User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

അടച്ചു പൂട്ടിയ 
വീട്ടിനുള്ളിൽ നിന്നും 
വെറുതെ കാറ്റ് കൊള്ളാൻ 
പുറത്തിറങ്ങുന്ന 
ഒരുവളെപ്പോലെ 
അത്രയ്ക്കും ലളിതമായി ,
തോന്നുമ്പോളും 
തോന്നാത്തപ്പോളുമൊക്കെ 
കരഞ്ഞിരുന്നവളായിരുന്നു .

ഇന്നിപ്പോൾ 
മാസങ്ങളോളം നീണ്ട 
കാറ്റും കോളും നിറഞ്ഞ 
കടൽ യാത്രയിൽ നിന്നും 
കരയെത്താൻ 
നോക്കിയിരിക്കുന്ന 
നാവികനെപ്പോലെ 
കരച്ചിലിന്റെ 
ഒരു പൊട്ടിനായ് 
അക്ഷമയോടെ 
കാത്തിരുന്ന് 
മടുത്ത് പോകുന്നു .

കരയാതെ കരയാതെ 
കനം വെച്ച് പോയൊരു 
കരച്ചിലിനെ 
കുതിർത്ത് വയ്ക്കാൻ 
നാളെയെങ്കിലും 
ഒരിടം തിരയണമെന്നോർത്ത്‌ 
ഉറങ്ങാൻ കിടക്കുന്നു .

ഈയിടെയായി , 
കരയാൻ അത്ര എളുപ്പമൊന്നുമല്ലന്നേ..