User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

അപ്പോഴേക്കും അപ്പൂപ്പന്റെ  നവതി ആഘോഷം സമാപിച്ചിരുന്നു. വിരുന്നുകാർ യാത്ര പറഞ്ഞു പിരിഞ്ഞു. കസേരകൾ പഴയ സ്ഥാനങ്ങളിലേക്ക്, പാത്രങ്ങൾ അലമാരയിലേക്ക്, വൃത്തികേടായ വിരിപ്പുകൾ വാഷിങ് മെഷീനിലേക്ക്; അങ്ങിനെ വീട്ടുകാർ 'എല്ലാം പഴയപടി' ആക്കിത്തീർക്കാൻ പ്രയത്നിക്കുന്നു. അതിനിടയിൽ കൊച്ചുമകൻ വേണു

അപ്പൂപ്പനെ തിരക്കി.  അപ്പൂപ്പന്റെ മുറിയിൽ കണ്ടില്ല. പൂജാ മുറിയിലും, ബാത്ത് റൂമിലും കണ്ടില്ല. ടെലിവിഷന്റെ മുന്നിലും കണ്ടില്ല. അമ്മയോട് തിരക്കി "അമ്മെ അപ്പുപ്പനെവിടെ?". അമ്മ പറഞ്ഞു "നീ അമ്മൂമ്മയോടു ചോദിച്ചാട്ടെ". വേണു  അമ്മൂമ്മയോടു ചോദിച്ചു. അമ്മൂമ്മ പറഞ്ഞു "മോൻ ചെന്ന് മുറ്റത്തെ തെങ്ങേൽ നോക്ക്. അതേക്കാണും". വേണു മുറ്റത്തിറങ്ങി മുകളിലേക്ക് നോക്കി. അതാ തെങ്ങിനെ മോളിൽ ഇരിക്കുന്നു ശങ്കരൻ അപ്പൂപ്പൻ...

 

അകത്തു നിന്നും അമ്മൂമ്മ പറയുന്നത് മുറ്റത്തേയ്ക്ക് ഒഴുകി വന്നു. "കല്യാണം കഴിഞ്ഞ  നാൾ മുതൽ  ഞാൻ ശ്രമിക്കുന്നതാ ഈ മനുഷ്യനെ  ഒന്നു മാറ്റിയെടുക്കാൻ."

 

അതുകേട്ടു കിഴക്കേ മുറിയിൽ നിന്നും ശങ്കരൻ അപ്പൂപ്പന്റെ അമ്മ പിറുപിറുത്തു. "പെണ്ണു കെട്ടിയ നാളു മുതൽ അവൻ എത്ര നോക്കിയതാ നിന്നെ ഒന്നു മാറ്റിയെടുക്കാൻ!"

 

ഇതുകേട്ട് കൂട്ടിൽ കിടന്ന ടൈഗറിനു ചിരിവന്നു. അവൻ തന്റെ വളഞ്ഞ വാലിലേക്കു തിരിഞ്ഞു നോക്കി ഒന്നു പൊട്ടിച്ചിരിച്ചു.