User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

അതെ. സത്യമാണു പറയുന്നത്. ഞാൻ അവതരിക്കും മുൻപേ അദ്ദേഹം അതുപേക്ഷിച്ചിരുന്നതിനാൽ വാഹനം കണ്ട ഓർമ്മകൾ എനിക്കില്ല. "എങ്കിലും", പണ്ടു ഗലീലിയോ കുമ്പസാരത്തിനു ശേഷം ഭൂമിയെക്കുറിച്ചു രഹസ്യമായി ഉരുവിട്ടതുപോലെ "അതു കറങ്ങിക്കൊണ്ടിരുന്നു".  

മനുഷ്യർ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ വാഹനം ഏതെന്നു ചോദിച്ചാൽ എന്റെ തലമുറക്കാർ പറയും കമുകിൻ പോളയെന്ന്. ഞങ്ങളുടെ കുട്ടിക്കാലത്തു അങ്ങിനെയും ഒരു വാഹനം ഉണ്ടായിരുന്നു. കൂടുതൽ യാത്ര ചെയ്‌താൽ യാതക്കാരുടെ ചില ഇടങ്ങളിൽ പരുക്കു പറ്റുന്ന വാഹനം. 

വെള്ളത്തിൽ വീണ മരങ്ങൾ തന്നെ ആയിരിക്കാം ആദ്യ വാഹനം. മരക്കഷണങ്ങൾ കൂട്ടിക്കെട്ടിയ ചങ്ങാടവും, പിന്നീട് മരം തുരന്നു മാറ്റി ആദ്യത്തെ വള്ളവും ഉണ്ടാക്കിയിരിക്കാം. പന്തീരായിരത്തോളം വർഷങ്ങൾ പഴക്കമുള്ള മരത്തിലുള്ള  വള്ളത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പിന്നീട് വാഹനങ്ങൾ എത്രയോ പുരോഗമിച്ചു. ഡ്രൈവർ ഇല്ലാതെ ശൂന്യാകാശത്തോട്ടു റോക്കറ്റു വിട്ട ശേഷമാണ് ഡ്രൈവർ ഇല്ലാത്ത കാറുകൾ നിരത്തിൽ ഇറങ്ങിയത് എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു. 

ദിനംപ്രതി വർദ്ധിച്ചു വരുന്ന വാഹനനിര അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. ഇതു മുന്നിൽ കണ്ടുകൊണ്ടാകാം ക്രാന്തദർശിയായ വല്യച്ചാച്ചൻ ഫോസിൽ ഫ്യൂവൽ ഉപയോഗിച്ചിരുന്നില്ല. പകരം കാളകൾ ആയിരുന്നു വണ്ടി വലിച്ചത്. വല്യച്ചാച്ചൻ ആരായിരുന്നു മോൻ?