User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ചൈനാക്കാർ 2000 വർഷം മുമ്പു മുതൽ നൂഡിൽസ് കഴിച്ചുതുടങ്ങി എന്നു പറയപ്പെടുന്നു. ചീനൻ ഗോതമ്പു കൊണ്ടു നൂലുണ്ടാക്കിയപ്പോൾ, അതേ കാലഘട്ടത്തിൽ തന്നെ നമ്മൾ തമിഴ്-മലയാളികൾ അരികൊണ്ടു നൂലുണ്ടാക്കി. സംഘകാല കൃതികളിൽ ഇടിയപ്പമുണ്ടെന്നു പറയപ്പെടുന്നു (ഞാൻ വായിച്ചിട്ടില്ല). എന്തായാലും ഇന്നലെ കാവ്യ നൂഡിൽസ് ഉണ്ടാക്കി. റൈസ് ന്യൂഡിൽസ് ആണ് ഉപയോഗിച്ചത്. കാപ്സിക്കവും, കുമിളും ഒക്കെ പരിചയമുള്ള ഘടകങ്ങൾ ആണെങ്കിലും പുറം മൊരിഞ്ഞ ചതുരക്കട്ടകൾ കണ്ടപ്പോൾ പനീർ ആണോ എന്ന് സംശയിച്ചു. അതു ടോഫു (Tofu) ആണെന്നും, വിശിഷ്യാ 'smoked Tofu' ആണെന്നും വിളംബരം ഉണ്ടായി. പാലിൽ നിന്നും ചീസ് ഉണ്ടാക്കുന്നതുപോലെ, സോയാ പാലിൽ നിന്നും ഉണ്ടാക്കുന്നതാണ് Tofu. മുൻപു കഴിച്ചിട്ടുണ്ടെങ്കിലും ഈ പുകച്ച ടോഫു ആദ്യമായിട്ടായിരുന്നു. സംഭവം ഗംഭീരമാണെന്നു പറഞ്ഞു. (അതു പിന്നെ അങ്ങിനെ വേണമല്ലോ?). അവളെ ഞെട്ടിക്കാനായി എന്റെ ചെറുപ്പത്തിൽ എന്റെ അമ്മ ചിലപ്പോൾ ഇതേപോലെയുള്ള smoked preparations ഉണ്ടാക്കിത്തരുമായിരുന്നു എന്നു പറഞ്ഞു. എന്റെ തലമുറയിൽ പെട്ടവർ എല്ലാവരും തന്നെ അവരുടെ ചെറുപ്പത്തിൽ ഇത്തരം വിശിഷ്ട സാധനങ്ങൾ കഴിച്ചിട്ടുണ്ടായിരിക്കും.

ഭൂമിയിൽ ഗ്യാസു കുറ്റികളുടെ പിറവിക്കു മുൻപുള്ള സുന്ദരമായ കാലം. അടുക്കളയിൽ വിറകുതന്നെ ആയിരുന്നു താരം. മണ്ണെണ്ണയും, അറക്കപ്പൊടിയും ഉപയോഗിക്കപ്പെട്ടിരുന്നു. എല്ലാ ദിവസവും അടുക്കളയിൽ ചായയോടു കൂടി പാചകം തുടങ്ങും. എന്തിനാണ് ഈ കലക്കവെള്ളം തീരെ ചെറുപ്പത്തിലേ കുടിപ്പിച്ചു തുടങ്ങിയത് എന്നെനിക്കു ഇപ്പോഴും പിടികിട്ടിയിട്ടില്ല. ആന്റി ഓക്സിഡണ്ടിന്റെ പീസുകൾ വല്ലതും ഉള്ളിൽ ചെന്ന് ഇത്തിരി ഉഷാർ ആയിക്കോട്ടെന്നു അമ്മച്ചി കരുതിക്കാണും. പനി വരുമ്പോൾ കഷായം കുടിക്കാൻ എനിക്കു വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷെ കാലത്തുള്ള ചായ!...

ഇങ്ങനെയുള്ള ചായയിൽ ആണ് അമ്മച്ചി ചിലപ്പോൾ mokey flavour ചേർത്തിരുന്നത്. മിക്കവാറും രാത്രി മഴ പെയ്തിരുന്നെങ്കിൽ, രാവിലെ സ്മോക്കി ഫ്ലേവർ ടി കിട്ടിയിരിക്കും. എന്താ കാലം!