User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

സ്‌കൂളിൽ പഠിക്കുന്ന കാലം. ഒരിക്കൽ കൂട്ടുകാരി അനിത ഉച്ചയ്ക്കു കഴിക്കാനുള്ള ചോറിനോടൊപ്പം മുട്ട പൊരിച്ചതു കൊണ്ടുവന്നു. അവളതു വലിയ അഭിമാനത്തോടെ എനിക്കും കൂടി ഷെയർ ചെയ്തു. മുട്ട പൊരിച്ചത് കണ്ടൊപ്പോഴേ എനിക്കിഷ്ടപ്പെട്ടു. വെളുത്ത ചോറിനു മുകളിൽ സൂര്യകാന്തി വിരിഞ്ഞതു പോലെ നല്ല മഞ്ഞക്കളറിൽ മുട്ട പൊരിച്ചതു പരിലസിച്ചു. എന്റെ വായിൽ വെള്ളമൂറി. എന്റെ വീട്ടിൽ മുട്ട പൊരിച്ചാൽ കുറെ ഇടത്തു വെള്ള കളർ കാണും. നടുക്കു മഞ്ഞയും. ഞാൻ ആലോചിച്ചു ' ഇതെന്താപ്പാ ഇങ്ങനെ?' അവൾ പറഞ്ഞു. "നിനക്കറിയാമോ മുട്ട പൊരിച്ചതു ഞാനാ. അമ്മയും അച്ഛനും കൂടി വെളുപ്പിനെ ഒരു കല്യാണത്തിനു പോയി. അമ്മ ചോറു വച്ചിരുന്നു. ഞാൻ മുട്ടയും പൊരിച്ചു."

മുട്ട വായിൽ വച്ചപ്പോൾ മുതൽ എന്തോ ഒരു പന്തികേടു തോന്നി. സംഗതി താഴോട്ടു പോകുന്നില്ല. ഒരുമാതിരി വല്ലാത്ത രുചി. ഞാൻ ചോദിച്ചു
"എടി നീ എങ്ങനാ ഇതുണ്ടാക്കിയത്? നല്ല രുചി അതുകൊണ്ടു ചോദിച്ചതാ"

അനിത പറഞ്ഞു
" ഇവൾക്കൊന്നും അറിയത്തില്ല"
മുട്ട രണ്ടെണ്ണം ഒരു പാത്രത്തിലോട്ട് പൊട്ടിച്ചിടണം. കുറച്ചു ഉള്ളിയും, കറിവേപ്പിലയും ഇടണം. പിന്നെ മഞ്ഞ കളർ കിട്ടാൻ കുറച്ചു മഞ്ഞപ്പൊടിയും"

സംശയ നിവാരണത്തിനായി ഞാൻ ഒന്നു കൂടി ചോദിച്ചു
" അവസാനം എന്താ ചേർത്ത്"

അവൾ പറഞ്ഞു
"മഞ്ഞൾപ്പൊടി"

"ങാ, ഇപ്പം പിടികിട്ടി. സൂര്യകാന്തിയുടെ ഗുട്ടൻസ്"