User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

അടഞ്ഞ വാതായന പാളിയിൽ വൃഥാ 
വരച്ചു ചേർക്കട്ടെ തുറന്ന ജാലകം;

അതിന്റെ സ്വാതന്ത്ര്യ മരീചി കണ്ടൊരെൻ 
വരണ്ട നേത്രങ്ങൾ തളർച്ച നീക്കുമോ?

ഉടഞ്ഞ ശംഖിന്റെ നിറങ്ങൾ കൊണ്ടൊരീ 
വസന്ത ചിത്രങ്ങൾ വരച്ചിടട്ടെ ഞാൻ;
ചുരത്തി നിൽക്കുന്ന നനഞ്ഞ മണ്ണിനെ 
മുറിച്ചു പൊന്തുന്നൊരിരുട്ടു ഭിത്തിയിൽ!

അഴിച്ചിടും തോറുമടഞ്ഞു കൂടുമീ 
കുരുക്കിനുള്ളിൽ ക്ഷണ ഭോഗ തൃഷ്ണകൾ, 
പളുങ്കു തേരേറി അണഞ്ഞിടുന്നിതാ;
മറുത്തു പോകാനിടമില്ലെനിക്കു മേൽ. 

വരിഷ്ഠ വ്യോമാരുണ രാഗ വീചികൾ 
വിരക്തമാക്കുന്ന തമോ ഗളങ്ങളിൽ 
ഒഴിക്കുവാനിറ്റു മണൽ പിഴിഞ്ഞു ഞാൻ;
ഇരുട്ടു കൊണ്ടോട്ട അടച്ചു ഭംഗിയിൽ.

അടർന്നു വീഴുന്ന ദലങ്ങളായ് ദിനം 
പ്രപഞ്ച കല്ലോല തരംഗ ലീലയിൽ 
ഉയർന്നു താഴുന്നു, മറഞ്ഞിടുന്നുവോ 
തിരിഞ്ഞു നോക്കാതെ പ്രഹേളിയിൽ ദ്രുതം?

തിരിഞ്ഞു നോക്കില്ല, തകർന്നു വീഴുന്ന 
തരുക്കളിൽ, ശാദ്വല ഭംഗിയിൽ, നിലാ 
വൊഴിഞ്ഞു പോകുന്ന വിഹായ വീഥിയിൽ 
ഉദിച്ചു പൊന്തുന്ന പ്രഭാത രശ്‌മിയെ.