User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

"ഗരിയ" എന്ന വാക്കുചേര്‍ത്ത് നിരവധി സ്ഥലങ്ങള്‍ കല്‍ക്കത്തയില്‍തന്നെയുണ്ട്‌. ഞാന്‍ താമസിക്കുന്ന ഹിന്ദുസ്ഥാന്‍ പാര്‍ക്ക് ഗരിയാഹട്ടിലാണ്. പിന്നെ ഗരിയയുണ്ട്, ന്യൂ ഗരിയയുണ്ട്. അങ്ങനെ പല ഗരിയകള്‍.. ഗരിയ എന്നത് സ്കോട്ട്ലന്റില്‍ പെണ്‍കുട്ടികളുടെ പേരാണെന്ന് ഗൂഗിള്‍ ഭഗവാന്‍ ഉവാചഃ

അതൊക്കെ പോട്ടെ.. ഇന്നു ഞാന്‍ ഗരിയാഹട്ടില്‍ നിന്നും ഒരാള്‍ക്കൊപ്പം ഗരിയയില്‍ പോയി. കുറെ ചെന്നപ്പോള്‍ ടാക്സി മുന്നോട്ടു പോവുകയില്ല. അവിടെയിറങ്ങി സൈക്കിള്‍ റിക്ഷ പിടിച്ചു.

സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിക്കുന്നത് എന്റെ ആദ്യാനുഭവമല്ല. എഴുപതുകളുടെ തുടക്കത്തില്‍ ഏതാനും മാസങ്ങള്‍ ചാന്ദാ എന്നറിയപ്പെടുന്ന, നാഗ്പൂറിന്റെ സമീപത്തുള്ള ചന്ദ്രപൂറില്‍ താമസിച്ചിട്ടുണ്ട്. അന്നവിടെ ഈ സൈക്കിള്‍ റിക്ഷയായിരുന്നു മുഖ്യവാഹനം. അത് നാല്‍പത്തഞ്ചു വര്ഷം മുമ്പ്.

ലക്ഷ്യസ്ഥാനത്തുനിന്നും മടങ്ങാനും ഈ മയില്‍വാഹനത്തെതന്നെ ആശ്രയിക്കേണ്ടിവന്നു. ആരോഗ്യം തീരെ കമ്മിയായ ഡ്രൈവര്‍സാര്‍ എന്നെയും വച്ച് ഏതാണ്ട് പത്തുമിനിട്ടോളം ചവുട്ടിയപ്പോള്‍ ടാക്സി സ്റ്റാന്‍ഡിലെത്തി. എത്രയായി എന്നു ചോദിച്ചപ്പോള്‍ ഉത്തരം "പതിനാറു രൂപ" ഇരുപതിന്റെ നോട്ട് കൊടുത്ത്, ബാക്കി വച്ചോ എന്നു പറഞ്ഞപ്പോള്‍ ആ സാധുവിന്റെ കണ്ണില്‍ വല്ലാത്ത തിളക്കം.

സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപതു വര്‍ഷങ്ങളാകുന്നു. ഈ പാവങ്ങള്‍ക്ക് എന്തു സ്വാതന്ത്ര്യമാണ് ലഭിച്ചത്?

ശശി തരൂരിന്റെ ഒരു പ്രഭാഷണത്തില്‍ ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയില്‍ വരുമ്പോള്‍ നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളില്‍ ഒന്നായിരുന്നു എന്നു പറയുന്നത് കേട്ടു. ആ സമ്പന്ന ഇന്ത്യയില്‍ എത്രപേര്‍ സമ്പന്നരായിരുന്നു?

മനുഷ്യരെല്ലാം തുല്യരാണത്രേ..

ആ മിഥ്യാസങ്കല്‍പം നല്ലവണ്ണം വിറ്റഴിക്കപ്പെടുന്നുണ്ട്.

മരണശേഷം ദൈവതിരുമുമ്പില്‍ നിങ്ങളെല്ലാം തുല്യരായിരിക്കും എന്നാണു മതങ്ങളുടെ ഭാഷ്യം.

അടുത്ത തലമുറയില്‍ എല്ലാവരും തുല്യരായിരിക്കും എന്ന് മാര്‍ക്സിന്റെ അനുയായികള്‍.

ഓരോ മലയാളിയുടെ ഉപബോധമനസ്സിലും ഒരു കാലത്ത് എല്ലാവരും തുല്യരായിരുന്നു.. "മാനുഷ്യരെല്ലാരും ഒന്നുപോലെ" എന്നൊക്കെയുള്ള ധാരണകള്‍ ഉണ്ട്. അങ്ങനെപാകപ്പെട്ട മണ്ണായതുകൊണ്ടാണ്, മറ്റു സംസ്ഥാനങ്ങളില്‍ വേരുപിടിക്കാത്ത വിപ്ലവപ്പാര്ട്ടി കേരളത്തില്‍ തഴച്ചുവളര്‍ന്നതും, മറ്റുപലയിടത്തും പിഴുതെറിയപ്പെട്ടിട്ടും കേരളത്തില്‍ പ്രത്യയശാസ്ത്രം നെഞ്ചുവിരിച്ചു നില്‍ക്കുന്നതും.

അപ്പോള്‍ മാവേലി നമ്മുടെ നായകനോ വില്ലനോ?

കോണ്ഗ്രസ് ഭരിച്ചു, കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഭരിച്ചു. മമത ഭരിക്കുന്നു. സൈക്കിള്‍ റിക്ഷാക്കാര്‍ ഇന്നും ചവുട്ടുന്നു..

കല്‍ക്കത്തയിലെ സൈക്കിള്‍ റിക്ഷയുടെ എണ്ണം വിചാരിക്കുന്നതിലും വളരെക്കൂടുതലാണ്.