User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഇല്ല, കല്‍ക്കത്തയെക്കുറിച്ച് എഴുതാറായിട്ടില്ല. ബാലാരിഷ്ടതകള്‍ഇനിയും കഴിഞ്ഞിട്ടില്ല. ഒരു സുഹൃത്തിന്റെ സഹായത്താല്‍ ഫ്ലാറ്റൊന്നു സംഘടിപ്പിച്ചു. രണ്ടുദിവസം മുമ്പ് അങ്ങോട്ടു മാറി. നിരത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ പാര്‍ക്ക്. ആ പേരിന് ഒരു "വൌവ് എഫ്ഫെക്റ്റ്‌" ഉണ്ട്.

കാരണം ആ റോഡിലെ ആദ്യ വീട് മുന്‍ മുഖ്യമന്ത്രി, സഖാവ് ജ്യോതിബാസുവിന്റെ സ്വകാര്യവസതിയാണ്. അദ്ദേഹത്തിന്റെ പുത്രന്‍ ഇന്നും അവിടെ താമസിക്കുന്നു എന്നു കേട്ടു. അതിന്റെ എതിരെയുള്ള വീടിന്റെ ഉടമയും മോശക്കാരനല്ല - ഡോ. അമര്‍ത്യാസെന്‍. അദ്ദേഹത്തിന്റെ ഭാര്യ അവിടെ താമസിക്കുന്നു. വാടകയ്ക്കെടുത്ത ഫ്ലാറ്റിനു പ്രദേശത്തിന്റെ പ്രൌഡിയൊന്നുമില്ല. ഒരു ബേസിക്ക് ഫ്ലാറ്റ്. പക്ഷെ, അതിനൊരു മനോഹരമായ പേരുണ്ട് - സ്വപ്നോ ഭൂമി!

അത്യാവശ്യം ക്ലീനിംഗ്, ഷോപ്പിംഗ്, ഒക്കെയായി കഴിയുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ വെറുതെ നടക്കുന്നതൊരു രസംതന്നെയാണ്. ഇടയ്ക്ക് രസകരമായ പലതും കാണും. ഒരു സാരിക്കടയുടെ പേര് - "അപരാജിത." സത്യജിത്റേയുടെ അപുത്രയങ്ങളിലെ അപരാജിതയാണ് ആ പേരിന്റെ പിന്നിലെ പ്രചോദനം എന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. 

തങ്ങളുടെയിടയിലെ മഹാന്മാരെ ബഹുമാനിക്കുകയും, അവരുടെ പേരില്‍ അഭിമാനിക്കുകയും ചെയ്യുന്നവരാണല്ലോ ബംഗാളികള്‍.
നഗരത്തിന്റെ പലയിടങ്ങളിലും ഗ്രാമീണത കാണാന്‍ കഴിയുന്നുണ്ട്. തിരുവനന്തപുരം നഗരത്തിനു കഴിഞ്ഞ മുപ്പതു വര്ഷം കൊണ്ട് നഷ്ടമായ ഗ്രാമീണത ഈ മഹാനഗറിന് ഇന്നുമുണ്ട്.

രാവിലെ ബ്രേക്ക് ഫാസ്റ്റ് പാര്‍സല്‍ വാങ്ങി. മൂന്നു ചപ്പാത്തിയും, ഉരുളക്കിഴങ്ങും പാവക്കയും ഫ്രൈ ചെയ്തത്. വില കേട്ടു ഞെട്ടരുത് - ഇരുപത്തൊന്പതു രൂപ! ഇന്നലെ വാങ്ങിയത് ചാറുള്ള കറി ആയിരുന്നു. അത് തന്നത് ചെറിയ മണ്‍പാത്രത്തില്‍. കോട്ടയം ബി.സി.എം. കോളേജിനോടു ചേര്‍ന്നൊരു ബിരിയാണിക്കടയുണ്ടായിരുന്നു. (ഇന്നുമുണ്ടോ എന്നറിയില്ല). അവിടെ ബിരിയാണി ലഭിച്ചിരുന്നത് മണ്‍കലത്തിലായിരുന്നു. കോട്ടയംകാര്‍ക്ക് അതൊരു അസാധാരണ അനുഭവമായിരുന്നതുകൊണ്ട് എല്ലാവരും അതിനെ കലംബിരിയാണ് എന്നു വിളിച്ചുപോന്നു. കല്‍ക്കത്തക്കാരന് കലം ഒരു പുത്തരിയല്ല. പാതയോരത്തെ ചായ കുഞ്ഞിക്കലത്തിലാണ് ലഭിക്കുന്നത്.
കല്‍ക്കത്ത ശരിയ്ക്കൊന്നു കാണണം. സമയമുണ്ടല്ലോ.