User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

എനിക്കും എന്റെ സ്കൂൾ സമയത്തെ ചില സുഹ്രുത്തുക്കൾക്കും വേഴാമ്പൽ എന്ന പക്ഷിയുടെ പേരു കേട്ടാൽ ഇപ്പോഴും ചിരി വരും. നാൽപ്പത്തിമൂന്നു വർഷം മുൻപ്‌,പത്താം

ക്ലാസ്സ്‌ വിദ്യാഭ്യാസകാലം. എന്റെ ഒരു സുഹ്രുത്തിനു ഒന്നു പ്രേമിക്കാനുള്ള ആഗ്രഹമുണ്ടായി. നായിക നാട്ടുകാരി,ഒരേ സ്കൂൾ. നായകൻ നായികയ്ക് ഒരു കത്തു കൊടുക്കുന്നു. നായിക കത്തു വാങ്ങിയിട്ടു,നേരെ വീട്ടിൽ പോയി സ്വന്തം പിതാവിനെ ഏൽപ്പിക്കുന്നു. അടുത്ത ദിവസം രാവിലെ,നമ്മുടെ നായകൻ,മറുപടിക്കായി കാത്തു നിൽക്കുന്നു. നായിക,ഒന്നു നോക്കുക പോലും ചെയ്യാതെ സ്കൂളിലേയ്കു പോയി. തൊട്ടു പിന്നാലെ,പെണ്ണിന്റെ കാർക്കോടകൻ തന്ത,എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. 'എടാ വേഴാമ്പലിനു പിറന്ന -----മോനേ',എന്നു ആക്രോശിച്ചുകൊണ്ടു നമ്മുടെ നായകനു നേരേ പാഞ്ഞു. നായകൻ ഒറ്റ ഓട്ടം. കാർക്കോടകൻ പിന്നെ ഒന്നും പറയാതെ അവിടെ നിന്നു പോയി.  പിന്നീടു,സമയം കിട്ടിയപ്പോൾ,ഞങ്ങൾ നമ്മുടെ നായകനോടു,ഈ വേഴാമ്പൽ എന്ന വാക്കു അയാൾ പറഞ്ഞതിന്റെ കാരണം തിരക്കി.കാമുകിക്കു എഴുതിയ കത്തിലെ ഒരു ലൈൻ ,"മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ നിന്റെ മറുപടിയ്കായി ഞാൻ കാത്തിരിക്കും". 'നിനക്കു എവിടെ നിന്നു കിട്ടി ഈ വേഴാമ്പലിനെ',ഞങ്ങൾ തിരക്കി. അതു മനോരമ ആഴ്ചപ്പതിലെ തുടർക്കഥയിൽ നിന്നാ.എന്തായാലും ഈ പക്ഷിയെ ഞങ്ങളാരും ഇതുവരെ കണ്ടിട്ടില്ല. നായകനും നായികയും,മക്കളും കൊച്ചുമക്കളുമൊക്കെയായി തിരുവനന്തപുരത്തിന്റെ രണ്ടു ഭാഗങ്ങളിൽ അവരവരുടെ കുടുംബം നോക്കിക്കഴിയുന്നു.

NB. ആളിനെ മനസ്സിലായാൽ പേരെഴുതി ഒരു വൃദ്ധനെ വിഷമിപ്പിക്കരുതു എന്നു അപേക്ഷിച്ചുകൊള്ളുന്നു. കാരണം അദ്ദേഹം ഒരു മാന്യനാണു.