User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഒരുത്തി ഉപേക്ഷിച്ച ദുഖത്തില്‍
സ്വയം ഉപേക്ഷിച്ച ചിലരുണ്ട്
ഇവരെ നിങ്ങള്‍ കവികള്‍
എന്ന് തെറ്റിദ്ധരിക്കല്ലേ


യാത്ര മുടക്കുമെന്ന് കരുതി
ഒരു മഴയെയും ഇവര്‍ ശപിക്കാറില്ല

ഒരു കാറ്റിനും ഇവര്ക്കില്ലാത്ത
വീടുകള്‍ തകര്‍ക്കാനാവില്ല


മനുഷ്യര്‍ മാത്രം ഉപേക്ഷിച്ച
ഇവരെ പ്രകൃതി നെഞ്ചോട്‌ ചേര്‍ക്കുന്നു
തെരുവുകള്‍ ഇവര്‍ക്ക് വീടൊരുക്കുന്നു
പക്ഷികള്‍ ഇവര്‍ക്കായി പാടുന്നു
വൃക്ഷങ്ങള്‍ ഫലമൊരുക്കുന്നു


ഇത്രയെറെ നിസ്സാരമാണ് ജീവിത-
മെന്ന് ഇവര്‍ കാണിച്ചു തരുന്നു


ഇവര്‍ക്ക് ഒരു നേരം
ഭക്ഷണം കൊടുത്ത് നിങ്ങളില്‍
ഇവര്‍ കാരുണ്യം നിറക്കുന്നു


കാഴ്ച്ചയില്‍ ഒറ്റയാണെങ്കിലും
ഇവര്‍ സ്മൃതിയിലേവിടെയോ
കൊക്കുരുമ്മുന്ന രണ്ടു
കിളികളായിരിക്കും


വരണ്ട ചുണ്ടുകള്‍ക്കിടയില്‍
കാണും കുരുങ്ങിപ്പോയ ഏതോ
നോവ്‌പാട്ടിന്‍റെ ഈരടികള്‍
ഇന്ദള രാഗത്തിലായിരിക്കും
ഇവരുടെ പാട്ടിന്‍റെ ഈണമെല്ലാം


ഗഗന നീലിമയിൽ മൂകരാഗമായ്
പെയ്യാന്‍ വിധുമ്പി തനിച്ചായവര്‍
അഴലിന്‍റെ ആഴിമുഖത്ത്
നോവിന്‍റെ തിരയെണ്ണി
തീരമായ് ഒറ്റപ്പെട്ടവര്‍


രാവിൻ നീല കലികയിൽ
കത്തിയമരുന്ന ഏക ദീപമായവര്‍
വിമൂക ശോക സ്മൃതികള്‍
മാത്രം മൂളുന്ന തന്ത്രികളായവര്‍

 

നഷ്ടപ്പെട്ട ഒന്നിനെ ഓര്‍ത്ത്‌
ജീവിതം നഷ്ടമാക്കുന്നവര്‍
ഇവരെ നമ്മള്‍ അനശ്വര കാമുകന്മാര്‍
എന്നല്ലാതെ എന്ത് വിളിക്കും ?