാസിയായ സീനിയർ വിദ്യാർത്ഥിയുടെ അടുത്ത് നിന്നും ക്വൊസ്റ്റ്യൻ പേപ്പർ ശേഖരിക്കുക എന്നത്. അവസാന കച്ചിത്തുരുമ്പു എന്നോണം ശേഖരിച്ച ക്വൊസ്റ്റ്യൻ പേപ്പേഴ്സ് എടുത്തു വച്ചു മുന്നും നിന്നും നോക്കാതെ ആഞ്ഞുപഠിച്ചു.

പിറ്റേദിവസം പരീക്ഷാഹാളിലിരുന്നു ക്വൊസ്റ്റ്യൻ പേപ്പർ വായിച്ച ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി. ഞാൻ തലേദിവസം പഠിച്ച ക്വൊസ്റ്റ്യൻസ് മാത്രം എനിക്കായി എനിക്കുമാത്രമായി നിരത്തിയിട്ടിരിക്കുന്നു. ദൈവത്തിന്റെ തീരുമാനങ്ങൾ എപ്പോഴും അത്ഭുതപ്പെടുത്തന്നതാണല്ലോ!

എന്തായാലും ആന കരിമ്പിൻകാട്ടിൽ കേറിയപോലെ ഞാനങ്ങു മേഞ്ഞു.

ഓണം കഴിഞ്ഞു...സ്കൂൾ തുറന്നു...എനിക്ക് ബയോളജിക്കു അൻപതിൽ നാല്പ്പത്തി ഒമ്പത്.

ഞാൻ ഹാപ്പി... ഹുസൈൻ സാർ വെരി വെരി ഹാപ്പി...

പക്ഷെ ദുരന്തങ്ങൾ ഒഴിയാബാധ പോലെ പിന്തുടർന്ന കുട്ടിക്കാലം!!!

ദേ വരുന്നു...ക്രിസ്മസ് പരീക്ഷ... വീണ്ടും മുൻകാല ക്വൊസ്റ്റ്യൻ പേപ്പേഴ്സ് ശരണം.

പക്ഷെ പണിപാളി.

പ്രതീക്ഷിച്ച ചോദ്യങ്ങളൊന്നും ചോയിച്ചില്ല. പാവം ഞാൻ തോറ്റു തൊപ്പിയിട്ടു നാശപ്പരുവമായി ഹുസൈൻ സാറിന്റെ മുൻപിൽ തലയുംകുനിച്ചു നിൽക്കുന്നു. അപ്പോൾ സാറിന്റെ നിഷ്കളങ്കമായ ചോദൃം: “എന്താ മോളെ... എന്തു പറ്റി.. എന്താ മാർക്ക് കുറഞ്ഞേ... വീട്ടിൽ എന്തേലും പ്രശ്നമുണ്ടോ.. . “

ഈ മാർക്കുമായി എങ്ങനെ വീട്ടിൽ പോകും എന്ന ഒരേയൊരു പ്രശ്നവുമായി നിൽക്കുന്ന പാവം എനിക്ക്. വീണ്ടും ...തെക്കോട്ടോടണോ വടക്കോട്ടോടണോ അതോ തൂങ്ങിച്ചാവണോ...ആകെ കൺഫ്യൂഷൻ...