User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

വേർപാടിന്റെ നൊമ്പരമാണ് പ്രവാസമെന്ന് പറഞ്ഞത് ഖലീൽ ജിബ്രാനാണ്.. മനുഷ്യന്റെ കഥകൾ സാർവലൗകികമെന്ന നിരീക്ഷണമാണല്ലോ സിനിമയേയും സംഗീതത്തേയും സർവകലകളേയും സ്പോർട്സിനേയുമൊക്കെ രാജ്യാതിർത്തികൾ അതിലംഘിച്ച് ആഗോളമാക്കാൻ ശ്രമിക്കുന്നത്. സുഡാനി from നൈജീരിയ എന്ന കൊച്ചു മലയാള ചിത്രം ഈ ദുനിയാവിലെ പുറമേ ചിരിക്കുന്ന ഉള്ളിൽ അഭയാർത്ഥിയും പ്രവാസിയും തിരസ്ക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ കഥ പറഞ്ഞ് ലോകസിനിമയുടെ നിലവാരത്തിലെത്തുന്നു..

കേരളം പ്രത്യേകിച്ച് മലപ്പുറം ജില്ല ഒരർത്ഥത്തിൽ പ്രവാസികളുടെ അല്ലെങ്കിൽ സാമ്പത്തിക, അതിജീവന അഭയാർത്ഥികളുടെ നാടല്ലേ? ആഭ്യന്തര യുദ്ധത്തിൽ തകർന്നടിയുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ ജനങ്ങൾ രാഷ്ട്രീയമായും, ഭൂമിശാസ്ത്രപരമായും വൈകാരികമായും അഭയാർത്ഥികളും പ്രവാസികളും തന്നെ.. നൈജീരിയക്കാരൻ സുഡാനിയായും, ഉഗാണ്ട ക്കാരനുമായി മലപ്പുറത്തെത്തുമ്പോൾ അവനില്ലാത്തത് സ്വന്തം നാടിനെ അടയാളപ്പെടുത്തുന്ന പാസ്പോർട്ടാണ്.. മലബാറിന്റെ ആവേശമായ സെവൻസ് ഫുട്ബോൾ ക്ലബിന്റെ ദരിദ്ര മാനേജരായ മജീദിനെയും അടയാളപ്പെടുത്തുന്നത് വ്യക്തിപരമായ പ്രവാസവും, അഭയാർത്തിത്വവും, പ്രീ ഡിഗ്രിയുടെ വില പോലുമില്ലാത്ത സെലക്ഷൻ മാനദണ്ഡങ്ങളിലെ പരാജയവുമാണ്.. മജീദിന്റെ കൽക്കണ്ട ക്കനിയായ ഉമ്മയും, കൂട്ടുകാരി ഉമ്മച്ചിയും സ്നേഹം ചൊരിയുമ്പോഴും ഇരിക്കുന്ന അഗ്നിപർവതങ്ങൾ തിരസ്ക്കാരത്തിന്റേതാണ്.. മജീദിന്റെ രണ്ടാം ബാപ്പയാണ് ചിത്രത്തിലെ ഏറ്റവും വലിയ അഭയാർത്ഥിയും, തിരസ്കൃതനും.. അഭയാർത്ഥികളുടേയും, പ്രവാസികളുടേയും കഥകൾ ഒന്നു തന്നെയാകുമ്പോൾ ഭാഷയും വാക്കുകളും ആശയ വിനിമയത്തിന് അനാവശ്യമാകുന്നു. രാജ്യത്തെ ആഭ്യന്തര യുദ്ധത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് അമ്മൂമ്മയേയും അനുജത്തിമാരേയും സംരക്ഷിക്കാൻ ,വിശപ്പക്കറ്റാൻ കാൽപ്പന്തിനെ പുണർന്ന് സാമുവൽ അഭയാർത്ഥി ജീവിതം പറിച്ചു നടുമ്പോൾ, സ്വന്തം ഉമ്മയുടെ 'നിക്കാഹിന് ബിരിയാണി ഉണ്ണേണ്ടി വന്ന അനാഥത്വം പേറുന്ന മജീദും അഭയം തേടുന്നത് കാൽപ്പന്തിന്റെ ലഹരിയിൽ.. സ്വന്തം മകനും ഭർത്താവിനുമിടയിൽ സന്ദേഹിയായി നെഞ്ചുരുകുന്ന ഉമ്മയും ഒരർത്ഥത്തിൽ പ്രവാസി തന്നെ.. ഇങ്ങനെ വ്യക്തിപരമായും, ഭൂമി ശാസ്ത്രപരമായും, വൈകാരികമായും, രാഷ്ട്രീയമായും അഭയാർത്ഥികളാകേണ്ടി വരുന്ന രാജ്യനാമങ്ങൾക്ക് പ്രസക്തിയില്ലാത്ത ആഗോള മനുഷ്യന്റെ നിസഹായതയാണ് ചിത്രത്തിൽ കൃത്രിമത്വമില്ലാതെ അവതരിപ്പിക്കുന്നത്. അതിനു പശ്ചാത്തലമാകുന്നത് പാവപ്പെട്ടവന്റെ, അടിച്ചമർത്തപ്പെട്ടവന്റെ ആവേശം ചോരാത്ത ആഗോള കായിക വിനോദമായ കാൽപ്പന്തുകളിയേയും...

