User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

കാലത്തെഴുന്നേൽക്കുമ്പോളേ
തലേ രാത്രിയിലെ 
വളിച്ചതും പുളിച്ചതുമായ 
സകലമാന സങ്കടങ്ങളെയും 
ആവലാതികളെയും 
അടുക്കളവാതിൽ തുറന്ന്
തെങ്ങിൻ ചോട്ടിലേക്ക്
വലിച്ചെറിയുന്ന 
പെണ്ണുങ്ങളുണ്ട്.

മധുരമിടാൻ മറന്ന 
കടും കാപ്പിയുടെ 
പുറകിലൊളിച്ച്
കണ്ണുകളിലപ്പോളും
അള്ളിപ്പിടിച്ചിരിക്കുന്നൊരു 
ഉറക്കത്തെയവർ
നാട് കടത്തും.

ഓരോ തിളയിലും
വെന്ത് പാകമാവുന്ന 
സ്വപ്നങ്ങളെ 
ഊറ്റിയെടുത്ത്,
ഓരോ കടുകിൻ
പൊട്ടിച്ചിതറിലിലും 
ഞെട്ടിത്തെറിച്ച്,
ഒരു നുള്ളു ഉപ്പു കൂട്ടി 
ജീവിതത്തിന്റെ 
എരിവും പുളിയും 
ഇനിയുമെങ്ങനെ 
പാകമാക്കുമെന്ന 
രസതന്ത്രത്തിന്റെ 
വിസിൽ വിളികൾക്കവർ
കാത് കൂർപ്പിക്കുന്നത്
കണ്ടിട്ടുണ്ടോ ?

കയ്പ്പും ചവർപ്പും മാത്രം 
എത്ര പറഞ്ഞാലുമവരുടെ
വരുതിക്ക് നിൽക്കാറില്ല . 
വെയിലത്തുണക്കാൻ
തൊടിയിലിട്ടാലും 
മഴ വരുന്നെയെന്ന
ഒറ്റ വിളിയിൽ 
സാരിത്തുമ്പിലെ
പൊതിഞ്ഞു പിടിക്കലായ് 
വീണ്ടും ജീവിതത്തിലേക്ക്
ഓടി കയറും.

കാര്യങ്ങൾ അറിയാഞ്ഞിട്ടും 
തിരിയാഞ്ഞിട്ടൊന്നുമല്ല 
ചില പെണ്ണുങ്ങളിങ്ങനെയാണ്. 
എല്ലാം വലിച്ചെറിയുന്ന 
തെങ്ങിൻ ചുവടുകളുണ്ടെങ്കിലും 
ഓർമ്മകളുടെ 
പൊട്ടും പൊടിയും തേടി 
വീണ്ടും വീണ്ടുമവർ
മണ്ണ് മാന്തി കൊണ്ടേയിരിക്കും .