fbpx

 

 

 

 

 

.

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

അഞ്ച്‌ വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം സൗദി അറേബിയയിൽ നിന്നും ആദ്യമായി അവധിക്കു നാട്ടിൽ എത്തിയതാണ്. നാടെല്ലാം ഒരുപാടു മാറിപ്പോയിരിക്കുന്നു. അംബാസിഡർ കാറുകളെല്ലാം ചടച്ചു മെലിഞ്ഞതുപോലെ. ഓട്ടോറിക്ഷയുടെ മുന്പിലുണ്ടായിരുന്ന എൻജിൻ പുറകിലേക്ക് മാറി. ഉരുളൻ കല്ലുകൾ പാകിയിരുന്ന വീട്ടിലേക്കുള്ള വഴി ടാറിട്ട് കരുവാളിച്ചു കിടന്നു. തേക്കുമരം കൊണ്ടുള്ള കരണ്ടിൻ കാലുകൾ കോൺക്രീറ്റ് പോസ്റ്റുകളായി. വാഴപ്പിണ്ടി കൊണ്ട് ചങ്ങാടം കുത്തി കളിച്ചിരുന്ന കുളമെല്ലാം പായൽ നിറഞ്ഞു കിടന്നു. വേലിപടർപ്പിൽ ഉണ്ടായിരുന്ന ശീമകൊന്നയും കോളാമ്പിയും ചെമ്പരത്തിയും എങ്ങോ അപ്രത്യക്ഷമായി. പറമ്പിൽ തഴച്ചു വളർന്നിരുന്ന പുള്ളി ചേമ്പിലയും കൂവ ചെടിയുമെല്ലാം വീടിനു മുമ്പിൽ ചട്ടികളിൽ മാത്രമായി.

കുറെ നാളുകൾക്കു ശേഷം മകനെ കണ്ടതിലുള്ള സന്തോഷം അമ്മക്ക്. കൂട്ടത്തിൽ പതിവായി പോകുന്ന ആശുപത്രിയിലെ കന്യാസ്ത്രീകളെയും നേഴ്‌സുമാരെയും മകനെ കാണിക്കാമല്ലോ എന്നും ഓർത്തു കാണും. അമ്മയെ ഒരു ഡോക്ടറെ കാണിച്ചു നല്ല ചികിത്സ നൽകി അമ്മയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കാമല്ലോ എന്നോർത്ത് മകനും സന്തോഷം.

കൊണ്ടുവന്നതിൽ ഏറ്റവും വിലകൂടിയ അത്തരെടുത്തു ശരീരമാസകലം പൂശി. കൂളിംഗ് ഗ്ലാസ് വെക്കണോ? വേണ്ട, ഓവറാക്കണ്ട. അതിലേം ഇതിലേം പോയ കന്യാസ്ത്രിമാരൊക്കെ വന്നു കുശലം ചോദിച്ചു. "മോനാലെ, സൗദീലെവിടാ?" കന്യാസ്ത്രിമാർക്കു സൗദീയിലെ എല്ലാ സ്ഥലവും അറിയാവുന്ന പോലെയാണ് ചോദ്യം. നഴ്സുമാരൊക്കെ നാണം കുണുങ്ങി ചിരിച്ചുകൊണ്ട് കടന്നു പോയതല്ലാതെ ഒന്നും അന്വേഷിച്ചില്ല. ഡോക്ടർ വളരെ പരിചയമുള്ള ആളെപോലെയാണ് സംസാരിച്ചു കൊണ്ടിരുന്നത്. നേഴ്സ് വന്നു അമ്മയെ സമ്മർദ്ദമളക്കാൻ കൊണ്ടുപോയി. അപ്പോഴാണ് ഡോക്ടർ ഒരു അനാവശ്യ ചോദ്യം ചോദിച്ചത്. "അല്ല, ഇയാള് എന്താ ചെയ്യണേ?" "ഗൾഫിലാ," കുറച്ചു അഭിമാനത്തോടെ പെട്ടന്നുത്തരം പറഞ്ഞു. "എന്താ ജോലി?" "എഞ്ചിനിയറാ". ഒന്നാലോചിച്ചിട്ടു തന്നെയാണ് ഉത്തരം പറഞ്ഞത്. പറഞ്ഞതിൽ തെറ്റുണ്ടോ? ഒരിത്തിരി ലൊട്ടുലൊടുക്ക് പണികളും, വായിലെ നാക്കും ഉണ്ടെങ്കിൽ അറബിനാട്ടിലാർക്കും മുഹന്തീസുമാരാകാം. ഒരു കള്ളസർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ അറബികൾക്കെല്ലാവരും മുഹന്തീസുമാരാണ്. മുഹന്തീസ് എന്ന് പറഞ്ഞാൽ 'എൻജിനിയർ'. അഞ്ചു വർഷം മുഹന്തീസായിട്ട് ജോലിചെയ്‌തെങ്കിൽ ഡോക്ടറോട് എൻജിനിയറല്ല എന്ന് പറയണ്ട കാര്യമില്ലല്ലോ. "ഏതു കോളേജിലാ പഠിച്ചേ, തൃശ്ശൂരാണോ?" ഈ പഹയൻ വിടുന്ന ലക്ഷണമില്ല. തൃശ്ശൂര് എൻജിനിയറിങ് കോളേജ് ഉണ്ടോ? ആകെ സംശയമായി. ഇല്ലാണ്ട് ഡോക്ടർ ചോദിക്കില്ലല്ലോ. "അതെ തൃശൂരാണ് ". "ഏതു കൊല്ലം?" ഈശ്വരാ, ഏതു നേരത്താണോ അമ്മയേം കൊണ്ട് ആശുപത്രിയിലേക്ക് വരൻ തോന്നിയത്. ഏതോ ഒരു കൊല്ലം പറഞ്ഞു ഒഴിവാക്കാൻ നോക്കി. "ആഹാ, ആ കൊല്ലം ഞാനവിടെ ഉണ്ടായിരുന്നല്ലോ! ഏതു ബാച്ചിലായിരുന്നു?" എവിടെന്നോ ഒരു പരവേശം. ഡോക്ടർമാര് എൻജിനിയറിങ് കോളേജില് പടിക്കണത് ആദ്യമായിട്ടാണ് കേട്ടത്. "സിവിലായിരുന്നു". എനിക്കുവേണ്ടി ആരോ ഉത്തരം പറയുന്നതായി തോന്നി. "ഞാൻ കെമിക്കലായിരുന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോൾ മെഡിസിന് കിട്ടി". സിവിലില്ലാതിരുന്നത് ഭാഗ്യം. മാലാഖയുടെ വേഷത്തിൽ നേഴ്സ് വീണ്ടും പ്രത്യക്ഷപെട്ടതുകൊണ്ട് സംഭാഷണം അവിടെ വെച്ച് മുറിഞ്ഞു.