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം ഉയർത്തുന്ന, പ്രതീക്ഷ നൽകുന്ന ഒരു രാഷ്ട്രീയമുണ്ട്. അഭയാർത്ഥികളെ, പ്രവാസികളെ സൃഷ്ടിക്കുന്ന മനുഷ്യസൃഷ്ടിയായ ആഭ്യന്തര യുദ്ധങ്ങൾക്കും, വ്യക്തി ജീവിതങ്ങളിലെ തിരസ്ക്കാരങ്ങൾക്കും അപ്പുറം പുതിയ ഒരു ലോകം സാധ്യമാകുമോ... ഈ സിനിമയിലെ സുഡുവിനും മജീദിനും വേണ്ടത് ആ പുതു ലോകമാണ്...സാമുവലിനും, ഏലിയ്ക്കും ,നായർക്കും മമ്പറം എണ്ണ പകർന്നു കൊടുക്കാൻ ഉമ്മയ്ക്കു കഴിയുന്ന മത വരമ്പുകളില്ലാത്ത ,പാസ്പോർട്ടില്ലാതെ കറാച്ചിയിലും, ഏതു രാജ്യത്തും സഞ്ചരിക്കാൻ കഴിയുന്ന, ഒടുവിൽ ജഴ്സി കൾ പരസ്പരം ഊരി നൽകി സ്നേഹ സൗഹാർദ്ദം പങ്കുവയ്ക്കാൻ കഴിയുന്ന മറ്റൊരു ലോകം സാധ്യമാണ്, നിലവിലുണ്ട് എന്ന രാഷ്ട്രീയമാണ്..

യുവാക്കളും, കുഞ്ഞുങ്ങളും യഥേഷ്ടം നീന്തിത്തുടിക്കുന്ന, അലംഭാവത്തോടെ ജല സമൃദ്ധിയെ കൈകാര്യം ചെയ്യുന്ന നാടിനോടും സാമുവേൽ ഒരു സ്വപ്നത്തിൽ നിന്നുണർന്ന് ആവശ്യപ്പെടുന്നത് വെള്ളം പാഴാക്കരുതെന്നാണ്.. എത്ര മനോഹരമായാണ് ആഫ്രിക്ക അനുഭവിക്കുന്ന ജലദൗർല്ലഭ്യത്തെ ഏച്ചു കെട്ടില്ലാതെ മലയാളിയുടെ മുന്നിലെത്തിക്കുന്നത്.. പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ ഞെട്ടലോടെ മാത്രമേ കാണാൻ കഴിയുകയുള്ളൂ.. ഏറ്റവും മികച്ച കളിക്കാരനാകാനല്ല പുതിയൊരു ജീവിതമാണ് ,ലോകമാണ് സുഡുവിന്റെ മോഹം. ജീവിതത്തിലേക്ക് ഒരു സെലക്ഷനാവില്ലേ മജീദിന്റെ മോഹം.. സിവിൽ യുദ്ധത്തിൽ തകരുമ്പോഴും നൈജീരിയ ലോകകപ്പിൽ കളിക്കുന്ന ടീമാണെന്നും ,എന്നാൽ സെവൻസ് ലോകകപ്പ് വന്നാൽ മലബാർ തന്നെ നേടുമെന്നും പറയുന്നത് ആത്മാർത്ഥമായി തന്നെയാവണം. പച്ചക്കൊടിയുടെയും, ത്രിവർണ്ണ പതാകയുടേയും ഒപ്പം ചെങ്കൊടികളും പാറിക്കളിക്കുന്ന ദൃശ്യങ്ങൾ മലപ്പുറത്തിന്റെ മതേതര, ബഹുസ്വര രാഷ്ട്രീയത്തിന്റെ പുതിയ മുഖമാകണം സൂചിപ്പിക്കുന്നത്.. വാട്സ് ആപ്പിലും ഫെസ് ബുക്കിലും ലൈവാകുന്ന മലബാറിന്റെ ഏഴുപേരുടെ ഫുട്ബോൾ അവരുടെ മതമാകുന്നത് കാൽപ്പന്തിനും, കമുകിൻഗാലറികർക്കും നൽകാൻ കഴിയുന്ന സവിശേഷ ബന്ധത്താലാണ്.. അവിടെ അലക്കി വെളുപ്പിച്ച വെള്ളത്തുണിയിൽ വീഴുന്ന കാൽപ്പന്തിന്റെ അടയാളങ്ങൾ സ്നേഹത്തിൻ അലിഞ്ഞു പോകുന്നു.. ചായയും വെള്ളവും സൽക്കാരവും സ്നേഹത്തിൽ ചാലിച്ച് മതവും ജാതിയും തീണ്ടാത്ത മലപ്പുറത്തിന്റെ സ്നേഹം അനുഭവിച്ചവർക്ക് ഗൃഹാതുരത്വം ഏറെ നൽകുന്നുണ്ട് ഈ ചിത്രം.

