User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 


കടലു വന്നെന്റെ കൂര പൊളിച്ചപ്പോൾ
തിരകൾ ശാന്തമാക്കീലിന്റെ പാതിരി

ദുരിത കാലത്തു പ്രാർഥനകൊണ്ടെന്റെ
വയറു തെല്ലും നിറച്ചീല പാതിരി 
കരിപിടിച്ചെന്റെ ജീവിതം ഉരുകവേ
അരമനയിൽ സുഖിച്ചെന്റെ പാതിരി
പനിപിടിച്ചു പണിക്കു പോകാഞ്ഞപ്പോൾ
കനിവു കാട്ടീല വൈദ്യനാം പാതിരി
മെഴുതിരി പോലെ ഞാനുരുകീടവേ
പഴയ വീഞ്ഞു കുടിച്ചെന്റെ പാതിരി

 

വഞ്ചിവാങ്ങാൻ പണത്തിനു കേണപ്പോൾ
വഞ്ചിയിൽ പണം വാങ്ങി തിരുമേനി
അഞ്ചു നേരവും പ്രാർഥിച്ചു നേർന്നിട്ടും
നഞ്ചു പോലും തടഞ്ഞീല തമ്പ്രാനെ 
ശത്രു സംഹാര പൂജ കഴിച്ചിട്ടും
മുട്ടി ഓതി ഞാൻ മക്കയിൽ പോയിട്ടും
പുണ്യ ഗംഗയിൽ മുങ്ങി നിവർന്നിട്ടും
കഷ്ടമൊട്ടും കുറഞ്ഞില്ല മാളോരേ

 

ഒട്ടുമൊന്നും നടന്നില്ല എങ്കിലും
കഷ്ടതകൾ അകന്നില്ല എങ്കിലും
പുട്ടടിച്ചു പഹയന്മാരെങ്കിലും
കട്ടിലൊന്നു തരപ്പെട്ടു സ്വർഗത്തിൽ.