User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

എന്റെ കുട്ടിക്കാലത്തു, ഞങ്ങളുടെ നാട്ടിൽ നിന്നു അന്നത്തെ ചില ചെറുപ്പക്കാർ നാടുവിട്ടു പോയിരുന്നു. അവരിൽ പലരും തിരികെ വന്നിട്ടുണ്ട്, വരാത്തവരും ഉണ്ട്. അന്ന് അവരൊക്കെ ചെന്നെത്തിയ വിദേശ രാജ്യങ്ങളുടെ പേരുകൾ കേട്ടു ഞാൻ അത്ഭുതപരതന്ത്രനായി നിന്നിട്ടുണ്ട്. ചിലരൊക്കെ നെടുമങ്ങാട്‌, അരുവിക്കര, തൊളിക്കോടു തുടങ്ങിയ വിദേശരാജ്യങ്ങളിലെത്തിയപ്പോൾ, മറ്റു ചിലരൊക്കെ കൊല്ലം പോലുള്ള അന്യ ഭൂഖണ്ഢത്തിൽ വരെ ചെന്നെത്തി. തിരികെ വന്ന ചിലർ പാൻന്റും ഷർട്ടുമിട്ടാണു വന്നതു. പൊലീസുകാർ പോലും നിക്കറിട്ടു നടക്കുന്ന അക്കാലത്തു സ്വന്തമായി പാന്റ്സ്‌ ഉള്ളവരുടെ ചുറ്റുപാടിൽ, ഞങ്ങൾ കുട്ടികൾ അസൂയ പൂണ്ടു. പാറശാല, തൊടുവെട്ടി തുടങ്ങിയ മഹാരാജ്യങ്ങളിൽ ഒന്നോ രണ്ടോ മാസം നിന്നിട്ടു തിരികെ വന്നചിലർ, തമിഴ്‌ പറയുന്നതു കേട്ടു ഞങ്ങൾ കുട്ടികൾ അന്തം വിട്ടു. Food industry(ചായക്കട എന്നും പറയും)യിൽ ഉദ്യോഗം ലഭിച്ച ഇവരെല്ലാം എത്ര ഭാഗ്യവാന്മാർ എന്നോർത്തു. നാടുവിട്ടല്ലെങ്കിലും ഈ വിദേശ രാജ്യങ്ങൾ സന്ദർശ്ശിക്കാൻ അക്കാലത്തു വലിയ ആഗ്രഹമായിരുന്നു.