രണ്ടു മാസത്തെ അവധി തീർന്നതറിഞ്ഞില്ല. മഴയിൽ കുതിർന്ന മണ്ണിന്റെ മണം ഉപേക്ഷിച്ചിട്ട് മരുഭൂമിയുടെ മരവിപ്പിലേക്കു മടങ്ങിപോയെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ വീണ്ടും ലീവിന് വരാനായി. ആശുപത്രിയിലേക്കുള്ള അമ്മയുടെ പോക്കും ഇതിനകം കൂടിക്കൂടി വന്നു. രണ്ടു കൊല്ലം കഴിഞ്ഞെങ്കിലും ആശുപത്രിക്കു യാതൊരു മാറ്റവും ഇല്ല. അതേ മണം. അമ്മയുടെ കൂടെ ഡോക്ടറുടെ മുറിയിലേക്ക് കടന്നപ്പോൾ പെട്ടന്നൊരു വിറയൽ. വീണ്ടും അതേ ഡോക്ടർ. ഏയ്, രണ്ടു കൊല്ലമായില്ലേ. ദിവസവും എത്ര പേരെ കാണുന്നതാ. മരുന്നിനുള്ള കുറിപ്പടി എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ ഡോക്ടറുടെ ചോദ്യം വന്നു. "നിങ്ങള് തൃശ്ശൂര് എൻജിനിയറിങ് കോളേജിലല്ലേ പഠിച്ചേ?" ഈ *%#¥ - യ്ക്ക് വേറെ പണിയൊന്നുമില്ലേ എന്ന് മനസ്സിൽ പറഞ്ഞു. "അല്ല, ഞാൻ ഡിപ്ളോമാ, കോയമ്പത്തൂരാ പഠിച്ചേ". എന്തായാലും അത്രേം വഴി പോയി ഡോക്ടര് ഡിപ്ളോമാ പഠിച്ചിക്കിരിക്കാൻ സാധ്യതയില്ല. എഴുതി കൊണ്ടിരുന്ന ഡോക്ടറുടെ കൈയുടെ ചലനങ്ങൾ പെട്ടന്ന് നിലച്ചു. പിന്നെ വേഗത്തിൽ കുറെയേറെ ടെസ്റ്റുകൾ എഴുതി ചേർത്തു. ഒടുവിൽ ഓപ്പറേഷൻ അത്യാവശമാണ് എന്നൊരു അടിക്കുറിപ്പും. 'അമ്മ തല തിരിച്ചു ദയനീയമായി നോക്കി. പുറത്തിറങ്ങിയപ്പോൾ ഇനിമേലിൽ ഈ ഡോക്ടറെ കാണാൻ പോയേക്കരുത് എന്നൊരു താക്കീതു അമ്മക്ക് കൊടുത്തു. ഇയാൾക്കൊന്നും അറിഞ്ഞുകൂടാ. കോയമ്പത്തൂരിൽ നിന്നും എടുത്ത ഡിപ്ളോമാ ഏതാണെന്നു 'അമ്മ എപ്പോഴെങ്കിലും ചോദിക്കുമെന്ന് കരുതി. വീട്ടിൽ വന്നു കയറിയതും സൗദിയിൽ നിന്നും ഫോൺ വന്നു. മുഹന്തീസില്ലാണ്ട് പണികളൊന്നും ശരിയായി നടക്കുന്നില്ല എന്നും പറഞ്ഞു അറബി ഭ്രാന്തു പിടിച്ചു നടക്കാത്രെ.


വായനക്കാരോട്

ഓരോ രചനയോടും ഒപ്പമുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

എഴുത്തുകാരോട്

ലോഗിൻ ചെയ്തുകഴിഞ്ഞാൽ, രചനകൾ സൈറ്റിൽ തന്നെ നേരിട്ടു സമർപ്പിക്കാവുന്നതാണ്. സമർപ്പിച്ച രചനകൾ പരിശോധിച്ച ശേഷം പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധം ചെയ്യുന്ന ഓരോ രചനയ്ക്കും 50 point വീതം ലഭിക്കും. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
View Tutorials

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2018