User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

എത്ര ആകാശങ്ങളാണ് 
നമുക്കു മുന്നിൽ 
തകർന്ന് വീണിട്ടുള്ളത്. 
പെരുവിരൽ കുത്തിയും 
ചാഞ്ഞ മരത്തിന്റെ 
കാണാക്കൊമ്പിൽ
എത്തിവലിഞ്ഞും 

നീ വീണ്ടും വരയ്ക്കുന്ന 
നീലാകാശങ്ങളിൽ
ഞാൻ കാണാത്ത 
എത്രയെത്ര 
വിസ്മയങ്ങളാണിനിയും. 
വാക്കിന്റെ 
പൂമരങ്ങൾക്കൊണ്ട്
അതിരുകൾ കെട്ടി 
നോവിന്റെ 
മഴമേഘങ്ങളാലൊരു 
കൂര മെനഞ്ഞു 
കാറ്റിനെയും 
വെയിലിനെയും 
മുറ്റത്ത് വിരിച്ച്‌
നിലാവേ .. നക്ഷത്രമേ 
എന്ന് പാടുന്നൊരു 
കിളിയെ കൂട്ടിലിട്ട്, 
ഹാ ജീവിതമേ 
സന്തോഷപ്പൂത്തിരികളെ 
ഞങ്ങളിൽ 
നിറയ്ക്കണമേയെന്ന
പ്രാർത്ഥനയും 
ലുത്തീനിയയും 
മുട്ടേൽ നിന്ന് ചൊല്ലി
നമുക്കെന്നും 
ഉറങ്ങാൻ പോണം.

സൂക്ഷിക്കുക! 
തകർന്ന് വീണ 
ആകാശങ്ങളുടെ 
കുപ്പിച്ചില്ലുകൾ 
ഉണ്ടെന്ന ഫലകം മാത്രം
എവിടെ തൂക്കണം
എന്നോർത്ത്‌
ഉറക്കത്തിലെപ്പോളോ ഞാൻ
ഞെട്ടിയുണരുന്നുണ്ടായിരുന്നു.