User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 


യുദ്ധങ്ങളൊഴിഞ്ഞുള്ള കാലവും തിരക്കി ഞാൻ 
ചക്രവാളത്തിൻ ചോട്ടിൽ വൃദ്ധനായിരിക്കുന്നു. 
താളുകൾ മറിക്കുന്നു, രക്ത പങ്കിലമായ 
'ഹിസ്‌'  'സ്റ്റോറി' ഗ്രന്ഥത്തിങ്കൽ സൂക്ഷ്മ ദർശിനിയുമായി.

എത്രയോ കാലങ്ങളായ്  കൊതിപ്പൂ ധരണിയിൽ 
നഗ്ന പാദനായൊട്ടു നടന്നു കണ്ടീടുവാൻ.
മർത്ത്യ ചേതനയോഴുക്കിയ ചോരയിൽ ചവിട്ടാതെ 
ഒട്ടു പോകുവാൻ മാത്രം ഇത്രമേൽ വൈകിപ്പോയി! 

എത്രയോ മന്വന്തര സാന്ധ്യകൾ ചുവപ്പിച്ചു 
മർത്ത്യ രക്തം കൊണ്ടു  ചാലിച്ച സമസ്യകൾ.
എത്രയോ പ്രഭാതങ്ങൾ ഉറക്ക മുണർന്നതു
മർത്ത്യ രക്തത്തിൽ പൂത്ത ചെമ്പനീർ പുഷ്പങ്ങളിൽ.

മാനവ ചരിത്രത്തി ന്നേടുകൾ ചമച്ചതു 
സോദര രക്തം കൊണ്ടു മാത്രമാണിന്നേവരെ.
പർവ്വങ്ങൾ, അഹങ്കാര യുദ്ധ കാണ്ഡങ്ങൾ കട-
ന്നെന്റെ വെള്ളരി പ്രാവിന്നാൾ ഒലിവിൽ തൂങ്ങിച്ചത്തു.

നാളേക്കു നോക്കും ദൂര ദർശിനി ഉണ്ടു കയ്യിൽ 
കാണുന്നു യുദ്ധങ്ങളൊഴിഞ്ഞൊരു മഹാദിനം.
യുദ്ധങ്ങളെല്ലാം തീർത്ത യുദ്ധത്തിന്നോടുവിലായ് 
സ്വഛമാനസയായി മാറിയോ സർവ്വംസഹ?

സാഗര തീരങ്ങളെ കസവിട്ടുടുപ്പിച്ചു 
പാവന ധരിത്രിയെ  വീശുന്നു മന്ദാനിലൻ.
(കാഴ്ച്ച മങ്ങുന്നോ ചില്ലു  കൂട്ടിലേക്കെത്തും നേത്ര 
പാളിയിലാനന്ദാശ്രു തിമിരം തീർക്കുന്നുവോ?)

സ്പോടനമില്ല ആർത്ത നാദങ്ങളില്ല ക്ഷുത്തിൻ   
പീഡയിൽ വിലപിക്കും കുഞ്ഞു ദേഹങ്ങളുമില്ല.
നീല വിസ്മയമായ ഭൂമിയിൽ കാണുന്നില്ല 
കേവലമൊരു കുഞ്ഞു ജീവന്റെ കണികയും!

തോക്കിലൂടെത്തും ശാന്തി കാത്തിരിക്കുന്നു താടി 
നീട്ടി ഞാനിരിക്കുന്നു ബോധി വൃക്ഷത്തിൻ ചോട്ടിൽ!