User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

എല്ലാം ഒന്ന് നേരേ ആക്കുവാൻ അവൾ കരുതിയതിൽ എന്താണ് തെറ്റ്?

പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതം ആരാണ് ആഗ്രഹിക്കാത്തത്? ജോലിക്കുള്ള തടസ്സം, വിവാഹ തടസ്സം, തുടങ്ങി എല്ലാ നല്ല കാര്യങ്ങൾക്കും തടസ്സങ്ങൾ. പിന്നെ കുടുംബ കലഹം, രോഗം, മരണം, അപകടങ്ങൾ. ഇതൊക്കെ പോരാഞ്ഞിട്ട് അസൂയക്കാരായ

അയൽക്കാരും. അങ്ങിനെ യാണ് അംഗന മതം മാറാൻ തീരുമാനിച്ചത്. ദുരിതങ്ങളില്ലാത്ത സുഖ സമ്പൂർണമായ ജീവിതം ഇതാ തുടങ്ങുകയായി. കൊതി തീരുംവരെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊണ്ടുള്ള സുഖ ജീവിതം, അതിനു ശേഷം പ്രോമോഷനായി സ്വർഗാരോഹണം. ഇഹത്തെക്കാൾ കേമമായ പരലോക വാസം. ഹാ ഹാ... അല്ലോചിച്ചപ്പോൾ തന്നെ എന്താ അതിന്റെ ഒരു ഇത്!

എങ്കിലും അംഗനക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. മാറുന്നത് പൂർണമായും ദുരിതം തരാത്ത ഒരു മതത്തിലേക്ക് ആയിരിക്കണം. സംഗതി എളുപ്പമാക്കാൻ അംഗന ഒരു പരസ്യം കൊടുത്തു, ദേശീയ പത്രങ്ങളിൽ. അതിപ്രകാരമായിരുന്നു.

"വിശ്വാസികളെ, ഞാൻ മതം മാറാൻ തീരുമാനിച്ചു. താഴെ പറയുന്ന മാനദണ്ഡങ്ങൾ ഉറപ്പു തരുന്ന മതത്തിന്റെ പരിപാലകർ ദയവായി ബന്ധപ്പെടുക.

  • വിശ്വാസികളെ പറ്റിക്കാത്ത മതം.
  • വിശ്വാസികളെ ചൂഷണം ചെയ്യാത്ത മതം.
  • വിശ്വാസികളുടെ ചെലവിൽ ആർഭാട ജീവിതം നയിക്കാത്ത പുരോഹിതരുള്ള മതം.
  • ഇവിടില്ലാത്ത കാര്യം പറഞ്ഞു പേടിപ്പിക്കാത്ത മതം.
  • മനുഷ്യരെ കൊല്ലാത്ത മതം.
  • പെണ്ണിനെ ആണിനോടൊപ്പം നിറുത്തുന്ന മതം.
  • ശിക്ഷിക്കാത്ത ദൈവമുള്ള മതം. 
  • അന്ധവിശ്വാസങ്ങളില്ലാത്ത മതം.

അംഗന കെ മാന്യൻ, ബെഥേൽ ഹൗസ്, ബീമാപ്പള്ളിക്ക് സമീപം, തിരുവനന്തപുരം. "

അംഗന കാത്തിരിക്കുകയാണ് വർഷങ്ങളായി! ഒന്നു സഹായിക്കുമോ?