User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

സ്റ്റീവ് വളരെ അടുത്ത സുഹൃത്താണ്. അതുകൊണ്ടാണ് ക്രിസ്തുമസ്സിന് സ്റ്റീവ് വിളിച്ചപ്പോൾ അവന്റെ കുടുംബ വീട്ടിൽ പോയതും. ഒരു വലിയ കുഡുംബത്തിലെ അംഗമാണ് സ്റ്റീവ്. കുറെ സഹോദരി സഹോദരന്മാരുടെ ഇടക്കെവിടെയോ ആണ് സ്റ്റീവിന്റെ സ്ഥാനം.

കൂട്ടത്തിൽ പെടക്കോഴിയും കോഴിക്കുഞ്ഞുങ്ങളും ഇല്ലാത്തത്‌ സ്റ്റീവിനു മാത്രമാണ്. എൻപത്തി ആറു വയസ്സുള്ള അപ്പനും എണ്‍പത്തി ഏഴു വയസ്സുള്ള അമ്മയും അവരുടെ പല വിവാഹങ്ങളിലെ പിള്ളേരും, പിന്നെ സ്റ്റീവിന്റെ പല ശതമാനത്തിലുള്ള (ചിലത് 100%, ചിലത് 50%, ചിലത് ശതമാന മൊന്നു മില്ല) സഹോദരങ്ങളുടെ പല വിവാഹങ്ങളിലെ പിള്ളേർ. എന്താ കഥ!. (നാട്ടിലാണെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചുളുവിനു ജയിച്ചു നാട്ടുകാരെ ഈസിയായിട്ട് കൊള്ളയടിക്കാം.)

ഉള്ളത് പറയാമല്ലോ ഒരു വെജിറ്റേറിയനായ എനിക്ക് പറ്റിയ ഭക്ഷണമാണ് കിട്ടിയത്. സസ്യാഹാരം മാത്രം കഴിച്ചു വളർന്ന ജന്തുക്കളുടെ ശരീര ഭാഗങ്ങൾ ബേക്ക് ചെയ്തതും, വറുത്തതും, പുഴുങ്ങിയതും മാത്രം. ദഹിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹാരമായി പല തരത്തിലുള്ള ദ്രാവകങ്ങളും ഉണ്ടായിരുന്നു. ഒരു വെജിറ്റേറിയനായിപ്പൊയതു കൊണ്ട് ഞാൻ മുന്തിരി ച്ചാറിലോതുങ്ങി. ആസ്ട്രേലിയക്കാരുടെ 'ജേക്കബ്സ് ക്രീക്ക് - ഷിറാസ് - ചോക ചോകാ എന്ന വൈൻ, സഖാവ് ഇട്ടുപ്പിനെപ്പോലെ എനിക്കും പ്രിയമാണ്.

ജന ബാഹുല്യം കാരണം ലിവിംഗ് റൂമിലെ ക്രിസ്തുമസ്  വൃക്ഷത്തിന്റെ സമീപം സോഫായി ലായിരുന്നു വെളുപ്പാം കാലത്ത് ഉറങ്ങാൻ കിടന്നത്. കെട്ടെല്ലാം വിട്ടു പോയിരുന്നതിനാൽ വീണപ്പോഴേ ഉറങ്ങിപ്പോയി. (അതോ ഉറങ്ങി വീണതാണോ?). പക്ഷെ ആ രാത്രിയിൽ ഞാനത് ഒന്നു കൂടി തെളിയിച്ചു- എന്റെ ഉറക്ക ബോധം. തെറ്റിദ്ധരിക്കണ്ട, ഉറക്കത്തിൽ പണ്ടു മുതലേ എനിക്കു നല്ല ബോധമാണ്. അതുകൊണ്ടാണല്ലോ സ്റ്റീവിന്റെ അപ്പച്ചൻ ആയാസപ്പെട്ട്‌ വിളിച്ചപ്പോൾ ഞാൻ മാത്രം അറിഞ്ഞത്. ലോകം മൊത്തം ഉറങ്ങുകയായിരുന്നു. ഞാനും. പക്ഷെ വിളി കേട്ടുണർന്നതു ഞാൻ മാത്രം. ഒരു തരത്തിൽ സ്റ്റീവിനെ കുലുക്കി ഉണർത്തി അപ്പച്ചന്റെ അടുത്തെത്തിച്ചു. അപ്പച്ചൻ അവിടെയും ഇവിടെയും അല്ലാത്ത അവസ്ഥയിൽ ആയിരുന്നതിനാൽ ഒരു തീരുമാനത്തിനായി ആംബുലൻസു വിളിച്ചു ആശുപത്രിയിൽ എത്തിച്ചു. നാട്ടിലായിരുന്നെങ്കിൽ ഡോക്ടർ വഴക്കു പറയുമായിരുന്നു, എണ്‍പത്താറു കഴിഞ്ഞ അപ്പാപ്പനെ പൂസാക്കിയത്തിനു. സ്റ്റീവിന്റെ അനന്തിരവൻ ഡാനും അവന്റെ പെങ്ങൾ ലിൻഡ യും കൂടി വല്യപ്പച്ചനെ ക്രിസ്തുമസിനു അമിതമായി സ്നേഹിച്ചതാണ് ഈ അവസ്ഥക്ക് കാരണം. പിന്നീടാണ് അറിഞ്ഞത്. പിള്ളേർക്ക് വല്യപ്പച്ചനെ വലിയ കാര്യമാണ്. പിള്ളേർ വെള്ളിയാഴ്ച്ച സായാഹ്നങ്ങളിൽ പബ്ബിൽ പോകുമ്പോൾ കമ്പനിക്കു സ്ഥിരമായി കൊണ്ട് പോകുന്നത് വല്യപ്പച്ചനെയാണ്.

ആരു പറഞ്ഞു പുതിയ തലമുറ പ്രായമുള്ളവരെ പരിഗണിക്കുന്നില്ലെന്ന്?