User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

നടുരാത്രി
അപ്പന്റെ വിരലിൽ തൂങ്ങി
കുഞ്ഞി കാലടി
തത്തി തത്തി
ഒരു വാവ
നടക്കാൻ പഠിക്കുന്നു.
ആകാശവും നക്ഷത്രങ്ങളും
കൂടെ തത്തുന്നു.

ഇടക്കിടെ
ഞാനിപ്പോ വീഴുവേ
പിടിച്ചോണേ
എന്നു വീഴാനായുന്നു.
എട്ടടിവെച്ചു
മുട്ടും കുത്തിവീഴുമ്പോൾ
ആകാശവും നക്ഷത്രങ്ങളും
ആരും കണ്ടില്ലെന്നമട്ടിൽ
നോട്ടം മാറ്റുന്നു.
മുട്ടുപൊട്ടിക്കാതെ മണ്ണു
അച്ചോടാ വാവേ
എന്നൊരുമ്മ കൊടുക്കുന്നു.

കുഞ്ഞു
നടക്കാൻ പഠിക്കുന്നതു കണ്ടു
ദൈവമൊരു
കവിതയെഴുതുന്നു.
അപ്പോൾ ഞാനാരണെന്നല്ലേ.?
മണ്ണിൽ
കാലടി കൊണ്ടു
കവിതയെഴുതുന്നയാ
കുഞ്ഞാണു ഞാൻ
വീഴുമ്പോൾ കൂടെ
വീഴുന്നയാ
അപ്പനും.