User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

സലില്‍ ചൗധുരിയെന്ന സലില്‍ദാ അന്തരിച്ചിട്ട് ഇരുപത്തിരണ്ടു് വര്‍ഷങ്ങളായി. എങ്കിലും അദ്ദേഹത്തിന്റെ അഭാവം ഒരിക്കല്‍പോലും അനുഭവപ്പെട്ടിട്ടില്ല. ദിവസവും അദ്ദേഹം കമ്പോസ് ചെയ്ത കുറഞ്ഞത് അഞ്ചുപാട്ടുകളെങ്കിലും കേള്‍ക്കാറുണ്ട്.

നിരവധി ഭാഷകളില്‍ സലില്‍ദാ പാട്ടുകള്‍ കമ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ, മലയാളവും അദ്ദേഹവുമായി എന്തോ ഒരു സ്പെഷ്യല്‍ ബന്ധമുണ്ടായിരുന്നതായി തോന്നുന്നു. അദ്ദേഹത്തിന്റെ ഭാര്യ മലയാളത്തില്‍ പാടി. അദ്ദേഹത്തിന്റെ മക്കള്‍ നമുക്കായി സംഗീതമൊരുക്കി.

എന്നിട്ടും നമ്മള്‍ മലയാളികള്‍ സലില്‍ദായെ വേണ്ടപോലെ അറിഞ്ഞിട്ടില്ല എന്നാണ് എന്റെ തോന്നല്‍. നമുക്ക് അദ്ദേഹം വെറുമൊരു സംഗീതസംവിധായകനാണ്. അദ്ദേഹം അതിലുപരി മറ്റുപലതുംകൂടിയാണ്.

അന്‍പതുകളുടെ അവസാനമോ, അറുപതുകളുടെ തുടക്കത്തിലോ ഇന്ത്യയില്‍നിന്നും ഒരു കള്‍ച്ചറല്‍ ഡെലഗേഷന്‍ റഷ്യയില്‍ പോയി. ആ സംഘത്തില്‍ രാമു കാര്യാട്ടും സലില്‍ചൌധുരിയും ഉണ്ടായിരുന്നു. ആ സന്ദര്‍ശനത്തിനിടയില്‍ അവര്‍ തമ്മില്‍ ഉടലെടുത്ത സൌഹ്യദമാണ് സലില്‍ദയെ "ചെമ്മീന്‍" സിനിമയുടെ സംഗീതസംവിധായകനാക്കിയതിന്റെ പിന്നില്‍.

അന്നുവരെ അറബിക്കടലിലെ തിരമാലകളുടെ ഗര്‍ജ്ജനമാണ് മലയാളികള്‍ കേട്ടിരുന്നത്. പക്ഷെ ചെമ്മീന്‍ റിലീസായതിനുശേഷം അറബിക്കടലിലെ തിരമാലകള്‍ പാടാന്‍ തുടങ്ങി..

കടലിനക്കരെ പോണോരെ...

സത്യത്തില്‍ പടം റിലീസാകുന്നതിനു മുന്നേതന്നെ വയലാര്‍-സലില്‍ദാ കൂട്ടുകെട്ടില്‍ പിറന്ന ആ ഗാനങ്ങള്‍ മലയാളികളെ കോരിത്തരിപ്പിച്ചു.

പശ്ചിമ ബംഗാളിലെ ഹരിനവി എന്ന ഗ്രാമത്തില്‍, 1922 നവംബര്‍ പത്തൊന്‍പതാം തിയതിയാണ് സലില്‍ദാ ജനിച്ചത്. പക്ഷെ, ബാല്യകാലം കൂടുതലും ആസ്സാമിലെ തേയിലത്തോട്ടങ്ങളിലാണ് അദ്ദേഹം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അവിടെ ഡോക്ടറായിരുന്നു.

പ്രശ്നക്കാരനും കലാകാരനുമായിരുന്നു ആ പിതാവ്.

