User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

അവനെക്കുറിച്ചു എഴുതാൻ മാത്രം അത്രയ്ക്കൊന്നുമില്ല. നാവികനാണ് എന്നതൊഴിച്ചു വേറെയൊന്നും അറിയില്ല എന്നുള്ളതാണ് സത്യം. വർഷങ്ങൾക്കു മുൻപ് കാറ്റും കോളും നിറഞ്ഞ ഒരു രാത്രിയിൽ ഉൾക്കടലിൽ നിന്നും വഴിത്തെറ്റി ഈ തുറമുഖത്ത് എത്തിപ്പെട്ടതാണ്. തണുത്തുറഞ്ഞ ഒരു രാത്രിയെ മൊത്തമായി വിലയിട്ടുറപ്പിച്ച്‌ മുന്നിലേക്കെത്തിയപ്പോൾ അത്ഭുതമായിരുന്നു. മുറിക്കുള്ളിലെ മങ്ങിയ വെളിച്ചത്തിനുള്ളിൽ അഭിമുഖമായി ഇരിയ്ക്കുമ്പോൾ അന്നെന്തോ മണിയറയിലേയ്ക്ക് നയിക്കപ്പെട്ട കന്യകയേപ്പോലെ പരിഭ്രമം തോന്നിയിരുന്നു. മുന്തിയവീഞ്ഞിന്റെ ചഷകം എനിക്ക് നേരെ നീട്ടിയപ്പോളും അയാൾ സംസാരിച്ചതേയില്ല. കൈവിരലുകളിൽ മൃദുവായി ചുംബിയ്ക്കുക മാത്രം ചെയ്തു. ഞങ്ങൾക്കിടയിൽ വലിയൊരു നിശബ്ദത വലം വച്ച് കൊണ്ടിരുന്നു. ഏറെ നിമിഷങ്ങൾക്ക് ശേഷം പൊടുന്നനെ അന്നേ വരെ കേട്ടിട്ടില്ലാത്ത ഏതോ ഒരു വിചിത്ര ഭാഷയിൽ അയാൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി. അയാളുടെ പേരോ ജന്മനാടോ തലേ രാത്രിയിലെ കൊടുംകാറ്റിനെയോ പറ്റി ആയിരിക്കുമെന്ന് ഞാൻ കരുതുകയും മൂളുകയും ചെയ്തു കൊണ്ടിരുന്നു. പരസ്പരം മനസ്സിലാകുന്നില്ലെന്നു അയാൾക്കും എനിക്കും തീർച്ചയുണ്ടായിരുന്നെങ്കിലും അയാളതെ പറ്റി വേവലാതിപ്പെടുകയേ ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ എനിക്കയാളോട് ആദരവ് കലർന്ന ഒരു സ്‌നേഹം തോന്നി. ഒട്ടും തിടുക്കമല്ലാത്ത കൈകൾ കൊണ്ട് അയാളെന്നെ ചേർത്ത് പിടിയ്ക്കുകയും ആർദ്രതയൂറുന്ന കണ്ണുകളോടെ ഉറ്റുനോക്കുകയും ചെയ്തു . അതീവ സുന്ദരനായിരുന്നു അയാൾ. മുഖമുയർത്തുമ്പോളൊക്കെയും കണ്ണുകൾ എത്ര സുന്ദരമാണെന്ന് ഞാനോർത്തു. ആ രാത്രിയിൽ എന്ത് സംഭവിച്ചെന്നോ എന്ത് സംഭവിച്ചില്ലെന്നോ ഞാൻ പറയുന്നില്ല. ഏറ്റവും സുരക്ഷിതമായ ഒരിടത്ത്‌ എത്തിപ്പെട്ടവളെപോലെ ഞാനന്ന് മതിവരുവോളം ഉറങ്ങി. കണ്ണ്‌ തുറക്കുമ്പോൾ അയാൾ കാത്തിരിക്കുകയായിരുന്നു. യാത്ര പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . തീക്ഷണമായ പ്രണയത്തിന് അടിമപ്പെട്ട് പോയവളെ പോലെ ഞാനയാൾക്ക് മുന്നിൽ തല താഴ്ത്തി നിന്നു. ഒരേ സമയം അയാളെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന അയാളുടെ അമ്മയോ അയാളുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ഭാര്യയോ അതുമല്ലെങ്കിൽ രഹസ്യകാമുകിയോ ആവണമെന്ന് എനിക്ക് തോന്നി. ഇന്ന്, ഈ രാത്രിയിൽ അയാൾ സമ്മാനിച്ച ഉണങ്ങിയ സ്രാവ് പോലെന്തോ മത്സ്യത്തിന്റെ അവസാന ഗന്ധത്തെ ഈ മുറിക്കുള്ളിൽ തീർക്കുകയാണ് ഞാൻ. അതൊരു ഗന്ധമോ വാസനയോ ആയിരുന്നില്ല . മറിച്ചു ആത്മാവിന്റെ ഭോജനമായിരുന്നു. തിരികെയെത്തുമെന്നോ തേടിവരുമെന്നോ പറഞ്ഞിരിക്കാൻ സാധ്യതയിലെങ്കിലും കാത്തിരിപ്പിന്റെ ഭൂപടങ്ങളിൽ പൊടുന്നനെ നങ്കൂരമിട്ടു പോയേക്കാവുന്ന സ്വപ്നങ്ങളെ പ്രതി ജീവിക്കുന്നവൾക്ക് അതൊരു കുതിച്ചു പായുന്ന പായ്ക്കപ്പലിനോളം വലുതായിരുന്നു . 
ഇന്ന് വരേയ്ക്കും .. 
എന്നേയ്ക്കും !


മലയാളം ബ്ലോഗിടം

നിങ്ങളുടെ മലയാളം ബ്ലോഗുകൾ മൊഴിയിൽ പരിചയപ്പെടുത്താം. മികച്ച ബ്ലോഗ് രചനയും, ബ്ലോഗിലേക്കുള്ള ലിങ്കും [email protected]മൊഴി.org എന്ന വിലാസത്തിൽ അയച്ചുതരിക. നേരിട്ടു നിങ്ങൾക്കു തന്നെ സൈറ്റിൽ ചേർക്കുകയും ചെയ്യാം. 
Read more...

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

ഹ്രസ്വ ഡിജിറ്റൽ രചന

കുറച്ചു വാക്കുകളിൽ ഒരു പ്രപഞ്ചമൊരുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ വെല്ലുവിളി. 

Read more >>>

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2018

User Menu