മനുഷ്യബന്ധങ്ങൾ മരുഭൂമികളാകുന്ന ലോകത്ത് മനുഷ്യർ യുദ്ധം ചെയ്യുന്നു. യുദ്ധം വെറുപ്പ് സൃഷ്ടിച്ച് ഹത്യകൾ നടത്തുന്നു. അഭയാർത്ഥികളേയും അനാഥരേയും സൃഷ്ടിക്കുന്നു. ഭക്ഷണവും ജലവും അഭയ സ്ഥലികളും നഷ്ടമാക്കുന്നു.. വ്യക്തി ജീവിതങ്ങളിലെ അനാഥതത്വങ്ങളും സമാന സൃഷ്ടി തന്നെയാണ് നടന്നത്. അതിനാൽ മജിദും ,സാമുവലും, ഉമ്മയും, രണ്ടാം ബാപ്പയും, നൈജീരിയയിലെ അനുജത്തിമാരും, അമ്മൂമ്മയും ഒന്നാകുന്നു. നായരും ഏലിയും തട്ടമിട്ട പെണ്ണും ഒരു മനമാകുന്നു. ക്രിസ്ത്യാനിയ്ക്കായി മരണാനന്തര കർമ്മം ഇസ്ലാം രീതിയിൽ സ്വീകരിക്കപ്പെടുന്നു. മമ്പറം നേർച്ച എണ്ണയും, ഉമ്മച്ചിയുടെ വാച്ചും, ഉമ്മയുടെ കമ്മലും രാജ്യാതിർത്തിയും, മതവും, നിറവും കടന്ന് സ്നേഹ ചിഹ്നങ്ങളായി ഭൂമിയാ കെ പരിമളം പടർത്തുന്നു...

ഈ സിനിമ കേരളത്തെ ഓർമ്മപ്പെടുത്തുന്നു.. ഇതൊരു സ്വർഗമാകേണ്ട നാടാണ്.. നരകം കണ്ടവർക്ക് ഇത് സ്വർഗസമാനമാണ്.. ഇത് നശിക്കരുത്.. ഈ സിനിമ ഒരു പ്രതീക്ഷയാണ്.മജീദിന്റെ വാക്കുകളിൽ .. ഗോളുകൾക്ക് പിന്നിൽ നിൽക്കുമ്പോഴും, അവസാന വിസിൽ വരെ സമനിലയെങ്കിലും എത്താമെന്ന തീരാത്ത പ്രതീക്ഷ....പുതിയ, നല്ല മറ്റൊരു ലോകത്തേക്കുറിച്ച്, സ്നേഹസമ്പന്നരായ മനുഷ്യരേക്കുറിച്ച് നൽകുന്ന വറ്റാത്ത നന്മയുടെ പ്രതീക്ഷയും സന്ദേശവും ഈ സിനിമയെ ലോക സിനിമയാക്കുന്നു. എല്ലാം കൊണ്ടും കെട്ടുപോയെന്നു വിലപിക്കുന്ന സമയത്തും മെഴുതിരി നാളം പോലൊരു ചിത്രം.... അതിന്റെ ദൂരം മലപ്പുറത്തു നിന്നും ലാഗോസി ലേക്കുള്ള ഏറെ നീളുന്ന ആകാശ വഴികളല്ല, സ്നേഹത്തിന്റെ നിമിഷദൈർഘ്യമുള്ള പാതകളാണ്...