തന്നെ "Dirty Nigger" എന്നുവിളിച്ച വെള്ളക്കാരനായ മേലധികാരിയുടെ മുഖത്ത് ആ ഡോക്ടര്‍ ഇടിച്ചു. വെള്ളക്കാരന്റെ മുന്‍നിരയിലെ മൂന്നു പല്ലുകള്‍ തെറിച്ചുപോയത്രേ. അദ്ദേഹം തോട്ടത്തിലെ താഴ്ന്നജീവനക്കാരെ ഉള്‍പ്പെടുത്തി നാടകങ്ങള്‍ കളിച്ചിരുന്നു. ഇത് സലില്‍ എന്ന കുട്ടിയ്ക്ക് ഒരു മാനവിക കാഴ്ചപ്പാടു നല്‍കി. പിതാവിന്റെ പാശ്ചാത്യസംഗീതത്തിന്റെ വന്‍ശേഖരം കേട്ടാണ് സംഗീതത്തോടു അഭിനിവേശം ഉണ്ടാവുന്നത്.

കോളേജ് പഠനകാലത്ത് പാശ്ചാത്യ, പൌരസ്ത്യ സംഗീതവും കമ്മ്യുണിസ്റ്റ് ആദര്‍ശങ്ങളും ഒരുപോലെ തലയ്ക്കു പിടിച്ചു. ബംഗാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്ക്കാരിക വിഭാഗമായ Indian Peoples Theater Association (ഇപ്ത)യില്‍ അംഗമായി ചേര്‍ന്നു. താമസിയാതെ പാര്‍ട്ടിയുടെയും അംഗമായി.

അതിനുശേഷം പാര്‍ട്ടിയുടെ പ്രചാരണത്തിനായി സ്വന്തമായി എഴുതി, കമ്പോസ് ചെയ്ത ഗാനങ്ങളുമായി നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചു. ആ ഗാനങ്ങള്‍ ജനത്തിന് ആവേശമായി. തന്റെ ഈ ഗാനങ്ങളെ അദ്ദേഹം തന്നെ 'Songs of consciousness and awakening' എന്നാണ് വിളിച്ചത്.

താമസിയാതെ, സലില്‍ദാ സിനിമാരംഗത്തെത്തി.

അക്കാലത്തെ അതിപ്രശസ്ത സംവിധായക-നിര്‍മ്മാതാവായിരുന്ന ബിമല്‍റോയ് ഒരു വിദേശ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തു. അവിടെ വച്ച് വിറ്റോറിയ ഡി സിക്കാ എന്ന ഇറ്റാലിയന്‍ സംവിധായകന്റെ "ബൈസിക്കിള്‍ തീവ്സ്" എന്ന സിനിമ കണ്ടു. അതു കണ്ടപ്പോള്‍ ബിമല്‍റോയിക്കൊരു മോഹമുണ്ടായി - ഇന്ത്യയിലും ഇതുപോലെ ജീവിതഗന്ധിയായ ഒരു സിനിമ നിര്‍മ്മിക്കണം. (ഈ സിനിമ തന്നെയാണ് സത്യജിത് റേയ്ക്ക് "പഥേര്‍ പാഞ്ചാലി" നിര്‍മ്മിക്കാന്‍ പ്രചോദനമായാത്). അതിനായി പറ്റിയൊരു കഥ തെരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സലില്‍ദാ അദ്ദേഹത്തെ സമീപിച്ച് തന്റെ ഒരു കഥ പറഞ്ഞുകേള്‍പ്പിച്ചു.

സംവിധായകന് കഥ വളരെ ബോധിച്ചു. ആ കഥ "ദോ ബീഘാ സമീന്‍" എന്ന പേരില്‍ സിനിമയാക്കി. സിനിമയുടെ സംഗീതസംവിധാനവും സലില്‍ദാ തന്നെ നിര്‍വഹിച്ചു.

ഹിന്ദി സിനിമാലോകത്തിനു ഇതൊരു പുതിയ അനുഭവമായിരുന്നു. സിനിമ വന്‍ഹിറ്റ്.

നിരവധി സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദനായിരുന്നു സലില്‍ദാ. എങ്കിലും അദ്ദേഹം സംഗീതസംവിധാനത്തില്‍ ഫോക്കസ് ചെയ്തു. ഫലം നിരവധി മധുരഗാനങ്ങളാണ്.

മധുമതിയിലെ "ആജാരെ പരദേശി" - ഈ ഒരു ഗാനം മതി അദ്ദേഹത്തിന് അനശ്വരനാകാന്‍. പക്ഷെ, അതുപോലെ എത്രയോ മനോഹരഗാനങ്ങള്‍!

ഒരു പക്ഷെ, സലില്‍ദായെക്കൊണ്ട് ഏറ്റവും ഗുണമുണ്ടായത് മുകേഷ് എന്ന ഗായകനായിരുന്നു. മുകേഷ് രാജ്കപൂറിനു വേണ്ടി മാത്രമാണ് അക്കാലത്ത് പാടിയിരുന്നത്. തലത്ത് മെഹമൂദ്, മുഹമ്മദ്‌ റഫി, മന്നാഡേ, എന്നെ ത്രിമൂര്‍ത്തികളുടെ മുന്നില്‍ മുകേഷ് നിഷ്പ്രഭനായി. സലില്‍ദാ മുകേഷിന്റെ അനിതിസാധാരണമായ കഴിവുകള്‍ തിരിച്ചറിഞ്ഞു. ഫലം മുകേഷിന്റെ നിരവധി മനോഹര ഗാനങ്ങള്‍. മധുമതിയിലെ "സുഹാനാ സഫര്‍," ആനന്ദിലെ രണ്ടു ഗാനങ്ങള്‍, രജനീഗന്ധയിലെ ഗാനം - ഇതൊക്കെ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

സലില്‍ദയുടെ മലയാളത്തിലെ സൃഷ്ടികള്‍ നമുക്കെല്ലാം പരിചിതമാണ്. അതുകൊണ്ട് അവയെക്കുറിച്ചു വിസ്തരിക്കുന്നില്ല.

അന്നത്തെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്ന റോഷനോട് (ഋത്വിക് റോഷന്റെ മുത്തശ്ശന്‍) ലതാ മങ്കേഷ്കര്‍ ഒരിക്കല്‍ പറഞ്ഞു..

"റോഷന്‍ജി, ഒരു പുതിയ സംഗീതസംവിധായകനുണ്ട് - സലില്‍ ചൌധുരി. അദ്ദേഹത്തിന്റെ രീതികള്‍ വളരെ പുതുമയുള്ളതാണ്. എനിക്കൊപ്പം വരൂ, എല്ലാം കണ്ടിട്ടു പോരാം."

റോഷന്‍ സമ്മതിക്കുകയും ഒരു റെക്കോര്‍ഡിംഗ് കാണാന്‍ പോവുകയും ചെയ്തു. മടങ്ങുമ്പോള്‍ അദ്ദേഹം ലതാജിയോടു പറഞ്ഞു.

"അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല!"

അതാണ്‌ സലില്‍ ചൗധുരി.

പാശ്ചാത്യസംഗീതത്തില്‍ മാത്രമല്ല, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ ഫോക്ക് മ്യുസിക്കും അദ്ദേഹത്തിനു നല്ലവണ്ണം വഴങ്ങി. ഇതിന്റെയെല്ലാം ഒരു ബ്ലെണ്ടാണ് സലില്‍ദായുടെ സംഗീതലോകം.

തമാശയായി അദ്ദേഹം മക്കളോടു പറയുമായിരുന്നു...

"ഞാന്‍ മൊസാര്‍ട്ടിന്റെ പുനര്‍ജ്ജന്മമാണ്."

അത് തമാശയായിരിക്കാം. പക്ഷെ അദ്ദേഹം മൊസാര്‍ട്ടിനെ ഹിന്ദിയില്‍ അവതരിപ്പിച്ചു. "ഛായ" എന്ന സിനിമയിലെ "ഇത്നാ ന മുഝ്സെ..." എന്ന ഗാനം മൊസാര്‍ട്ടിന്റെ ഒരു സിംഫണി അദ്ദേഹം പറിച്ചുനട്ടതാണ്. വേണമെങ്കില്‍ കേട്ടുനോക്കുക..

https://youtu.be/ClAXd0itpsA